ഇന്ത്യയിലെയും അമേരിക്കയിലെയും സമരങ്ങള്‍ തമ്മില്‍ വ്യത്യാസമുണ്ട്; അവിടെ വീട് തകര്‍ക്കപ്പെടുമെന്നോ അറസ്റ്റിലാകുമെന്നോ കൊല്ലപ്പെടുമെന്നോ പേടിക്കേണ്ടതില്ല: മാധ്യമപ്രവര്‍ത്തകന്‍ ജി. സമ്പത്ത്
World News
ഇന്ത്യയിലെയും അമേരിക്കയിലെയും സമരങ്ങള്‍ തമ്മില്‍ വ്യത്യാസമുണ്ട്; അവിടെ വീട് തകര്‍ക്കപ്പെടുമെന്നോ അറസ്റ്റിലാകുമെന്നോ കൊല്ലപ്പെടുമെന്നോ പേടിക്കേണ്ടതില്ല: മാധ്യമപ്രവര്‍ത്തകന്‍ ജി. സമ്പത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 29th June 2022, 12:45 pm

ഗര്‍ഭഛിദ്രം ഭരണഘടനാപരമായ അവകാശമല്ല എന്ന അമേരിക്കന്‍ സുപ്രീംകോടതിയുടെ വിധി വിവാദമായിരുന്നു. ഇതിന് പിന്നാലെ യു.എസിനകത്തും പുറത്തും വിധിക്കെതിരെ വ്യാപക പ്രതിഷേധങ്ങളാണ് ഉയരുന്നത്.

പ്രസിഡന്റിന്റെ വസതിയായ വൈറ്റ്ഹൗസിനും സുപ്രീംകോടതിക്കും മുന്നില്‍ വരെ പ്രതിഷേധക്കാര്‍ പ്ലക്കാര്‍ഡുകളുമേന്തി സമരം ചെയ്യുന്നുണ്ട്.

അമേരിക്കയില്‍ നടക്കുന്ന പ്രതിഷേധസമരങ്ങളെയും ഇന്ത്യയിലെ സമരങ്ങളെയും താരതമ്യം ചെയ്തുകൊണ്ട് മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ജി. സമ്പത്ത് പങ്കുവെച്ച ട്വീറ്റ് ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. യു.എസിലും ഇന്ത്യയിലും സമരം ചെയ്യുന്നവര്‍ക്ക് നേരിടേണ്ടി വരുന്ന കാര്യങ്ങളിലെ വ്യത്യാസമാണ് അദ്ദേഹം ട്വീറ്റില്‍ ചൂണ്ടിക്കാണിക്കുന്നത്.

ജി. സമ്പത്ത്

”അമേരിക്കയിലും ഇന്ത്യയിലും നടക്കുന്ന പ്രതിഷേധസമരങ്ങള്‍ തമ്മില്‍ വലിയ വ്യത്യാസമുണ്ട്. അമേരിക്കയില്‍ വൈറ്റ്ഹൗസിനും സുപ്രീംകോടതിക്കും മുന്നില്‍ സമരം നടത്തുന്ന പ്രതിഷേധക്കാര്‍ക്ക് സ്വന്തം വീട് തകര്‍ക്കപ്പെടുമോ എന്ന് പേടിക്കേണ്ടതില്ല, അറസ്റ്റ് ചെയ്യപ്പെടുമോ എന്ന് ഭയക്കേണ്ടതില്ല, ഭരണകൂടത്തിന്റെ പിന്തുണയുള്ള ജനക്കൂട്ടത്താല്‍ കൊല്ലപ്പെടുമോ എന്നും പേടിക്കേണ്ട,” ഹിന്ദു പത്രത്തിന്റെ സോഷ്യല്‍ അഫയേഴ്‌സ് എഡിറ്റര്‍ കൂടിയായ സമ്പത്ത് ട്വീറ്റ് ചെയ്തു.

നിരവധി പേര്‍ ഇത് റീ ട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യയില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി നടന്ന പ്രക്ഷോഭങ്ങളുടെ മുഖ്യ കേന്ദ്രമായിരുന്ന ദല്‍ഹിയിലെ ഷഹീന്‍ബാഗില്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് വ്യാപകമായി കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിയിരുന്നു.

ബി.ജെ.പി നേതാവ് നുപുര്‍ ശര്‍മയുടെ പ്രവാചക നിന്ദാ പരാമര്‍ശങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചവരുടെയും സമരനേതാക്കളുടെയും വീടുകളും ഇത്തരത്തില്‍ തകര്‍ക്കപ്പെട്ടതും അറസ്റ്റിലായതും വലിയ വാര്‍ത്തയായിരുന്നു. ഇതിന് പുറമെ പല നഗരങ്ങളിലും മുസ്‌ലിങ്ങളുടെ വീടുകളും കെട്ടിടങ്ങളും അനധികൃത നിര്‍മാണമെന്ന് ആരോപിച്ച് ബി.ജെ.പി ഭരണകൂടം പൊളിച്ചുമാറ്റിയിരുന്നു.

ഇക്കാര്യങ്ങളെയെല്ലാം ഉദ്ധരിച്ചുകൊണ്ടാണ് സമ്പത്തിന്റെ ട്വീറ്റ്.

ഇതിന് പുറമെ, ഇന്ത്യയില്‍ കഴിഞ്ഞ ദിവസങ്ങളിലായി സാമൂഹിക പ്രവര്‍ത്തക ടീസ്ത സെതല്‍വാദ്, ഗുജറാത്ത് മുന്‍ ഡി.ജി.പി ആര്‍.ബി. ശ്രീകുമാര്‍, മാധ്യമപ്രവര്‍ത്തകനും ആള്‍ട്ട് ന്യൂസ് സഹസ്ഥാപകനുമായ മുഹമ്മദ് സുബൈര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

മുംബൈയിലെ ജുഹുവിലെ വസതിയില്‍ നിന്ന് ഗുജറാത്ത് പൊലീസിന്റെ ആന്റി ടെറര്‍ സ്‌ക്വാഡാണ് ടീസ്തയെ അറസ്റ്റ് ചെയ്തത്. മുംബൈയിലെ സാന്താക്രൂസ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ ഇവരെ പിന്നീട് അഹമ്മദാബാദിലേക്ക് മാറ്റുകയായിരുന്നു.

ഇതിന് പിന്നാലെയാണ് ആര്‍.ബി. ശ്രീകുമാറിനെയും അറസ്റ്റ് ചെയ്തത്.

2002ലെ ഗുജറാത്ത് വംശഹത്യയ്ക്കെതിരെ തെറ്റായ വിവരങ്ങള്‍ സമര്‍പ്പിച്ചു, കേസില്‍ കൃത്രിമമായി തെളിവുകളുണ്ടാക്കി അന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമിച്ചു എന്നീ കാരണങ്ങള്‍ ആരോപിച്ചാണ് ഇരുവരെയും ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസമായിരുന്നു ആള്‍ട്ട് ന്യൂസ് സ്ഥാപകന്‍ മുഹമ്മദ് സുബൈറിനെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. തീവ്ര ഹിന്ദുത്വ നേതാക്കള്‍ക്കെതിരെ ട്വീറ്റ് ചെയ്തു, മതവികാരം വൃണപ്പെടുത്തി എന്നീ കുറ്റങ്ങള്‍ ആരോപിച്ചായിരുന്നു അറസ്റ്റ്.

2020ലെ കേസിലാണ് അറസ്റ്റ്. രാഷ്ട്രീയ ഹിന്ദു ഷേര്‍ സേനയുടെ ജില്ലാ തലവനായ ഭഗവാന്‍ ശരണ്‍ എന്നയാളുടെ പരാതിയിലായിരുന്നു നടപടി.

അതേസമയം, യു.എസ് സുപ്രീംകോടതി അബോര്‍ഷന്‍ നിരോധിച്ചുകൊണ്ട് വിധി പ്രസ്താവിച്ചുവെങ്കിലും രാജ്യത്തെ സംസ്ഥാനങ്ങള്‍ ഇത് നടപ്പിലാക്കുന്നതില്‍ വ്യത്യാസമുണ്ടാകും. റിപബ്ലിക്കന്‍ പാര്‍ട്ടി നയിക്കുന്ന ചില സംസ്ഥാനങ്ങള്‍ ഉടന്‍ തന്നെ ഗര്‍ഭഛിദ്രം നിരോധിക്കുകയോ കടുത്ത നിയന്ത്രണങ്ങള്‍ നടപ്പിലാക്കുകയോ ചെയ്യും.

എന്നാല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നയിക്കുന്ന മിക്കവാറും സംസ്ഥാനങ്ങളും സുപ്രീംകോടതി വിധിക്കെതിരെ നീങ്ങി ഗര്‍ഭഛിദ്രത്തിനുള്ള അവകാശം സംരക്ഷിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. വിധിക്കെതിരായ നിയമനടപടികളിലേക്കാണ് ഇത്തരം സംസ്ഥാനങ്ങള്‍ കടക്കുന്നത്.

സുപ്രീംകോടതി വിധിയെ അപലപിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡനും മുന്‍ പ്രസിഡന്റ് ബറാക് ഒബാമയും രംഗത്തെത്തിയിരുന്നു.

Content Highlight: Journalist G Sampath’s tweet about the difference between protesters in India and America