| Wednesday, 11th October 2023, 6:12 pm

1000 ദിനങ്ങള്‍ക്കിപ്പുറം ചൈനയുടെ തടങ്കലില്‍ നിന്നും ഓസ്ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് മോചനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാന്‍ബറ: അനധികൃതമായി രാജ്യത്തെ രഹസ്യങ്ങള്‍ ചോര്‍ത്തി കൊടുത്തു എന്നാരോപിച്ച്, ചൈന തടങ്കലിലാക്കിയ ഓസ്ടേലിയന്‍ മാധ്യമപ്രവര്‍ത്തക ചെങ് ലീയ്ക്ക് മോചനം. 1000 ദിവസങ്ങള്‍ക്ക് ശേഷമാണ് ചെങ് ലീ ചൈനയില്‍ നിന്നും ഓസ്ട്രേലിയയിലേക്ക് മടങ്ങിയത്.

ചൈനയിലെ റണ്‍ ഇംഗ്ലീഷ് ലാംഗ്വേജ് ടെലിവിഷന്‍ സ്റ്റേഷന്‍ (സി.ജി.ടി.എന്‍) ലെ ബിസിനസ് റിപ്പോട്ടര്‍ ആയിരുന്ന ചെങ് ലീ 2020 ഓഗസ്റ്റ് 13 ന് ആണ് അറസ്റ്റിലായത്. ചൈനയില്‍ ജനിച്ച ചെങ് ലീ പിതാവ് പി.എച്ച്.ഡി എടുക്കുന്നതിന്റെ ഭാഗമായി ഓസ്ട്രേലിയയിലേക്ക് താമസം മാറി. പിന്നീട് ജോലി സംബന്ധമായാണ് ചൈനയിലേക്ക് ചെങ് ലീ മടങ്ങിയെത്തുന്നത്.

അറസ്റ്റിലായ ചെങ് ലീ കുറ്റം ചുമത്തപ്പെടാതെ തന്നെ ആറ് മാസത്തോളം ചൈനയുടെ ചെങ്കടല്‍ പ്രദേശത്തുള്ള ജയിലില്‍ ഏകാന്ത തടവിലായിരുന്നു. ചൈനീസ് കോടതി രഹസ്യ വിചാരണ നടത്തിയതില്‍ ചെങ് ലീ കുറ്റസമ്മതം നടത്തിയെന്ന് ചൈനീസ് സുരക്ഷ മന്ത്രാലയം അറിയിച്ചു. ഔദ്യോഗികമായി ശിക്ഷയില്ലാത്തതിന് കാരണം എന്താണെന്നുള്ള ചോദ്യത്തിന് ആറ് മാസത്തെ ഏകാന്ത വാസമാണ് ശിക്ഷയെന്ന് മന്ത്രാലയം ഉത്തരം നല്‍കി.

ചാരവൃത്തി ആരോപിച്ചു 2018, 2021 വര്‍ഷങ്ങളില്‍ കനേഡിയന്‍ പൗരന്മാരായ രണ്ട് പേരെ ചൈന തടവിലാക്കിയിരുന്നു. അനധികൃതമായി തടവുകാരെ ഉപയോഗിച്ച് ചൈന വിദേശ നയങ്ങളെ നിയന്ത്രിക്കുന്നു എന്ന ആരോപണവും ചൈനീസ് ഭരണകൂടത്തിനെതിരെ ഉയരുന്നുണ്ട്.

ഓരോ മാസത്തിലും തനിക്ക് സംസാരിക്കാന്‍ കഴിയുന്ന നയതന്ത്രജ്ഞര്‍ മുഖേനെ ഓസ്ട്രേലിയന്‍ ജനതക്കായി എഴുതിയ തുറന്ന കത്തില്‍ ‘ഞാന്‍ സൂര്യനെ മിസ് ചെയ്യുന്നു. എന്റെ സെല്ലിലേക്ക് ജനല്‍ വഴി ചെറിയ സൂര്യവെളിച്ചം വരുന്നുണ്ട്. പക്ഷെ വെറും മണിക്കൂറുകള്‍ മാത്രമാണ് ആ വെളിച്ചത്തില്‍ എനിക്ക് നില്‍ക്കാന്‍ കഴിയുന്നത്. ഓസ്ട്രേലിയയില്‍ ആയിരുന്നെങ്കില്‍ എനിക്കത് ആലോചിയ്ക്കാന്‍ കൂടി കഴിയില്ല. മൂന്ന് വര്‍ഷങ്ങളായി ഞാന്‍ മരങ്ങള്‍ കണ്ടിട്ട്. ചിലപ്പോള്‍ ഞാന്‍ മെല്‍ബണില്‍ എത്തുമ്പോള്‍ രണ്ടാഴ്ച്ച മഴ പെയ്‌തേക്കാം’ ചെങ് ലീ ഇങ്ങനെ കുറിച്ചു.

വര്‍ഷങ്ങള്‍ക്ക് ശേഷം ഓസ്ട്രേലിയയിലേക്ക് തിരിച്ചെത്തുന്ന ചെങ് ലീയെ കുടുംബവും രാജ്യത്തെ ഓരോ പൗരന്മാരും കാത്തിരിക്കുകയാണെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് പറഞ്ഞിരുന്നു. വര്‍ഷങ്ങളായി ഓസ്ട്രേലിയന്‍ ഭരണകൂടം ചെങ് ലീയുടെ മോചനത്തിനായി പരിശ്രമിക്കുകയാണ്. ചെങ് ലീയ്ക്ക് പുറമെ മറ്റ് രണ്ട് ഓസ്ട്രേലിയന്‍ പൗരന്മാരും ചൈനയുടെ തടങ്കലിലാണ്.

Content Highlight: Australian journalist freed from china detention

We use cookies to give you the best possible experience. Learn more