| Sunday, 7th July 2024, 5:49 pm

ആള്‍ക്കൂട്ടക്കൊലയുടെ വിവരം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു; യു.പിയില്‍ മാധ്യമപ്രവര്‍ത്തകന്‍ അടക്കം നാല് പേര്‍ക്കെതിരെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയില്‍ ഒരു മുസ്‌ലിം യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന വിവരം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചതിന് മാധ്യമപ്രവര്‍ത്തകനടക്കം നാല് പേര്‍ക്കെതിരെ കേസെടുത്ത് യു.പി പൊലീസ്. സാക്കിര്‍ അലി ത്യാഗി എന്ന മാധ്യമ പ്രവര്‍ത്തകനും ആസിഫ് റാണ, സെയ്ഫ് അലാബാദി, അഹമ്മദ് റസാ ഖാന്‍ എന്നിവര്‍ക്കെതിരെയുമാണ് യു.പി പൊലീസ് കേസെടുത്തത്.

ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 196 പ്രകാരം വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തിയെന്നും വിദ്വേഷ പ്രസ്താവനകള്‍ നടത്തിയെന്നുമാണ് ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നത്. വെള്ളിയാഴ്ച, ഷാംലി ജില്ലയിലെ ജലാലാബാദ് പട്ടണത്തില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ ഫിറോസ് എന്നയാള്‍ കൊല്ലപ്പെട്ടിരുന്നു.

ഫിറോസിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ ആളുകളുടെ പേര് ഉള്‍പ്പടെയുള്ള വിവരങ്ങള്‍ സാക്കിര്‍ അലി ത്യാഗി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ഫിറോസിനെ ഒരു സംഘം ആളുകള്‍ മര്‍ദിച്ചതാണെന്ന് കാട്ടി കുടുംബം നല്‍കിയ പരാതിയുടെ ചിത്രവും അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.

സംഘം മര്‍ദിച്ചതിന് പിന്നാലെ ഗുരുതരമായി പരിക്കേറ്റ ഫിറോസ് പിന്നീട് അന്ന് രാത്രി 11 മണിയോടെ വീട്ടില്‍ വെച്ചാണ് മരിച്ചതെന്നും കുടുംബം ആരോപിച്ചിരുന്നു. കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ മരണത്തില്‍ പൊലീസ് വെള്ളിയാഴ്ച കേസെടുത്തിരുന്നു.

എന്നാല്‍ എഫ്.ഐ.ആറില്‍ പ്രതികളുടെ പേര് പരാമര്‍ശിക്കാതെ മനപ്പൂര്‍വമല്ലാത്ത നരഹത്യക്കാണ് പൊലീസ് കേസെടുത്തത്.

സാക്കിര്‍ അലി ത്യാഗിക്കും മറ്റ് നാല് പേര്‍ക്കുമെതിരെ താനാഭവന്‍ പൊലീസ് സ്‌റ്റേഷനിലാണ് കേസെടുത്തത്. ഫിറോസിന്റെ മരണം ആള്‍ക്കൂട്ട കൊലപാതകമല്ലെന്നും പൊലീസ് സൂപ്രണ്ട് മാധ്യമങ്ങളോട് പറഞ്ഞു.

കേസില്‍ പ്രതികരിച്ച് മാധ്യമപ്രവര്‍ത്തകന്‍ സക്കീര്‍ അലി ത്യാഗി രംഗത്തെത്തി. എന്‍.ഡി.എ സര്‍ക്കാര്‍ അധികാരമേറ്റെടുത്തതിന് ശേഷം രാജ്യത്ത് മുസ്‌ലിങ്ങള്‍ ദിനംപ്രതി അക്രമിക്കപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു. തന്നെ ഭീഷണിപ്പെടുത്താനാണ് കേസെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുസ്‌ലിങ്ങള്‍ക്കെതിരായ കുറ്റകൃത്യങ്ങളെക്കുറിച്ച് സംസാരിക്കുന്ന മാധ്യമപ്രവര്‍ത്തകരെയും പൗരന്മാരെയും നിശബ്ദരാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും തനിക്കെതിരെ ആദ്യമായല്ല ഇത്തരം കേസുകള്‍ ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ക്രിമിനല്‍ റെക്കോര്‍ഡിനെക്കുറിച്ച് പോസ്റ്റിട്ടതിന് 2017ല്‍ സാക്കിര്‍ അലി ത്യാഗിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഐ.ടി ആക്ട് പ്രകാരം കേസെടുത്ത് 42 ദിവസം അദ്ദേഹത്തെ ജയിലിലിടുകയും ചെയ്തു. 2020 ഓഗസ്റ്റില്‍ ഗോവധം ആരോപിച്ചും യു.പി പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു.

Content Highlight: Journalist , four others booked for alleging ‘mob lynching’ in UP’s Shamli

We use cookies to give you the best possible experience. Learn more