പോര്‍ട്ട് ബ്ലെയര്‍: ആന്‍ഡമാന്‍ നിക്കോബാറില്‍ മാധ്യമപ്രവര്‍ത്തകനെ മരിച്ച നിലയില്‍ കണ്ടെത്തി. സണ്‍ഡേ ഐലന്റര്‍ എന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലില്‍ മാധ്യമപ്രവര്‍ത്തകനായ സുബൈര്‍ അഹ്മദിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
സുബൈര്‍ മാനേജറായി പ്രവര്‍ത്തിക്കുന്ന സ്‌കൂളിന് സമീപത്തു നിന്നാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. കഴുത്തില്‍ കയര്‍ ചുറ്റിയനിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
വ്യാഴാഴ്ച 3.30ഓടെ ജോലി കഴിഞ്ഞ് സുബൈര്‍ വീട്ടിലെത്തിയിരുന്നു. പിന്നീട് പുറത്തേക്ക് പോയ സുബൈര്‍ മടങ്ങിയെത്തിയിരുന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
സൗത്ത് ആന്‍ഡമാനിലെ വിംബര്‍ലിഗഞ്ച് സ്വദേശിയാണ് സുബൈര്‍.
സുബൈറിന് ഡിപ്രഷന്‍ ഉണ്ടായിരുന്നുവെന്നും ഇതിന് ചികിത്സ തേടിയിരുന്നുവെന്നും ആന്‍ഡമാന്‍ ക്രോണിക്കിള്‍ എഡിറ്റര്‍ ഡെനിസ് ഗില്‍സ് പറഞ്ഞു. അടുത്തിടെ പുതിയ വാരിക തുടങ്ങുന്നതുമായി ബന്ധപ്പെട്ട് സുബൈര്‍ താനുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്നും എന്നാല്‍ അത് ചില കാരണങ്ങളാല്‍ നടപ്പിലാക്കാന്‍ സാധിച്ചില്ലെന്നും ഡെനിസ് പറഞ്ഞു.
സുബൈറിന്റെ മരണത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും ഡെനിസ് മാധ്യമങ്ങളോട് പറഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു സുബൈര്‍. അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനം (investigative journalism) ആയിരുന്നു സുബൈറിന്റെ പ്രവര്‍ത്തന മേഖല.
Content Highlight: Journalist found dead in andaman nicobar