തിരുവനന്തപുരം: നിര്‍മാതാവും നടനുമായ വിജയ് ബാബു ലൈംഗികാതിക്രമ പരാതി നല്‍കിയ യുവനടിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയ പശ്ചാത്തലത്തില്‍ രൂക്ഷ വിമര്‍ശനവുമായി മാധ്യമപ്രവര്‍ത്തക ധന്യ രാജേന്ദ്രന്‍. സമൂഹം വിജയ് ബാബുവിന് നല്‍കുന്ന പിന്തുണ സര്‍വൈവറുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നതിന് അദ്ദേഹത്തെ സഹായിച്ചെന്ന് ധന്യ പറഞ്ഞു. മാതൃഭൂമി ന്യൂസിലൂടെയായിരുന്നു അവരുടെ പ്രതികരണം.
നിരപരാധിയാണ്, എനിക്കിത് പറഞ്ഞേ പറ്റൂ എന്ന് അയാള്‍ വിശ്വസിച്ചാല്‍ പോലും നിയമപ്രകാരം ഇരയുടെ പേര് പുറത്തുവിടാന്‍ വിജയ് ബാബുവിന് എന്ത് അകാശമാണുള്ളതെന്നും ധന്യ രാജേന്ദ്രന്‍ പറഞ്ഞു.
നിയമത്തെ അദ്ദേഹം ഭയക്കുന്നില്ല. ആ ലൈവില്‍ അദ്ദേഹം പറയുന്നത് ഇതിന്റെ പേരില്‍ ഒരു കേസ് വരുകയാണെങ്കില്‍ വരട്ടെയെന്നാണ്. ഈ രാജ്യത്ത് എന്തിനാണ് 228 A എന്ന നിയമമുള്ളത്. ആരും സെക്ഷ്വല്‍ വിക്ടിമിന്റെ പേര് വെളിപ്പെടുത്താന്‍ പാടില്ല. അത് മാധ്യമപ്രവര്‍ത്തകരാണെങ്കിലും ശരി.
സെക്ഷ്വല്‍ ക്രൈസില്‍ ഒരു ചെറിയ വിഭാഗം മാത്രമാണ് രാജ്യത്ത് പരാതിയുമായി വരുന്നത്. അങ്ങനെ പരാതിപ്പെടുന്നവരെയും അവരുടെ കുടുംബാംഗങ്ങളെയും സമൂഹം മാറ്റി നിര്‍ത്തുന്ന സാമൂഹ്യ സാഹചര്യമാണ് ഇവിടെയുള്ളത്. അവര്‍ക്ക് പിന്നീട് ജോലി കിട്ടാത്ത അവസ്ഥ വരെയുണ്ടാകും. അതുകൊണ്ടാണ് സര്‍വൈവ് ചെയ്ത സ്ത്രീകളുടെ പേര് പറയരുതെന്ന നിയമം ഇന്ത്യയിലുണ്ടാക്കിയിട്ടുള്ളതെന്നും ധന്യ പറഞ്ഞു.
നൂറ് കേസില്‍ ഒരാള്‍ നിരപരാധി ആയിരിക്കാം, അല്ലെങ്കില്‍ 10 പേര്‍ നിരപരാധിയായിരിക്കാം. എന്നാല്‍ നിയമം എല്ലാവരും അനുസരിക്കണമെന്നും നിയമം കൊണ്ടുവരാന്‍ ഒരു കാരണമുണ്ടെന്നും ധന്യ കൂട്ടിച്ചേര്‍ത്തു.
വ്യാജ പരാതികളുടെ പേര് പറഞ്ഞ് നിയമത്തെ ധിക്കരിക്കാന്‍ അവകാശമില്ല. ഇത്തരം കേസില്‍ പരാതി നല്‍കാന്‍ തയ്യാറാകാത്ത സൊസൈറ്റിയിലാണ് നമ്മള്‍ ജീവിക്കുന്നത്. അങ്ങനെയുള്ള രാജ്യത്ത് സ്ത്രീകള്‍ക്ക് അത്മവിശ്വാസം നല്‍കുകയാണ് നമ്മള്‍ ചെയ്യേണ്ടതെന്നും ധന്യ വ്യക്തമാക്കി.
അതേസമയം, വിജയ് ബാബുവിനെതിരായ ബലാത്സംഗക്കേസില്‍ നടപടികള്‍ പൊലീസ് ഊര്‍ജിതമാക്കി. ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് വിജയ് ബാബുവിന് അന്വേഷണസംഘം നോട്ടീസ് നല്‍കിയേക്കും.
നിലവില്‍ വിദേശത്തായതിനാല്‍ വിജയ് ബാബുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യല്‍ സാധ്യമല്ല. അതിനാലാണ് എത്രയും വേഗം ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കുന്നത്. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി വിജയ് ബാബു ഹൈക്കോടതിയെ സമീപിച്ചേക്കുമെന്നും സൂചനയുണ്ട്.
Content Highlights: Journalist Dhanya Rajendran against Vijay Babu