യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നടക്കാനിരിക്കുന്ന പി.എസ്.ജി-ബയേണ്‍ മ്യൂണിക്ക് പോരാട്ടം സൂപ്പര്‍താരം നെയ്മര്‍ക്ക് നിര്‍ണായകമായിരിക്കുമെന്ന് പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ ഡാനിയേല്‍ റയോളോ. പാരീസ് സെന്റ് ഷെര്‍മാങ് ഈ സീസണില്‍ വളരെയധികം കഷ്ടതകള്‍ നിറഞ്ഞ ഘട്ടത്തിലൂടെ പോകുന്നതിനാലാണ് ബയേണിനെതിരെയുള്ള മത്സരം നെയ്മറിന്റെ ഭാവി നിര്‍ണയിക്കുമെന്ന് റയോളോ പറയുന്നത്.
കഴിഞ്ഞ ദിവസം മൊണാക്കോക്കെതിരെ നടന്ന മത്സരത്തില്‍ പി.എസ്.ജി തോല്‍വി വഴങ്ങിയിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു മൊണാക്കോ പി.എസ്.ജിയെ കീഴപ്പെടുത്തിയത്.
ഖത്തര്‍ ലോകകപ്പിന് ശേഷം ഈ സീസണില്‍ ഒരു ഗോള്‍ മാത്രമാണ് നെയ്മര്‍ക്ക് പി.എസ്.ജിക്കായി നേടാനായത്. ഫ്രഞ്ച് കപ്പില്‍ മോശം പ്രകടനം കാഴ്ച വെച്ചതോടെ പി.എസ്.ജി ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവുകയും ചെയ്തിരുന്നു.
പി.എസ്.ജിയിലെ സഹതാരങ്ങളുമായി നെയ്മര്‍ക്ക് അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നെന്നും താരം പി.എസ്.ജിയില്‍ വളരെയധികം സമ്മര്‍ദം നിറഞ്ഞ അന്തരീക്ഷത്തിലൂടെയാണ് കടന്നുപോകുന്നതെന്നും റയോളോ റിപ്പോര്‍ട്ട് ചെയ്തു.
‘നെയ്മര്‍ വളരെ വലിയൊരു പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുകയാണ്. ഇതാദ്യമായാണ് പി.എസ്.ജി അധികൃതരില്‍ ചിലര്‍ നെയ്മറോട് ആക്രോശിച്ച് സംസാരിക്കുന്നത്. കാമ്പോസുമായി നെയ്മര്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു.
നെയ്മര്‍ക്ക് അറിയാം അദ്ദേഹം ഇപ്പോള്‍ ഹോട്ട് സീറ്റിലാണുള്ളതെന്നും പി.എസ്.ജിയില്‍ നിന്ന് പുറത്തുപോകേണ്ടി വന്നേക്കുമെന്നും. കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കാമ്പോസ് വളരെ ഗൗരവത്തോടെയാണ് സംസാരിച്ചത്.
വരാനിരിക്കുന്ന വലിയ മത്സരത്തില്‍ (യുവേഫ ചാമ്പ്യന്‍സ് ലീഗ്) നെയ്മറിന്റെ പ്രകടനത്തിനായി താന്‍ കാത്തിരിക്കുകയാണെന്നും അതൊരു അവസാന ചാന്‍സായിട്ടാണ് താന്‍ കാണുന്നതെന്നും കാമ്പോസ് പറഞ്ഞിരുന്നു,’ റയോളോ റിപ്പോര്‍ട്ട് ചെയ്തു.
പരിശീലകന്‍ ക്രിസ്റ്റഫ് ഗാള്‍ട്ടിയറിന് കീഴില്‍ പി.എസ്.ജിയില്‍ ഇതുവരെ പങ്കെടുത്ത 27 മത്സരങ്ങളില്‍ നിന്ന് 17 ഗോളും 16 അസിസ്റ്റുകളുമാണ് നെയ്മര്‍ നേടിയത്. ഫെബ്രുവരി 14ന് ചാമ്പ്യന്‍സ് ലീഗിലെ റൗണ്ട് ഓഫ് 16ല്‍ ബയേണ്‍ മ്യൂണിക്കിനെതിരെയാണ് പി.എസ്.ജിയുടെ ആദ്യ മത്സരം.