കഴിഞ്ഞ ദിവസം ലീഗ് വണ്ണില്‍ നടന്ന മത്സരത്തില്‍ പി.എസ്.ജി തോല്‍വി വഴങ്ങിയിരുന്നു. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ലോറിയന്റ് ആണ് പി.എസ്.ജിയെ തോല്‍പ്പിച്ചത്. മത്സരത്തില്‍ മെസിയുണ്ടായിരുന്നിട്ടും താരത്തിന് സ്‌കോര്‍ ചെയ്യാനായിട്ടില്ല. കിലിയന്‍ എംബാപ്പെയാണ് പി.എസ്.ജിക്കായി ഗോള്‍ നേടിയത്.
തോല്‍വിക്ക് പിന്നാലെ മെസിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ ഡാനിയല്‍ റയോളോ. പി.എസ്.ജി.യില്‍ എല്ലാവരും തോല്‍വിയില്‍ നിരാശരായിരിക്കുമ്പോള്‍ മെസി സൗദി അറേബ്യയില്‍ വിലസുകയാണെന്നും ക്ലബ്ബില്‍ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
‘പി.എസ്.ജിയുടെ മോശം പ്രകടനത്തിന് ശേഷം മെസി സൗദി അറേബ്യയില്‍ വിലസി നടക്കുകയാണ്. പി.എസ്.ജിക്ക് വേണ്ടി അദ്ദേഹം എന്താണ് ചെയ്തിട്ടുള്ളത്? എനിക്കറിയില്ല ക്ലബ്ബില്‍ എന്താണ് സംഭവിക്കുന്നതെന്ന്,’ റയോളോ പറഞ്ഞു.
അതേസമയം ക്ലബ്ബ് ഫുട്‌ബോളില്‍ ലയണല്‍ മെസിയുടെ ഭാവി അനിശ്ചിത്വത്തിലാണ്. വരുന്ന ജൂണില്‍ പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിക്കാനിരിക്കെ താരം ക്ലബ്ബില്‍ തുടരുമോ എന്നതിനെ കുറിച്ച് തന്റെ തീരുമാനം ഇതുവരെ അറിയിച്ചിട്ടില്ല.
ഇതോടെ മെസി തന്റെ പഴയ തട്ടകമായ ബാഴ്‌സലോണയിലേക്ക് തിരികെ പോകുമെന്നുള്ള അഭ്യൂഹങ്ങള്‍ വ്യാപകമായി പ്രചരിക്കുകയായിരുന്നു. ഇതിനിടെ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാലില്‍ നിന്ന് മെസിക്ക് 400 മില്യണ്‍ യൂറോയുടെ ഓഫര്‍ വന്നിരുന്നെന്നും എന്നാല്‍ താരം അത് നിരസിക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. കരിയറിന്റെ അവസാനഘട്ടത്തില്‍ യൂറോപ്യന്‍ ക്ലബ്ബുകളില്‍ കളിച്ച് വിരമിക്കാനാണ് മെസി പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ബാഴ്‌സലോണക്കും അല്‍ ഹിലാലിനും പുറമെ എം.എല്‍.എസ് ക്ലബ്ബായ ഇന്റര്‍മിയാമിയിലേക്കും താരത്തിന് ക്ഷണമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ മെസി വിഷയത്തില്‍ തന്റെ തീരുമാനം ഇതുവരെ അറിയിച്ചിട്ടില്ല.
അതേസമയം, 33 മത്സരങ്ങളില്‍ നിന്ന് 24 ജയവും മൂന്ന് തോല്‍വിയുമായി 75 പോയിന്റോടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് പി.എസ്.ജി. 70 പോയിന്റുമായി മാഴ്‌സയാണ് പട്ടികയില്‍ രണ്ടാമത്.
മെയ് എട്ടിന് ട്രോയെസിനെതിരെയാണ് പി.എസ്.ജിയുടെ അടുത്ത മത്സരം.