തിരുവനന്തപുരം: കേരളത്തില്‍ ഇന്നും തുടരുന്ന ജാതീയതക്കെതിരെ സംസാരിച്ച് മാധ്യമപ്രവര്‍ത്തകന്‍ ബാബു രാമചന്ദ്രന്‍. വീട് വെക്കാനായി തിരുവനന്തപുരത്ത് സ്ഥലം അന്വേഷിച്ചപ്പോള്‍ തനിക്കുണ്ടായ ഒരു അനുഭവം പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം സംസാരിച്ചത്.
വളരെ ഹ്രസ്വമായ ഒരു ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ബാബു രാമചന്ദ്രന്‍ ഇക്കാര്യം വിവരിച്ചിരിക്കുന്നത്.
‘വീട് വെക്കാന്‍ അഞ്ചര സെന്റ് സ്ഥലം അന്വേഷിച്ച് നടന്നപ്പോള്‍, തിരുവനന്തപുരം വട്ടിയൂര്‍ക്കാവ്, നടനഗ്രാമം പരിസരത്തെ ഒരു റെസിഡന്‍ഷ്യല്‍ ഏരിയയില്‍ നിന്ന് കേട്ടത് – ‘ഞങ്ങളുടെ ലെയ്‌നിന്റെ ഏറ്റവും വലിയ അഡ്വാന്റെയ്ജ്, ഇവിടെ ഒരൊറ്റ SC/ ST ഇല്ല എന്നതാണ്.’
അത്രക്ക് മികച്ച ഒരു അഡ്വാന്റെയ്ജില്‍ പുലരാന്‍ താത്പര്യമില്ലാത്തത് കൊണ്ട് സംഭാഷണം അവിടെ അവസാനിപ്പിച്ചു,’ ബാബു രാമചന്ദ്രന്റെ കുറിപ്പില്‍ പറയുന്നു.
നിരവധി പേരാണ് ഈ ഫേസ്ബുക്ക് പോസ്റ്റിന് കമന്റുകളുമായി എത്തിയിരിക്കുന്നത്. പലരും തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ജാതീയ വിവേചനത്തെ കുറിച്ച് പ്രതികരണങ്ങളില്‍ സംസാരിക്കുന്നുണ്ട്.
‘എനിക്കനുഭവമുണ്ട്. എര്‍ണാകുളത്ത് പി.ജി അക്കമൊഡേഷന്‍ കിട്ടുമോ എന്നറിയാന്‍ വൈറ്റില ഏരിയയില്‍ നടന്നലയുമ്പോള്‍ ഒരു വീട്ടിലെ അമ്മാമ ആദ്യം ചോദിച്ചത് ജാതിയേതാ എന്നാ. എസ്.സി/എസ്.ടി ആണെങ്കില്‍ തരില്ലാന്ന് പറഞ്ഞു. തിരികെ പോന്നു,’ ഒരു കമന്റില്‍ പറയുന്നു.
ഇതാണോ കേരളം കൊട്ടിഘോഷിക്കുന്ന പുരോഗമനവും നവോത്ഥാനമൂല്യങ്ങളും സാക്ഷരതയുമെന്ന് ചോദിക്കുന്നവരും കമന്റുകളിലുണ്ട്. കേരളത്തിലെ പല റെസിഡന്‍ഷ്യല്‍ ഏരിയകളിലും ജാതിയും മതവും നോക്കി തന്നെയാണ് വാടകക്കും അല്ലാതെയും താമസിക്കാന്‍ ഇടം നല്‍കുന്നതെന്നും നിരവധി പേര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
കേരളസമൂഹത്തില്‍ ജാതിബോധം ഇത്തരത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും, വിവിധ തലങ്ങളില്‍ ആഴ്ന്നിരിക്കുന്ന വിവേചനത്തിന്റെ വ്യത്യസ്തരൂപങ്ങള്‍ ഒന്ന് ശ്രദ്ധിച്ചുനോക്കിയാല്‍ കാണാനാകുമെന്നും പ്രതികരണങ്ങളിലുണ്ട്.
Content Highlight: Journalist Babu Ramachandran about casteist element he heard