| Thursday, 14th November 2019, 5:10 pm

'സംസ്‌കാരമുള്ള സര്‍ക്കാര്‍ പക വീട്ടാറില്ല'; ടൈം മാഗസിനില്‍ എഴുതിയ ലേഖനത്തിന്റെ തലക്കെട്ട് താന്‍ തെരഞ്ഞെടുത്തതല്ലെന്നും ആതിഷ് തസീര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചുകൊണ്ട് ടൈം മാഗസിനില്‍ എഴുതിയ ലേഖനത്തിന്റെ തലക്കെട്ട് താന്‍ തെരഞ്ഞെടുത്തതല്ലെന്ന് മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ആതിഷ് തസീര്‍. മോദിയെ ‘ഭിന്നിപ്പിക്കലിന്റെ തലവന്‍’ എന്നു വിശേഷിപ്പിച്ചാണ് ടൈം മാഗസിനില്‍ കവര്‍‌സ്റ്റോറി വന്നത്.

എന്നാല്‍ മോദി ഭയത്തിന്റെയും വിദ്വേഷ രാഷ്ട്രീയത്തിന്റെയും ശില്‍പിയാണെന്നും ആതിഷ് തസീര്‍ പറഞ്ഞു. ഭയത്തിലൂടെയും ന്യൂനപക്ഷ വിരുദ്ധതയിലൂടെയുമാണ് മോദി ഇന്ത്യ ഭരിക്കുന്നതെന്നും ആതിഷ് പറഞ്ഞു. ഇന്ത്യ ടുഡേക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ആതിഷ് മോദിക്കെതിരെ ആഞ്ഞടിച്ചത്.

”സ്വാതന്ത്ര്യവും വിമര്‍ശിക്കാനുള്ള അവകാശവും മാധ്യമപ്രവര്‍ത്തനത്തിന്റെ ജീവവായുവാണ്. ഇന്ത്യയില്‍ സ്വതന്ത്രമായി ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യണമെങ്കില്‍ വിമര്‍ശനം ഒഴിവാക്കണമെന്ന് പറഞ്ഞാല്‍ അത് പറ്റില്ലെന്നു തന്നെ പറയും. അത് ഒരാളുടെ ധര്‍മത്തിന്റെ മരണമാണ്.”, ആതിഷ് തസീര്‍ അഭിപ്രായപ്പെട്ടു.

തന്റെ പിതാവിന്റെ പാകിസ്ഥാന്‍ പൗരത്വം മറച്ചു വെച്ച് ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിച്ചുവെന്നുള്ള സര്‍ക്കാര്‍ വാദം വിദ്വേഷ രാഷ്ട്രീയമാണെന്നും ആതിഷ് ആരോപിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘2000ത്തില്‍ എന്റെ രേഖകള്‍ സമര്‍പ്പിച്ചത് മാതാവാണ്. മാതാവ് ഒറ്റക്കാണ് വര്‍ഷങ്ങളോളം ഇന്ത്യയില്‍ എന്നെ വളര്‍ത്തിയത്. എന്റെ രക്ഷിതാക്കള്‍ വിവാഹിതരല്ല. സമര്‍പ്പിക്കാനുള്ള രേഖകളെ കുറിച്ച് വ്യക്തത വരുത്തുകയും എന്തെങ്കിലും പിശകുണ്ടോ എന്ന് പരിശോധിക്കുകയുമാണ് ചെയ്യേണ്ടത്’, ആതിഷ് പറഞ്ഞു. സംസ്‌കാരമുള്ള സര്‍ക്കാര്‍ പക വീട്ടാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആതിഷിന്റെ പിതാവ് പാകിസ്ഥാനില്‍ ജനിച്ച വ്യക്തിയാണെന്ന് ചൂണ്ടിക്കാട്ടി ഇദ്ദേഹത്തിന്റെ ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡ് ആഭ്യന്തര മന്ത്രാലയം റദ്ദാക്കിയിരുന്നു.

ന്യൂയോര്‍ക്കിലാണ് ആതിഷ് താമസിക്കുന്നത്. ഇന്ത്യയില്‍ ജനിച്ച് വിദേശത്തു താമസിക്കുന്നവര്‍ക്ക് ഇന്ത്യയില്‍ വരാനും എത്ര കാലവും രാജ്യത്ത് നില്‍ക്കാനും അനുമതി നല്‍കുന്നതാണ് ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡ്. ഇന്ത്യയില്‍ താമസിക്കുന്നവരല്ലാത്ത ഇന്ത്യക്കാരുടെ എല്ലാ അവകാശങ്ങളും ഈ കാര്‍ഡുടമകള്‍ക്കുണ്ട്.

ആതിഷ് തസീറിന്റെ മാതാവ് തവ്‌ലീന്‍ സിങ് ഇന്ത്യ എഴുത്തുകാരിയും മാധ്യമപ്രവര്‍ത്തകയുമാണ്. പിതാവ് സല്‍മാന്‍ തസീര്‍ പാകിസ്താനി എഴുത്തുകാരനും രാഷ്ട്രീയ പ്രവര്‍ത്തകനുമാണ്.

2019 മെയ് 20ന് പുറത്തിറങ്ങിയ ടൈം മാഗസിന്റെ കവര്‍ സ്റ്റോറിയിലാണ് പ്രധാനമന്ത്രിയെ ഭിന്നിപ്പിക്കലിന്റെ തലവനെന്ന് അഭിസംബോധന ചെയ്തത്. മോദിസര്‍ക്കാരിന്റെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ രൂക്ഷമായി വിമര്‍ശിച്ചായിരുന്നു ആതിഷ് ലേഖനമെഴുതിയത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ ഇതുവരെ ഉണ്ടായതിനേക്കാള്‍ വലിയ വിഭാഗീയതയാണ് നരേന്ദ്ര മോദിക്ക് കീഴില്‍ നേരിടുന്നതെന്നായിരുന്നു ലേഖനത്തിന്റെ ഉള്ളടക്കം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ആള്‍ക്കൂട്ട കൊലപാതകം, യോഗി ആദിത്യനാഥിനെ യു.പി മുഖ്യമന്ത്രിയാക്കിയത്, മലേഗാവ് സ്ഫോടനക്കേസ് ആരോപണവിധേയയായ പ്രജ്ഞ്യാസിംഗ് താക്കൂറിന്റെ സ്ഥാനാര്‍ത്ഥിത്വം ഇവയെല്ലാം ആതിഷിന്റെ ലേഖനത്തില്‍ വിമര്‍ശനത്തിന് വിധേയമായിരുന്നു.

We use cookies to give you the best possible experience. Learn more