ടി-20 ലോകകപ്പ് സെമി ഫൈനല്‍ മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ ഓപ്പണിങ് ബാറ്റര്‍മാര്‍ക്ക് മുമ്പില്‍ ഉത്തരം കിട്ടാതെ വലയുന്ന ഇന്ത്യന്‍ ബൗളര്‍മാരായിരുന്നു അഡ്‌ലെയ്ഡിലെ കാഴ്ച. പേസ് ബൗളിങ്ങിനെ തുണക്കുന്ന പിച്ചുകളില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് പേസും ബൗണ്‍സുമെല്ലാം ലഭിക്കാന്‍ പാടുപെടുകയായിരുന്നു.
ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, ഹര്‍ദിക് പാണ്ഡ്യ, അര്‍ഷ്ദീപ് സിങ് തുടങ്ങിയ പേസര്‍മാരെയെല്ലാം ഒരു ദയയോ ദാക്ഷിണ്യമോ കൂടാതെയാണ് ബട്‌ലറും ഹേല്‍സും ചെര്‍ന്ന് പെരുമാറി വിട്ടത്. ഒടുവില്‍ 16ാം ഓവര്‍ അവസാനിക്കുമ്പോഴേക്കും ഇന്ത്യ മത്സരം ഇംഗ്ലണ്ടിന് മുമ്പില്‍ അടിയറ വെക്കുകയായിരുന്നു.
മത്സരത്തിലെ ബൗളര്‍മാരുടെ മോശം പ്രകടനത്തിന് പിന്നാലെ ബി.സി.സി.ഐക്കും സെലക്ഷന്‍ കമ്മിറ്റിക്കും വ്യാപകമായ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. ടീം സെലക്ഷന്റെ സമയത്ത് തന്നെ ഉമ്രാന്‍ മാലിക്കിനെ ടീമിലെടുക്കണമെന്ന ആവശ്യം പലരും ഉന്നയിച്ചിരുന്നു.
ലോകം കണ്ട എക്കാലത്തേയും മികച്ച പേസറായ ബ്രെറ്റ് ലീ അടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ ഇന്ത്യയോട് ഉമ്രാന്‍ മാലിക്കിനെ പരിഗണിക്കണമെന്നാവശ്യപ്പെട്ടിരുന്നു. എന്നാല്‍ സ്റ്റാന്‍ഡ് ബൈ ആയിട്ട് പോലും താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.
അതേസമയം, ഉമ്രാന്‍ മാലിക്കിനെ കുറിച്ചും അദ്ദേഹത്തെ ടീമില്‍ നിന്നും പുറത്താക്കിയതിനെ കുറിച്ചും സംസാരിക്കുകയാണ് മാധ്യമ പ്രവര്‍ത്തകനായ ആശിഷ് കുമാര്‍ സിങ്.
ഇന്ത്യയില്‍ ജനിച്ചതാണ് ഉമ്രാന്‍ മാലിക് ചെയ്ത ഏറ്റവും വലിയ തെറ്റ് എന്നാണ് അദ്ദേഹം പറയുന്നത്.
‘ഈ നാട്ടില്‍ ജനിച്ചതാണോ ഉമ്രാന്‍ മാലിക്കിന് പറ്റിയ തെറ്റ്? എന്നാണ് അദ്ദേഹം ചോദിക്കുന്നത്. ഉമ്രാനെ പോലെ പ്രതിഭയുള്ള പല താരങ്ങളെയും ഇല്ലാതാക്കുകയാണെന്നും ആശിഷ് കുമാര്‍ ആരോപിക്കുന്നു.
उमरान मलिक ने गलती की है इस देश में पैदा होके ???
ऐसे जाने कितने और प्रतिभावान खिलाड़ियों को ख़त्म कर रहे हैं कुछ लोग जो खुद शायद अपनी तरफ़ आती गेंद को देख कर भाग जाएं 🙏
— Ashish Kumar Singh (ABP News) (@AshishSinghLIVE) November 11, 2022
ലോകകപ്പിലെ ബൗളിങ് ഡിപ്പാര്‍ട്‌മെന്റിന്റെ പരാജയത്തിന് പിന്നാലെ ആരാധകരും രൂക്ഷമായ ഭാഷയില്‍ വിമര്‍ശനമുന്നയിച്ചിരുന്നു. 2024ല്‍ നടക്കുന്ന ലോകകപ്പ് മുന്‍കൂട്ടി കണ്ട് ഉമ്രാന്‍ മാലിക്കിനെ പോലെയുള്ള യുവതാരങ്ങളെ വളര്‍ത്തിയെടുക്കേണ്ടതുണ്ടെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.