| Thursday, 7th September 2017, 12:02 pm

സനാതന്‍ സന്‍സ്തയുടെ ഹിറ്റ്‌ലിസ്റ്റില്‍ മാധ്യമപ്രവര്‍ത്തകന്‍ ആശിഷ് ഖേതാനും ധബോല്‍ക്കര്‍ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ആംആദ്മി പാര്‍ട്ടിനേതാവും മുന്‍ മാധ്യമപ്രവര്‍ത്തകനുമായ ആശിഷ് ഖേതാനെയും ധബോല്‍ക്കറുടെ വധം അന്വേഷിക്കുന്ന സി.ബി.ഐ ഉദ്യോഗസ്ഥന്‍ നന്ദകുമാര്‍ നായരെയും വലതുപക്ഷ തീവ്രവാദ സംഘടനയായ സനാതന്‍ സന്‍സ്ത ലക്ഷ്യമിട്ടിരുന്നതായി വെളിപ്പെടുത്തല്‍.

കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ട് രണ്ടു തവണയാണ് ആശിഷ് ഖേതാന് ഭീഷണി സന്ദേശം ലഭിച്ചത്. ആശിഷ് ഖേതാന് അയച്ച രണ്ടാമത്തെ ഭീഷണി സന്ദേശത്തിലാണ് നന്ദകുമാര്‍ നായരുടെ പേര് പറയുന്നത്.

സനാതന്‍ സന്‍സ്ത പ്രവര്‍ത്തകരെയും ആദരിക്കപ്പെടുന്ന ഹിന്ദുക്കളെയും അധിക്ഷേപിച്ച നിങ്ങള്‍ പരിധി ലംഘിച്ചിരിക്കുന്നു. സനാതന്‍ സന്‍സ്തയ്‌ക്കെതിരെ ഗൂഢാലോചന നടത്തുകയും നിരോധിക്കാന്‍ നീക്കം നടത്തുകയും ചെയ്തു. ഇതിനെല്ലാം നിങ്ങളോട് കണക്ക് തീര്‍ക്കാന്‍ സമയമായി. നിങ്ങള്‍ എവിടെയാണ് താമസിക്കുന്നതെന്നും എവിടെ വരെ പോകുമെന്നും ഞങ്ങള്‍ക്ക് അറിയാം. ധബോല്‍ക്കറുടേയും പന്‍സാരയുടെയും വിധി നേരിടാന്‍ തയ്യാറായിക്കോളൂ.

ഹിന്ദു സന്യാസിമാരെ വഞ്ചിച്ച സി.ബി.ഐ ഉദ്യോഗസ്ഥന്‍ നന്ദകുമാര്‍ നായരുടെ സഹായം നിങ്ങള്‍ തേടി. നിങ്ങളെ പോലുള്ള നാസ്തികര്‍ക്ക് ഹിന്ദുരാഷ്ട്രത്തില്‍ വധശിക്ഷയാണ് വിധി. ദൈവത്തിന്റെ സഹായത്തോട് അത് ഉടന്‍ നടപ്പിലാക്കും.

“നിങ്ങളോ പോലുള്ള റിപ്പോര്‍ട്ടര്‍മാര്‍ കാരണമാണ് പ്രഗ്യാ സിങ്ങിനെ പോലുള്ള സാത്വികര്‍ വര്‍ഷങ്ങളോളം ജയിലില്‍ കിടന്നത്” കത്തില്‍ പറയുന്നു.

ഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ ആശിഷ് ഖേതാന്‍ ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു .കത്ത് സംബന്ധിച്ച് പരാതി നല്‍കിയിരുന്നെങ്കിലും സുരക്ഷ നല്‍കിയില്ലെന്നും കേന്ദ്ര അഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനെ കാണാന്‍ ശ്രമിച്ചപ്പോള്‍ അനുവദിച്ചില്ലെന്നും ഖേതാന്‍ പറയുന്നു.

സിബി.ഐ സുപ്രണ്ടായ നന്ദകുമാര്‍ നായരാണ് ധബോല്‍ക്കര്‍ കേസില്‍ സനാതന്‍സന്‍സ്ത പ്രവര്‍ത്തകനായ വിരേന്ദ്ര താവ്‌ഡെയെ അറസ്റ്റ് ചെയ്തിരുന്നത്.

കേസില്‍ സനാതന്‍ സന്‍സ്ത അഭിഭാഷകന്‍ സഞ്ജയ് പുനലേകറെ സി.ബി.ഐ ചോദ്യം ചെയ്തപ്പോള്‍, നന്ദകുമാര്‍ നായര്‍ ഗുരുവായൂരില്‍ ക്ഷേത്രദര്‍ശനം നടത്തിയ കാര്യം ഒരു സനാതന്‍ സന്‍സ്ത പ്രവര്‍ത്തകര്‍ അദ്ദേഹത്തോട് അങ്ങോട്ട് പറഞ്ഞിരുന്നുവെന്നും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

തെഹല്‍ക്ക് മുന്‍മാധ്യമപ്രവര്‍ത്തകനായിരുന്ന ആശിഷ് ഖേതാന്‍ ഗുജറാത്ത് കലാപത്തില്‍ സംഘപരിവാറിന്റെ പങ്ക് പുറത്ത് കൊണ്ടു വന്ന മാധ്യമപ്രവര്‍ത്തകനാണ്. ഖേതാന്റെ കണ്ടെത്തലുകള്‍ ശരിയാണെന്ന് തെഹല്‍ക്ക വീഡിയോകള്‍ പരിശോധിച്ച സി.ബി.ഐ കണ്ടെത്തുകയും ചെയ്തിരുന്നു. ധബോല്‍ക്കര്‍ വധക്കേസില്‍ സനാതന്‍ സന്‍സ്തയ്ക്ക് പങ്കുണ്ടെന്നും ഖേതാന്‍ നേരത്തെ പറഞ്ഞിരുന്നു.

  •ഫോളോ ചെയ്യാന്‍ ആളില്ലെങ്കില്‍ നിങ്ങള്‍ എന്നെ ഫോളോ ചെയ്യൂ’ മോദിയോട് രവീഷ് കുമാര്‍

  •  മതവിദ്വേഷ പ്രസംഗം; മലപ്പുറത്തെ ആര്‍.എസ്.എസ് നേതാവിനെതിരെ കേസെടുത്തു

We use cookies to give you the best possible experience. Learn more