കോഴിക്കോട്: കേരള രാഷ്ട്രീയത്തിലെ ഏറ്റവും ദുര്‍ബലമായ വാര്‍ത്താ പ്ലാന്റിംഗ് ആണ് സ്വര്‍ണക്കടത്തു കേസിലെ സ്വപ്‌ന സുരേഷിന്റെ മൊഴികളെന്ന് മാധ്യമപ്രവര്‍ത്തകന്‍ അരുണ്‍ കുമാര്‍. മൊഴി ഒരു ലോജിക്കും തുടര്‍ച്ചയും തെളിവുമില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അരുണ്‍ കുമാറിന്റെ പ്രതികരണം.
‘കേരള രാഷ്ട്രീയത്തിലെ ഏറ്റവും ദുര്‍ബലമായ വാര്‍ത്താ പ്ലാന്റിംഗ് ആണ് സ്വര്‍ണ്ണക്കടത്തു കേസിലെ സ്വപ്ന മൊഴികള്‍.
അന്വേഷണത്തെയോ, രാഷ്ട്രീയ വ്യവഹാരങ്ങളെയോ സാമൂഹിക ജീവിതത്തെയോ ഒട്ടും മെച്ചപ്പെടുത്താത്തത്. ഒരു ലോജിക്കും തുടര്‍ച്ചയും തെളിവുമില്ലാത്തത്. ആരുടെ സ്വര്‍ണ്ണം, ആര്‍ക്കു വേണ്ടി, ആരൊക്കെ ഈ ചോദ്യം അനാഥമാകുന്നത് മാത്രം ബാക്കി. ഒപ്പം പിന്നിലോടുന്നവരുടെ സഞ്ചിത നഷ്ടം കാണാനിരിക്കുന്നതേ ഉള്ളു. ഒരു പട്ടു വക്കീലും, ഒരു പൊട്ട വര്‍ഗീയ വിപ്പും ചേര്‍ന്നൊരുക്കിയ ആറാട്ടാണ് പൊളിഞ്ഞടുങ്ങി പെരുവഴിയിലായത്. കൂടെ ഓടുന്നവര്‍ ജാഗ്രതൈ. അങ്ങനൊരു ബിരിയാണി ആ ഗേറ്റില്‍ വന്നിട്ടില്ല,’ അരുണ്‍ കുമാര്‍ പറഞ്ഞു.
അതേസമയം, മുന്‍ മന്ത്രി കെ.ടി. ജലീലിന്റെ പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്ന സുരേഷ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
സ്വപ്നയ്ക്ക് എതിരെ ചുമത്തിയിരിക്കുന്നത് ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് ഹരജി കോടതി തള്ളിയത്.
‘സ്വപ്‌ന നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കില്ല. അറസ്റ്റിനുള്ള സാഹചര്യം നിലവിലില്ല. പ്രതികള്‍ക്ക് എതിരെ ചുമത്തിയിട്ടുള്ളത് ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ്’. ഹരജിയ്ക്ക് പിറകില്‍ രാഷ്ട്രീയ താല്‍പ്പര്യമുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
കെ.ടി. ജലീലിന്റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പൊലീസിന്റെ അറസ്റ്റ് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് സ്വപ്നയും സരിത്തും ഹൈക്കോടതിയെ സമീപിച്ചിരുന്നത്.
CONTENT HIGHLIGHTS: Journalist Arun Kumar says Swapna Suresh’s statement in gold smuggling case is the weakest news planting in Kerala politics