കാഴ്ചപ്പാടില്‍ ഗാന്ധി കുടുംബത്തിന് മീതേ, സുനന്ദ പുഷ്‌കര്‍ കേസില്‍ വേട്ടയാടിയിട്ടും ബി.ജെ.പി ക്യാമ്പിലെത്താത്ത സെക്കുലര്‍ നേതാവ്; കോണ്‍ഗ്രസ് പ്രസിഡന്റാകേണ്ടത് തരൂരെന്ന് അരുണ്‍ കുമാര്‍
Kerala News
കാഴ്ചപ്പാടില്‍ ഗാന്ധി കുടുംബത്തിന് മീതേ, സുനന്ദ പുഷ്‌കര്‍ കേസില്‍ വേട്ടയാടിയിട്ടും ബി.ജെ.പി ക്യാമ്പിലെത്താത്ത സെക്കുലര്‍ നേതാവ്; കോണ്‍ഗ്രസ് പ്രസിഡന്റാകേണ്ടത് തരൂരെന്ന് അരുണ്‍ കുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 26th September 2022, 10:46 pm

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷനാകാന്‍ ഏറ്റവും യോഗ്യതയുള്ളയാള്‍ ശശി തരൂര്‍ എം.പിയാണെന്ന് മാധ്യമപ്രവര്‍ത്തകന്‍ അരുണ്‍ കുമാര്‍. ശശി തരൂര്‍ കാഴ്ചപ്പാടില്‍ ഗാന്ധി കുടുംബത്തിന് മീതേയാണെന്നും സുനന്ദ പുഷ്‌കര്‍ കേസില്‍ ചില ദേശീയ മാധ്യങ്ങള്‍ വേട്ടയാടിയിട്ടും മതിനിരപേക്ഷതക്കൊപ്പം നില്‍ക്കാനായിരുന്നു തരൂര്‍ ശ്രദ്ധിച്ചതെന്നും അരുണ്‍ കുമാര്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘കോണ്‍ഗ്രസിനെ കുറിച്ചുതന്നെയാണ്. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനാകാന്‍ ആരാണ് നിങ്ങളുടെ ചോയിസ് എന്ന് എന്നോട് ചോദ്യമുണ്ടായാല്‍ നിലവില്‍ എനിക്കൊറ്റ ഉത്തരമേയുള്ളൂ. അത് ശശി തരൂരാണ്. അതു വിശ്വപൗരന്റെ കലര്‍പ്പില്ലാത്ത ലിബറല്‍ ഔട്ട്‌ലുക്ക് കൊണ്ട് മാത്രമല്ല, സുനന്ദ പുഷ്‌കര്‍ കേസില്‍ അതിക്രൂരമാം വിധം റിപ്പബ്ലിക് ചാനലും ഇന്ത്യാ റിപ്പബ്ലിക്ക്‌ന്റെ സ്റ്റേറ്റ് അപ്പാരറ്റസ്സും വേട്ടയാടിയപ്പോഴും ബി.ജെ.പി ക്യാമ്പിലെത്തിയാല്‍ വാഗ്ദാനം ചെയ്യപ്പെടാന്‍ സാധ്യതയുള്ള ക്യാബിനറ്റ് പദവിയെക്കുറിച്ച് സ്വപ്നത്തില്‍ പോലും ചിന്തിക്കാതിരുന്ന സെക്കുലാര്‍ ക്രഡന്‍ഷ്യല്‍ കൊണ്ട്.

പക്ഷെ അതത്ര എളുപ്പമല്ല കാരണം സിമ്പിളാണ് പവര്‍ഫുളും. കാഴ്ച്ചപ്പാടുകള്‍ കൊണ്ട് ഗാന്ധി കുടുംബത്തിനും മീതേ പറക്കാന്‍ കഴിയുന്ന നേതാവാണ്. ആ ചിറകിലൊതുങ്ങാത്തവര്‍ കോണ്‍ഗ്രസ് അധ്യക്ഷനാവുക എന്നത് ഏറെ കുറെ അസാധ്യവുമാണ്,’ അരുണ്‍ കുമാര്‍ എഴുതി.

അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഈ മാസം മുപ്പതിന് നാമനിര്‍ദേശ പത്രിക നല്‍കുമെന്നും രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ പുറത്തു പറയില്ലെന്നും ശശി തരൂര്‍ പറഞ്ഞു.

ആര്‍ക്കും മത്സരിക്കാമെന്ന ഗാന്ധി കുടുംബത്തിന്റെ നിലപാട് സന്തോഷം പകരുന്നതെന്നും തരൂര്‍ പ്രതികരിച്ചു.