കത്തുന്ന കേരളത്തില്‍ നിന്ന് തീ കായുന്ന ചിലരും; വിവേകമസ്തമിച്ച കേരളമായി നാം എന്നേ മാറി: ഭരണ- പ്രതിപക്ഷ ആക്രമണത്തില്‍ അരുണ്‍ കുമാര്‍
Kerala News
കത്തുന്ന കേരളത്തില്‍ നിന്ന് തീ കായുന്ന ചിലരും; വിവേകമസ്തമിച്ച കേരളമായി നാം എന്നേ മാറി: ഭരണ- പ്രതിപക്ഷ ആക്രമണത്തില്‍ അരുണ്‍ കുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 14th June 2022, 12:05 am

കോഴിക്കോട്: വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിനും കെ.പി.സി.സി ആസ്ഥാനം അക്രമിക്കപ്പെട്ട സംഭവത്തിലും പ്രതികരണവുമായി മാധ്യമപ്രവര്‍ത്തകന്‍ അരുണ്‍ കുമാര്‍. വിവേകമസ്തമിച്ച കേരളമായി നാം എന്നേ മാറി കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അരുണ്‍ കുമാറിന്റെ പ്രതികരണം.

‘2018ല്‍ പരിഷ്‌ക്കരിച്ച ഇന്ത്യന്‍ എയര്‍ക്രാഫ്റ്റ് റൂള്‍ പാര്‍ട്ട്-3, ചട്ടം 23(എ) പ്രകാരവും
സിവില്‍ ഏവിയേഷന്‍ റിക്വയര്‍മെന്റ് പ്രകാരവും ഒരു വര്‍ഷം വരെ കഠിന തടവും അഞ്ചു ലക്ഷം രുപ പിഴയോ ട്രാവല്‍ ബാനോ ഒക്കെ ലഭിക്കാവുന്ന കുറ്റകൃത്യമാണ് കണ്ണൂര്‍- തിരുവനന്തപുരം ഇന്‍ഡിഗോ വിമാനത്തില്‍ സംഭവിച്ചത് (പ്രതിഷേധവും ഉന്തിയിടലും).

സംഭവിക്കാന്‍ പാടില്ലാത്തത് തന്നെ, സംശയമില്ല. അതിതീവ്ര സുരക്ഷാ മേഖലയിലെ പ്രതിഷേധത്തിന് ഒരു ന്യായീകരണവുമില്ലെന്ന് മാത്രവുമല്ല ഇനി ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതുമാണ്. അതേസമയം തെരുവ് യുദ്ധമായി പ്രതിഷേധങ്ങള്‍ പടര്‍ത്താതിരിക്കാനുള്ള ഉത്തരവാദിത്തം ഇടതു സംഘടനകള്‍ക്കുമുണ്ട്.

ഏറ്റവും ദുര്‍ബലമായ ഒരു വാര്‍ത്താ പ്ലാന്റിങ് കേരളത്തെ തീ പിടിപ്പിക്കുന്നത് കണ്ട് ചിലര്‍ ചിരിക്കുന്നുണ്ട്. കടത്തിയവരും കടത്ത് മുതല്‍ വാങ്ങാന്‍ ഇറങ്ങിയവരും.
കത്തുന്ന കേരളത്തില്‍ നിന്ന് തീ കായുന്ന ചിലരും. എന്ത് കഷ്ടമാണ്! വിവേകമസ്തമിച്ച കേരളമായി നാം എന്നേ മാറി കഴിഞ്ഞു,’ അരുണ്‍ കുമാര്‍ എഴുതി.

വിഷയത്തില്‍ പ്രതികരിച്ച് യാക്കോബായ സഭാ നിരണം ഭദ്രാസനാധിപന്‍ ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസും നടന്‍ ഹരീഷ് പേരടിയും രംഗത്തെത്തി.

‘ദയവുചെയ്ത് നമ്മുടെ നാടിനെ കലാപഭൂമി ആക്കിമാറ്റരുത്. പ്രതിഷേധിക്കാനുള്ള അവകാശം ജനാധിപത്യത്തിന്റെ ഭാഗമാണ്. പക്ഷെ അത് മര്യാദയുടെ അതിരുകള്‍ ഭേദിച്ചുകൊണ്ടാകരുത്. സംയമനം പാലിക്കുവാന്‍ എല്ലാവരും തയ്യാറാവണം. നേതാക്കള്‍ അതിന് അണികളെ സജ്ജരാക്കണം… അപേക്ഷയാണ്,’ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞു.

കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ യാത്ര ചെയ്യുന്ന വിമാനത്തിലെ പ്രതിഷേധവും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് എ.കെ. ആന്റണി ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് ഓഫീസിനുനേരെയുള്ള ആക്രമണവും പ്രതിഷേധാര്‍ഹമാണെന്നായിരുന്നു നടന്‍ ഹരീഷ് പേരടി പറഞ്ഞത്.

CONTENT HIGHLIGHTS: Journalist Arun Kumar saying in the ruling-opposition attack, We have become a wise Kerala