കോഴിക്കോട് : മീഡിയാവണ്‍ ചാനലിന് ഏര്‍പ്പെടുത്തിയ സംപ്രേഷണ വിലക്ക് ശരിവെച്ച ഹൈക്കോടതി വിധിയില്‍ പ്രതികരിച്ച് മാധ്യമപ്രവര്‍ത്തകന്‍ അരുണ്‍ കുമാര്‍.
ഓഫ് എയര്‍ എന്നാല്‍ ജനാധിപത്യത്തിന് നോ എയര്‍ എന്നാണര്‍ത്ഥം. മരിച്ചു വീഴുന്ന ഓരോ മാധ്യമവും അടയാളപ്പെടുത്തുന്നത് ജനാധിപത്യത്തിന്റെ പ്രാണവായു നേര്‍ത്തു പോകുന്നു എന്ന് തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അരുണ്‍ കുമാറിന്റെ പ്രതികരണം.
‘കല്‍ക്കരി ഖനികളില്‍ വിഷവാതക സാന്നിധ്യം തിരിച്ചറിയാന്‍ കാനറി പക്ഷികളെ ഉപയോഗിച്ചിരുന്നു അടുത്ത കാലം വരെയും ബ്രിട്ടന്‍. ഖനികളിലെ പ്രാണവായുവിന്റെ സാന്നിധ്യത്തിന്റെ അടയാളമാണ് പുറത്തു വരുന്ന കാനറി പക്ഷികള്‍. ജനാധിപത്യത്തിന്റെ സാന്നിധ്യമറിയിക്കുന്ന കാനറി പക്ഷികളാണ് മാധ്യമങ്ങള്‍.
മരിച്ചു വീഴുന്ന ഓരോ മാധ്യമവും അടയാളപ്പെടുത്തുന്നത് ജനാധിപത്യത്തിന്റെ പ്രാണവായു നേര്‍ത്തു പോകുന്നു എന്ന് തന്നെയാണ്.
ഒരു പക്ഷി കൂടി കണ്ണടയ്ക്കുന്നു…!
ഓഫ് എയര്‍ എന്നാല്‍ ജനാധിപത്യത്തിന് നോ എയര്‍ എന്നാണര്‍ത്ഥം.
തിരിച്ചു വരുമെന്ന വിശ്വാസമോടെ, ഒപ്പം!,’ അരുണ്‍കുമാര്‍ ഫേസ്ബുക്കില്‍ എഴുതി.
മീഡിയ വണിന്റെ സംപ്രേഷണ ലൈസന്‍സ് റദ്ദാക്കിയ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ ഉത്തരവ് കേരള ഹൈക്കോടതി ശരിവെച്ചിരിക്കുകയാണ്.
ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം ചാനലിന് വിലക്ക് പ്രഖ്യാപിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി.
മീഡിയ വണ്‍ ചാനല്‍ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡ് നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് എന്‍. നാഗരേഷ് വിധി പറഞ്ഞത്.
ഇന്നലെ കേസ് പരിഗണിക്കവേ കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിക്കുമെന്ന് വ്യക്തമാക്കിയ രേഖകളുടെ പകര്‍പ്പ് ലഭിച്ചിട്ടില്ലെന്ന് മീഡിയ വണ്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍ രേഖകള്‍ ലഭിച്ചിട്ടുണ്ടെന്നും അവ പരിശോധിച്ച ശേഷം വിധി പറയാമെന്നും കോടതി അറിയിക്കുയായിരുന്നു.
ചാനല്‍ ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടില്ലെന്നും അനുമതി നിഷേധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി നിയമ വിരുദ്ധമാണെന്നുമാണ് മീഡിയ വണ്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നത്.
പ്രവര്‍ത്തനാനുമതി പുതുക്കാനും സുരക്ഷാ ക്ലിയറന്‍സിനുമായി അപേക്ഷ നല്‍കിയെങ്കിലും നിരസിച്ചതായി കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നില്ലെന്നും ഹരജിക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.
എന്നാല്‍ ഒരു തവണ ലൈസന്‍സ് നല്‍കിയാല്‍ അത് ആജീവനാന്തമായി കാണാനകില്ലെന്നും സെക്യൂരിറ്റി വിഷയങ്ങളില്‍ കാലാനുസൃത പരിശോധനകള്‍ ഉണ്ടാകുമെന്നുമായിരുന്നു കേന്ദ്രസര്‍ക്കാര്‍ വാദം.
ചാനലിന് വിലക്ക് ഏര്‍പ്പെടുത്തിയ നടപടി മാധ്യമസ്വാതന്ത്ര്യത്തിനെതിരെയുള്ള വെല്ലുവിളിയാണെന്നും 300ല്‍ അധികം ജീവനക്കാരുടെ ഉപജീവനമാണ് കേന്ദ്രസര്‍ക്കാര്‍ ഇല്ലാതാക്കുന്നതെന്നും കേസില്‍ കക്ഷിചേര്‍ന്ന് മീഡിയവണ്‍ എഡിറ്ററും പത്രപ്രവര്‍ത്തക യൂണിയനും കോടതിയെ അറിയിച്ചിരുന്നു.
CONTENT HIGHLIGHTS: journalist Arun Kumar responds to High Court verdict upholding ban on MediaOne channel