| Wednesday, 8th February 2023, 10:53 pm

ചിരിക്കാന്‍ വരട്ടെ; മനുഷ്യര്‍ പ്രണയിക്കുന്നത് തങ്ങളുടെ രാഷ്ട്രീയത്തെ തകര്‍ക്കുമെന്നവര്‍ക്ക് ഉറപ്പുണ്ട്, അതാണീ പശുവാലിംഗന തിട്ടൂരം: അരുണ്‍ കുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പ്രണയദിനം പശു ആലിംഗന ദിവസമായി ആചരിക്കണമെന്ന കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ ഉത്തരവില്‍ പ്രതികരണവുമായി മാധ്യമപ്രവര്‍ത്തകനും അധ്യാപകനുമായ അരുണ്‍ കുമാര്‍.

വിഷയം ചിരിച്ച് തള്ളേണ്ട കാര്യമല്ലെന്നും മനുഷ്യര്‍ പരസ്പരം പ്രണയിക്കുന്നത് തങ്ങളുടെ രാഷ്ട്രീയത്തെ തകര്‍ക്കുമെന്നവര്‍ക്ക് ഫാസിസ്റ്റുകള്‍ക്ക് ഉറപ്പുള്ളതുകൊണ്ടാണ് ഈ പശുവാലിംഗന തിട്ടൂരമിറക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അരുണ്‍ കുമാറിന്റെ പ്രതികരണം. ഫാസിസ്റ്റുകള്‍ മനുഷ്യരുടെ പ്രണയാലിംഗനങ്ങളെയും ചുംബനങ്ങളെയും ഭയപ്പെട്ടു തുടങ്ങിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘അതങ്ങനെ ചിരിച്ചു കളയാന്‍ വരട്ടെ. മനുഷ്യന്‍ മനുഷ്യരെ പ്രണയിക്കുന്നത് തങ്ങളുടെ രാഷ്ട്രീയത്തെ തകര്‍ക്കുമെന്ന് അവര്‍ക്ക് അത്രമേല്‍ ഉറപ്പായതുകൊണ്ട് അവര്‍ നമ്മളോട് പറഞ്ഞു പശുക്കളെ ആലിംഗനം ചെയ്യു എന്ന്. ഡീഹ്യുമനൈസ് ചെയ്യാതെ ഒരു ഫാസിസവും വിജയിച്ചിട്ടില്ല, ഇന്നേവരെ. ഈ പശുവാലിംഗന തിട്ടൂരം അതിലൊരു ശ്രമമാണ്.

ചുരുങ്ങിയ പക്ഷം ഇപ്പോഴും ശുദ്ധി വരുത്താന്‍ പശു മൂത്രം ഉപയോഗിക്കുന്ന നാട്ടില്‍, ചാണകം പൊത്തി അണുവികിരണം തടയാമെന്ന് കരുതുന്നവരുടെ ഇടയില്‍, കൊമ്പിനിടയില്‍ റേഡിയോ ഫ്രീക്വന്‍സി തിരയുന്ന മനുഷ്യരുടെ സമൂഹത്തില്‍, ഗോമാംസം കൊലയുടെ നീതിയാവുന്നവരുടെ ചിന്തയില്‍ പശുവാലിംഗന ദിന ഉത്തരവ് ഒരു കോമഡിയല്ല, സീരിയസാണ്.

അവര്‍ മനുഷ്യരുടെ പ്രണയാലിംഗനങ്ങളെ, ചുംബനങ്ങളെ ഭയപ്പെട്ടു തുടങ്ങിയിരിക്കുന്നു. പ്രണയം ധീരമാണ്, അത് വിപ്ലവവുമാണ് എന്ന് പറഞ്ഞത് തിരുനല്ലൂര്‍ കരുണാകരനാണ്,’ അരുണ്‍ കുമാര്‍ പറഞ്ഞു.

അതേസമയം, പ്രണയദിനം ‘പശു ആലിംഗന ദിന(Cow Hug Day)’മായി ആചരിക്കണമെന്ന് കേന്ദ്ര മൃഗ സംരക്ഷണ ബോര്‍ഡിന്റെ നിര്‍ദേശം. പശു അമ്മയാണെന്നും പശുവിനെ ആലിംഗനം ചെയ്യുന്നത് വഴി ജീവിതത്തില്‍ സന്തോഷം വന്നുചേരുമെന്നും കേന്ദ്ര മൃഗസംരക്ഷ ബോര്‍ഡ് പുറത്തുവിട്ട ഉത്തരവില്‍ പറയുന്നുണ്ട്.

രാജ്യത്തിന്റെ സംസ്‌കാരത്തിന്റേയും സമ്പദ് വ്യവസ്ഥയുടേയും നട്ടെല്ലാണ് പശു. പാശ്ചാത്യ സംസ്‌കാരത്തിന്റെ പുരോഗതി വേദപാരമ്പര്യത്തെ നാശത്തിലെത്തിച്ചു. പാശ്ചാത്യ സംസ്‌കാരത്തിന്റെ അതിപ്രസരം രാജ്യത്തിന്റെ സംസ്‌കാരത്തെയും പൈതൃകത്തേയും മറക്കാന്‍ ഇടയാക്കുന്നുണ്ടെന്നും ഈ സാഹചര്യത്തില്‍ പശുവിനെ കെട്ടിപ്പിടിച്ച് ആഘോഷിക്കുന്നത് വൈകാരികമാണെന്നും ബോര്‍ഡ് പറയുന്നു.

Content Highlight:  Journalist  Arun Kumar reacts to the Central Animal Welfare Department’s order to observe Valentine’s Day as Cow Hugging Day

We use cookies to give you the best possible experience. Learn more