കോഴിക്കോട്: ലൈംഗികാകര്‍ഷണമുണ്ടാക്കുന്ന വസ്ത്രങ്ങള്‍ ധരിച്ചതിനാല്‍ സെക്ഷ്വല്‍ ഹരാസ്മെന്റിനുള്ള ഐ.പി.സി 354 എ വകുപ്പ് നിലനില്‍ക്കില്ലെന്ന കോഴിക്കോട് സെഷന്‍സ് കോടതി വിധിക്കെതിരെ വിമര്‍ശനവുമായി മാധ്യമപ്രവര്‍ത്തകനും അധ്യാപകനുമായ അരുണ്‍ കുമാര്‍. ഭരണഘടനയുടേയോ നീതി വ്യവഹാരങ്ങളുടേയോ ഏഴയലത്തുപോകാത്ത പൊന്നുതമ്പുരാന്‍ ജഡ്ജി ഏമാന്റെ നീതിബോധം ഗംഭീരമായെന്ന് അരുണ്‍ കുമാര്‍ പരിഹസിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അരുണ്‍ കുമാറിന്റെ പ്രതികരണം.
‘പ്രതിഭാഗം ഹാജരാക്കിയ ഫോട്ടോകളില്‍ നിന്ന് ലൈംഗികചോദന ഉണര്‍ത്തുന്ന വസ്ത്രങ്ങള്‍ പരാതിക്കാരി ധരിച്ചിരുന്നതായി മനസ്സിലായി എന്നും അതുകൊണ്ട് പ്രതിക്കെതിരെ സെക്ഷ്വല്‍ ഹരാസ്‌മെന്റ് ചാര്‍ജ് (354a)നിലനില്‍ക്കില്ല എന്നും കോടതി.
അഫ്ഗാനിലെ താലിബാന്‍ കോടതിയല്ല,
ഉത്തരേന്ത്യയിലെ ഖാപ് പഞ്ചായത്തല്ല,
ഇന്ത്യയിലെ, കേരളത്തിലെ ഒരു കീഴ് കോടതി പീഡനക്കേസിലെ പ്രതിയ്ക്ക് ജാമ്യം അനുവദിച്ച വിധിയാണ്. ഭരണഘടനയുടേയോ നീതി വ്യവഹാരങ്ങളുടേയോ ഏഴയലത്തു പോകാത്ത പൊന്നു തമ്പുരാന്‍ ജഡ്ജി ഏമാന്റെ നീതിബോധം ഗംഭീരം!,’ എന്നാണ് അരുണ്‍ കുമാര്‍ പറഞ്ഞത്.
അതേസമയം, ലൈംഗികാകര്‍ഷണമുണ്ടാക്കുന്ന വസ്ത്രങ്ങള്‍ ധരിച്ചതിനാല്‍ സെക്ഷ്വല്‍ ഹരാസ്മെന്റിനുള്ള ഐ.പി.സി 354 എ വകുപ്പ് നിലനില്‍ക്കില്ലെന്നാണ് കോഴിക്കോട് സെഷന്‍സ് കോടതി വിധിയില്‍ പറയുന്നത്. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എസ്.കൃഷ്ണകുമാറാണ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ചു കൊണ്ടുള്ള കോഴിക്കോട് സെഷന്‍സ് കോടതിയുടെ 12-8-2022ലെ ഉത്തരവിലാണ് ഈ വിചിത്ര വാദം.
കൊയിലാണ്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ ലൈംഗിക പീഡന കേസിലും സിവിക് ചന്ദ്രന് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. യുവ എഴുത്തുകാരിയായിരുന്നു പരാതിക്കാരി.
2020 ഫെബ്രുവരിയില്‍ നടന്ന സംഭവത്തിന്മേലാണ് യുവതി പരാതി നല്‍കിയിരുന്നത്. 2020 ഫെബ്രുവരി എട്ടിന് നന്തി കടപ്പുറത്തെ ആളൊഴിഞ്ഞ സ്ഥലത്ത് ലൈംഗികാതിക്രമം നടത്തി എന്നായിരുന്നു പരാതി. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് യുവ എഴുത്തുകാരിയുടെ പരാതിയില്‍ സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടി പൊലീസ് കേസെടുത്തത്. വടകര ഡി.വൈ.എസ്.പിക്കായിരുന്നു കേസിന്റെ അന്വേഷണ ചുമതല.
CONTENT HIGHLIGHTS: Journalist Arun Kumar has criticized the Kozhikode Sessions Court’s verdict that Section 354A of IPC for sexual harassment does not stand.