കള്ളക്കേസില്‍ കുടുക്കിയ ഈ ആദിവാസി യുവാവ് പി.എസ്.സി റാങ്ക് ഹോള്‍ഡറാണ്; സരുണ്‍ മിടുക്കനല്ലെന്നും ഗ്രീഷ്മ മിടുക്കിയാണന്നും തോന്നാനുള്ള കാരണം സ്വത്വമാണ്: അരുണ്‍ കുമാര്‍
Kerala News
കള്ളക്കേസില്‍ കുടുക്കിയ ഈ ആദിവാസി യുവാവ് പി.എസ്.സി റാങ്ക് ഹോള്‍ഡറാണ്; സരുണ്‍ മിടുക്കനല്ലെന്നും ഗ്രീഷ്മ മിടുക്കിയാണന്നും തോന്നാനുള്ള കാരണം സ്വത്വമാണ്: അരുണ്‍ കുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 31st October 2022, 11:46 pm

തിരുവനന്തപുരം: പാറശാലയില്‍ ബി.എസ്.സി വിദ്യാര്‍ഥി ഷാരോണ്‍ രാജ് കൊലപാതകക്കേസിലെ പ്രതി ഗ്രീഷ്മയെക്കുറിച്ചുള്ള പൊലീസിന്റെ പ്രതികരണത്തില്‍ വിമര്‍ശനമുന്നയിച്ച് മാധ്യമപ്രവര്‍ത്തകന്‍ അരുണ്‍ കുമാര്‍. ഇടുക്കിയിലെ കിഴുകാനത്ത് ആദിവാസി യുവാവായ സരുണിനെ കള്ളക്കേസില്‍ കുടിക്കിയ സംഭവത്തെ ബന്ധപ്പെടുത്തിയാണ് അരുണ്‍കുമാര്‍ ഫേസ്ബുക്കില്‍ പ്രതികരണമെഴുതിയത്.

സരുണ്‍ മിടുക്കനല്ലെന്നും ഗ്രീഷ്മ മിടുക്കിയാണന്നും തോന്നാന്‍ ഒറ്റ കാരണമേ ഉള്ളുവെന്നും, അത് സരുണിന്റ സ്വത്വമാണെന്നും അരുണ്‍ കുമാര്‍ പറഞ്ഞു.

‘വിഷം ചാലിച്ച് കൂട്ടുകാരനെ കൊന്ന കൊലയാളിയായ ഗ്രീഷ്മയെക്കുറിച്ച് പൊലീസ്:
ഷീ ഈസ് ഫൈന്‍, മിടുക്കിയാണ്, റാങ്ക് ഹോള്‍ഡറാണ്. അതേസമയം,
കാട്ടിറച്ചി കൈവശം വെച്ചെന്ന് ആരോപിച്ച് കള്ളക്കേസില്‍ കുടുക്കിയ ഇടുക്കി കണ്ണംപടി സ്വദേശിയായ സരുണ്‍ സജി എന്ന ആദിവാസി യുവാവിനെക്കുറിച്ച്
‘ഹീ ഈസ് എ ക്രിമിനല്‍, കുറ്റവാളിയാണ്, ജയിലിലടക്കേണ്ടവനാണ് ‘
ഈ സരുണ്‍ പി.എസ്.സി റാങ്ക് ഹോള്‍ഡറാണ്.

മൂന്ന് പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഇടം നേടിയ ഭാവി സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. പഠനം കഴിഞ്ഞുള്ള ഒഴിവ് സമയം ഓട്ടോയോടിച്ച് ചിലവ് കണ്ടെത്തുന്നവനാണ്.
അവന്‍ മിടുക്കനല്ലെന്നും ഗ്രീഷ്മ മിടുക്കിയാണന്നും തോന്നാന്‍ ഒറ്റ കാരണമേ ഉള്ളു. അത് അവന്റെ സ്വത്വമാണ്. കരയോഗമില്ലാത്ത സ്വത്വം,’ എന്നാണ് അരുണ്‍ കുമാര്‍ എഴുതിയത്.

കാട്ടിറച്ചി കൈവശംവെച്ചുവെന്ന പേരിലാണ് ഇടുക്കി കണ്ണംപടി സ്വദേശിയായ സരുണിനെ വനം വകുപ്പ് ഉദ്യോഗസ്ഥന്‍ കള്ളക്കേസില്‍ കുടുക്കിയിരുന്നത്. സംഭവത്തില്‍ നാല് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല നടപടിയെടുത്തിരുന്നു.

അതേസമയം, ഷാരോണ്‍ രാജ് കൊലപാതക കേസില്‍ ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍വെച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കസ്റ്റഡിയിലിരിക്കെ ശുചിമുറിയിലെ അണുനാശിനി കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഗ്രീഷ്മയെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.