തിരുവനന്തപുരം: ദേശീയ പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ വരുന്ന മാധ്യമവാര്‍ത്തകള്‍ക്കെതിരെ വിമര്‍ശനവുമായി മാധ്യമപ്രവര്‍ത്തകന്‍ അരുണ്‍ കുമാര്‍. തൊഴിലാളികളുടെ സമരത്തിന് വിശാലമായ രാഷ്ട്രീയ ബോധ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
‘ഉപ്പു സത്യാഗ്രഹത്തിന് മാര്‍ച്ച് ചെയ്യുന്ന വഴിയില്‍ പാല്‍ വിതരണം തടസപ്പെട്ടു എന്ന് തലക്കെട്ട് വാര്‍ത്ത വരാത്തതും സത്യാഗ്രഹം വിജയിച്ചോ എന്ന് ഉത്കണ്ഠപ്പെടാത്തതും എന്തുകൊണ്ടായിരിക്കും?
ദണ്ഡി കടപ്പുറത്തെ ടൂറിസ്റ്റിന്റെ സ്വാതന്ത്ര്യത്തെ കവര്‍ന്നെടുത്ത സമരക്കാരുടെ തല അടിച്ചു പൊട്ടിക്കാന്‍ ആഹ്വാനം ചെയ്യാത്തത് എന്തുകൊണ്ടായിരിക്കും? കാരണം ജേര്‍ണലിസം ഒരു സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തനമായിരുന്നു. ജേര്‍ണലിസ്റ്റ് ആയവര്‍ സാമൂഹ്യ നേതാക്കള്‍ കൂടിയായിരുന്നു.
തൊഴിലാളികളുടെ സമരത്തിന് വിശാലമായ രാഷ്ട്രീയ ബോധ്യമുണ്ട്. ആ കരുത്തില്‍ ഒരു പതിറ്റാണ്ട് കഴിഞ്ഞാവാം ഈ സമരം വിജയിക്കുന്നത്. സമരത്തെയും തെരഞ്ഞെടുപ്പ് പ്രചരണത്തെയും ലാത്തി ചാര്‍ജിനെയും ഐ.പി.എല്ലിനെയും ഒരേ പോലെയല്ല കാണേണ്ടത്,’ അരുണ്‍ കുമാര്‍ പറഞ്ഞു.
അതേസമയം, സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ പണിമുടക്ക് സി.പി.ഐ.എം മാത്രം നടത്തുന്ന സമരമാണെന്ന സാമൂഹ്യ മാധ്യമങ്ങളിലെ നരേഷനെതിരെ മാധ്യമപ്രവര്‍ത്തകന്‍ നിഷാദ് റാവുത്തറും രംഗത്തെത്തിയിരുന്നു.
‘ഈ സമരം സി.പി.ഐ.എം ഒറ്റക്ക് നടത്തുന്നതല്ല എന്നാണ് എനിക്ക് തോന്നുന്നത്,’ എന്നാണ് നിഷാദ് തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്. ‘മല്ലു തിങ്ങ്‌സ്’ എന്ന ഹാഷ് ടാഗോടു കൂടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.