'24 ന്യൂസില്‍ പ്രവര്‍ത്തിച്ചത് ചട്ട പ്രകാരം'; നിയമപരമല്ലെന്ന് ആരോപിച്ച ഓണ്‍ലൈന്‍ പോര്‍ട്ടലിനെതിരെ നിയമനടപടിക്കൊരുങ്ങി അവതാരകന്‍ അരുണ്‍ കുമാര്‍
കൊച്ചി: 24 ന്യൂസില്‍ ഇപ്പോള്‍ പരിപാടി അവതരിപ്പിക്കാത്തത് സെല്‍ഫ് ക്വാറന്റീനില്‍ ആയതിനാലെന്ന് അവതാരകന്‍ അരുണ്‍ കുമാര്‍. റേഷന്‍ കടയുടമയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാലാണ് താന്‍ സെല്‍ഫ് ക്വാറന്റീനില്‍ പോയതെന്നും ഉടന്‍ മടങ്ങി വരുമെന്നും അവതാരകന്‍ വ്യക്തമാക്കി.
24 ന്യൂസില്‍ താന്‍ പ്രവര്‍ത്തിക്കുന്നത് ചട്ടപ്രകാരമാണെന്നും, നിയമവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് പ്രചരിപ്പിച്ച ഓണ്‍ലൈന്‍ പോര്‍ട്ടലിനെതിരെ യൂണിവേഴ്‌സിറ്റിയുടെ അനുമതി പ്രകാരം നിയമനടപടിക്കൊരുങ്ങുകയാണെന്നും അദ്ദേഹം അറിയിച്ചു. ഈ ആരോപണം കാരണമല്ല താന്‍ ചാനലില്‍ വരാതിരിക്കുന്നതെന്ന് വ്യക്തമാക്കുകയായിരുന്നു അരുണ്‍.
സര്‍ക്കാര്‍ സര്‍വ്വീസിലിരിക്കുന്നവര്‍ക്ക് ഡ്യൂട്ടിയെ ബാധിക്കാതെ മുന്‍കൂര്‍ അനുമതിയോടെ വാര്‍ത്താവതരണം,കലാ-സാംസ്‌കാരിക, ചലച്ചിത്ര അഭിനയം തുടങ്ങി പല മേഖലകളിലും പങ്കെടുക്കാം. താനും ഇതിനുള്ള അനുമതി പത്ത് വര്‍ഷം മുമ്പ് വാങ്ങിയിട്ടുണ്ടെന്നും 24 ന്യൂസില്‍ വാര്‍ത്ത അവതരിപ്പിക്കുന്നത് ചട്ട വിരുദ്ധമായല്ലെന്നും അദ്ദേഹം അറിയിച്ചു.
‘കായിക താരം ബോബി അലോഷ്യസിന്റെ തട്ടിപ്പ് വാര്‍ത്ത 24പുറത്തുവിട്ടതിനെ തുടര്‍ന്ന് ഒരു ഒണ്‍ലൈന്‍ പോര്‍ട്ടലില്‍( ശ്രീമതി ബോബിയുടെ ഭര്‍ത്താവിന്റെ ഒണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലില്‍ ) കേരള യൂണിവേഴ്‌സിറ്റിയിലെ ജോലിയ്ക്കിടെ ചട്ട വിരുദ്ധമായി 24ല്‍ വാര്‍ത്താവതരണം നടത്തുന്നു എന്ന വ്യാജ വാര്‍ത്ത പുറത്തു വരുന്നതും മറ്റ് അനുബന്ധ ഗ്വാഗ്വാ വിളികളും ഉയരുന്നതും. പോര്‍ട്ടലിനെതിരെ സര്‍വ്വകലാശാലയുടെ അനുമതിയോടെ നിയമ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടാണോ 24 ല്‍ കാണാത്തത് എന്ന ചോദ്യം ചിലര്‍ ചോദിച്ചതിനാലാണ് ഈ മറുപടി. അല്ല.
സര്‍ക്കാര്‍ സര്‍വീസിലുള്ളവര്‍ക്ക് ഡ്യൂട്ടി യെ ബാധിക്കാതെ മുന്‍കൂര്‍ അനുമതിയോടെ വാര്‍ത്താവതരണം, കലാ, സാംസ്‌ക്കാരിക ,ചലച്ചിത്ര അഭിനയം തുടങ്ങി പല മേഖലകളിലും പങ്കെടുക്കാം. ഇതിനുള്ള പ്രത്യേക അനുമതി പത്തു വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ സര്‍ക്കാരില്‍ നിന്ന് മറ്റ് പലരേയും പോലെ ഞാനും വാങ്ങിയിരുന്നു,” അരുണ്‍ പറഞ്ഞു.
2018ല്‍ 24ന്യൂസിന്റെ ഔദ്യോഗിക ചുമതലകളിലേക്ക് വരുന്നതിന് മുമ്പ് സര്‍വീസില്‍ നിന്ന് നിയമപ്രകാരം ശൂന്യവേതനാവധിയെടുത്തിരുന്നെന്നും ഇപ്പോള്‍ സര്‍വീസിലേക്ക് തിരിച്ചെത്തിയത് ചാനലിന്റെ ഔദ്യോഗിക ചുമതലകളില്‍ നിന്നും ഒഴിഞ്ഞു കൊണ്ടാണെന്നും അവതാരകന്‍ പറഞ്ഞു.
‘കേരള സര്‍വകലാശാലയിലെ നിയമനത്തിന് തൊട്ടു മുന്‍പ് 24 ന്റെ ഓദ്യോഗിക ചുമതലയില്‍ നിന്നൊഴിഞ്ഞാണ് സര്‍വ്വീസിലേക്ക് തിരികെയെത്തിയത്. തുടര്‍ന്ന് പ്രതിഫലം വാങ്ങാതെ ഡ്യൂട്ടി യെ ബാധിക്കാതെയുള്ള ‘വാര്‍ത്താവതരണത്തിന് ‘ ( പ്രൊജക്ടിനല്ല ) സര്‍വ്വകലാശാല അനുമതിയോടെയാണ് 24 ന്റെ സായാഹ്ന്‌ന വാര്‍ത്താ പരിപാടിയിലേക്ക് തിരികെയെത്തുന്നത് (ഉത്തരവ് നമ്പര്‍: 11912/2020/UOK). സര്‍വ്വകലാശാലയുടെ അക്കാദമിക് പരിവര്‍ത്തന കാലത്ത് NAAC സന്ദര്‍ശനത്തോട് അനുബന്ധിച്ച് കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ലഭിച്ചതിനാല്‍ അനുമതി ലോക് ഡൗണ്‍ കാലത്തിനു ശേഷം ഉണ്ടാവില്ല എന്ന് രജിസ്ട്രാര്‍ അറിയിച്ചിട്ടുണ്ട്. അതിവേഗം ഉത്തരവാദിത്തങ്ങള്‍ നിറവേറ്റി മടങ്ങി വരാം,’അരുണ്‍ പറഞ്ഞു.