| Wednesday, 4th November 2020, 6:29 pm

ഇവരെ നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടോ; അര്‍ണബിന് വേണ്ടി വാദിക്കുന്ന കേന്ദ്രമന്ത്രിമാര്‍ക്ക് മുന്‍പില്‍ ബി.ജെ.പി സര്‍ക്കാര്‍ ജയിലിലടച്ച മാധ്യമപ്രവര്‍ത്തകരുടെ പട്ടിക നിരത്തി വിമര്‍ശകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിപബ്ലിക്ക് ടിവി എഡിറ്റര്‍ ഇന്‍ ചീഫും എം.ഡിയുമായ അര്‍ണാബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ അര്‍ണബിനെതിരെ നടന്നിരിക്കുന്നത് മാധ്യമ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും മഹാരാഷ്ട്രാ സര്‍ക്കാര്‍ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് മേല്‍ കടന്നുകയറുകയാണെന്നും പറഞ്ഞ് കേന്ദ്രമന്ത്രിമാരുള്‍പ്പെടെ നിരവധി ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തിയിരുന്നു.
പ്രകാശ് ജാവദേക്കറും സ്മൃതി ഇറാനിയും സംഭവത്തെ ശക്തമായി അപലപിക്കുകയും ചെയ്തിരുന്നു.

ആത്മഹത്യ പ്രേരണ കേസില്‍ അറസ്റ്റിലായ അര്‍ണബിന് വേണ്ടി തൊണ്ടപൊട്ടി വാദിക്കുന്ന കേന്ദ്രമന്ത്രിമാര്‍ ഇന്ത്യയിലുടനീളമുള്ള ബി.ജെ.പി സര്‍ക്കാരുകള്‍ നിരവധി മാധ്യമപ്രവര്‍ത്തകരെ ഒരുകാരണവുമില്ലാതെ അറസ്റ്റ് ചെയ്തപ്പോല്‍ എന്തുകൊണ്ടാണ് മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കാന്‍ ഒരാളുപോലും രംഗത്തെത്തിയില്ല എന്നാണ് ഇവര്‍ക്കെതിരെ ഉയര്‍ന്നുവരുന്ന ചോദ്യം.
അടുത്തിടെ രാജ്യദ്രോഹക്കുറ്റം ഉള്‍പ്പെടെ ചുമത്തി നിരവധി മാധ്യമപ്രവര്‍ത്തകരെയാണ് ബി.ജെ.പി സര്‍ക്കാര്‍ അറസ്റ്റ് ചെയ്തിട്ടുള്ളത്.

1. സിദ്ദിഖ് കാപ്പന്‍
ഹാത്രാസില്‍ ക്രൂരമായി കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുമ്പോഴാണ് അഴിമുഖം. കോമിലെ റിപ്പോര്‍ട്ടറായ സിദ്ദിഖ് കാപ്പനെ യു.പി പൊലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ അഞ്ചിനായിരുന്നു കാപ്പന്റെ അറസ്റ്റ്. സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് യു.എ.പി.എയാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്.

2. കിഷോര്‍ ചന്ദ്ര വാങ്ഖൈം

ബിജെപി നേതാവിന്‍രെ ഭാര്യയുടെ സോഷ്യല്‍ മീഡിയ പോസ്റ്റിനോട് പ്രതികരിച്ചതിനാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി മണിപ്പൂരി മാധ്യമപ്രവര്‍ത്തകനായ വാങ്‌ഖെയെ ഈ വര്‍ഷം ഒക്ടോബറില്‍ അറസ്റ്റ് ചെയ്തത്. ഇത് രണ്ടാം തവണയാണ് വാങ്ഖൈം റസ്റ്റിലാകുന്നത്. 2018 ലും ആര്‍.എസ്.എസ്, മുഖ്യമന്ത്രി എന്‍. ബിരേന്‍ സിംഗ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ക്കെതിരെ അഭിപ്രായം പറഞ്ഞതിന് ഇദ്ദേഹത്തിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു. 2019 ല്‍ ഹൈക്കോടതി അദ്ദേഹത്തിനെതിരായ ആരോപണങ്ങള്‍ റദ്ദാക്കിയിരുന്നു

3. പ്രശാന്ത് കനോജിയ

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനായ കനോജിയയെ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ രണ്ടുതവണ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് തവണയും അദ്ദേഹത്തിന്റെ ട്വീറ്റുകളുടെ പേരില്‍ സര്‍ക്കാര്‍ ‘രാജ്യദ്രോഹം’ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. രണ്ട് കേസുകളിലും കോടതി അദ്ദേഹത്തെ വിട്ടയക്കാന്‍ ഉത്തരവിട്ടു.

4. രാജിബ് ശര്‍മ്മ

ജില്ലാ വനം ഉദ്യോഗസ്ഥന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ 2020 ജൂലൈ 16 നാണ് അസമീസ് ജേണലിസ്റ്റും ഡി.വൈ 365 ന്റെ ലേഖകനുമായ ശര്‍മ്മയെ അറസ്റ്റ് ചെയ്തത്. കന്നുകാലി കള്ളക്കടത്തും മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ ബന്ധത്തെക്കുറിച്ച് ശര്‍മ്മ അന്വേഷിക്കുകയായിരുന്നു. ശര്‍മ്മയുടെ അറസ്റ്റിന് പിന്നാലെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോ
ടെ മാധ്യമപ്രവര്‍ത്തകന്റെ അറസ്റ്റുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.

5. ധവാല്‍ പട്ടേല്‍

ഗുജറാത്തിയിലെ ഒരു ന്യൂസ് പോര്‍ട്ടലിന്റെ എഡിറ്ററായ ധവാല്‍ പട്ടേലിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി മെയ് ആദ്യം അറസ്റ്റ് ചെയ്തു. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയെക്കുറിച്ച് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിനെത്തുടര്‍ന്നാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായി ആഴ്ചകള്‍ക്ക് ശേഷം കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചു.

6. നരേഷ് ഖോഹാല്‍

ഹരിയാനയിലെ ഒരു ഹിന്ദി ദിനപത്രത്തിന്റെ ഫോട്ടോ ജേര്‍ണലിസ്റ്റായ ഖോഹല്‍ മെയ് 7 ന് അയല്‍വാസികള്‍ കല്ലെറിഞ്ഞ വിവരം പ്രാദേശിക പൊലീസിനെ അറിയിച്ചതിന് പിന്നാലെയാണ് അറസ്റ്റിലായത്. ശല്യമുണ്ടാക്കിയെന്നും കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നു എന്നും ആരോപിച്ചാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഒരു മാസത്തിനുശേഷം, സര്‍ക്കാര്‍ അന്വേഷണത്തില്‍ അദ്ദേഹത്തിന്റെ അറസ്റ്റ് ഉചിതമല്ല എന്ന് കണ്ടെത്തി.

7. രാഹുല്‍ കുല്‍ക്കര്‍ണി

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകനും പ്രമുഖ മറാത്തി വാര്‍ത്താ ചാനലായ എ.ബി.പി മജ്ഹയുടെ എക്സിക്യൂട്ടീവ് എഡിറ്ററുമായ കുല്‍ക്കര്‍ണിയെ ഏപ്രിലിലാണ് അറസ്റ്റുചെയതത്.
കുടിയേറ്റ തൊഴിലാളികള്‍ക്കായുള്ള പാസഞ്ചര്‍ ട്രെയിനിനെക്കുറിച്ച് ‘വ്യാജ വാര്‍ത്ത’ പ്രചരിപ്പിച്ചെന്നും ഇദ്ദേഹത്തിന്റെ വാര്‍ത്ത കാരണം ബാന്ദ്ര സ്റ്റേഷനില്‍ ആളുകള്‍ തടിച്ചുകൂടിയെന്നും ആരോപിച്ചായിരുന്നു അറസ്റ്റ്. പിന്നീട് നാലുമാസത്തിനുശേഷം അദ്ദേഹത്തെ എല്ലാ കുറ്റങ്ങളില്‍ നിന്നും ഒഴിവാക്കി.

8. രാജീവ് ശര്‍മ്മ

രണ്ട് വിദേശ പൗരന്മാര്‍ ഉള്‍പ്പെടുന്ന ഒരു ‘സ്പൈ റിങ്ങിന്റെ’ ഭാഗമാണെന്ന് പറഞ്ഞ് സെപ്റ്റംബറില്‍ ദല്‍ഹി പൊലീസ് സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനും വിദേശ നയ കമന്റേറ്ററുമായ ശര്‍മയെ ഔദ്യോഗിക രഹസ്യ നിയമപ്രകാരം അറസ്റ്റ് ചെയ്തു. ശര്‍മ്മയുടെ അറസ്റ്റിനെ മാധ്യമപ്രവര്‍ത്തകരുടെ സംഘടനകള്‍ ചോദ്യം ചെയ്തു.

9. സെവാങ് റിഗ്സിന്‍

സ്റ്റേറ്റ് ടൈംസിന്റെ ലേഖകന്‍ റിഗ്സിന്‍ സെപ്റ്റംബര്‍ 5 നാണ് അറസ്റ്റിലായത്. ലഡാക്കില്‍ നിന്നുള്ള ബി.ജെ.പി എം.പിക്കെതിരെ റിഗ്സിന്‍ മോഡറേറ്റ് ചെയ്യുന്ന ഫേസ്ബുക്ക് ഗ്രൂപ്പിലെ ഒരാള്‍ പ്രസാതാവന നടത്തിയെന്നാരോപിച്ചായിരുന്നു എം.പി റിഗ്സിനെതിരെ പരാതി നല്‍കിയത്. ഗ്രൂപ്പില്‍ 34,000 അംഗങ്ങളുണ്ട്. റിഗ്സിന് അന്നുതന്നെ ജാമ്യം ലഭിക്കുകയും ചെയ്തു.

അതേസമയം, ഒക്ടോബര്‍ മാസത്തില്‍ മോദി സര്‍ക്കാരിനെതിരെ ആഗോള മാധ്യമ സംഘടന രംഗത്തെത്തിയിരുന്നു. കൊവിഡിനെ മറയാക്കി സര്‍ക്കാര്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മേല്‍ രാജ്യദ്രോഹക്കുറ്റം ഉള്‍പ്പെടെ ചുമത്തിയെന്നും പകര്‍ച്ചവ്യാധി പടര്‍ന്നതിനുശേഷം മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തുന്ന കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവുണ്ടായെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ലോക്ഡൗണ്‍ സമയത്ത് 55 ഓളം മാധ്യമപ്രവര്‍ത്തകരെ സര്‍ക്കാര്‍ ഉന്നമിട്ടിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 124 എ പ്രകാരം മാധ്യമപ്രവര്‍ത്തകര്‍ക്ക് മേല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതില്‍ വര്‍ദ്ധനവ് ഉണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:Journalist Arrested By  BJP Government, new Discussion On The light Of Arnab Goswamy’s arrest and Supports fro, BJP Ministers

We use cookies to give you the best possible experience. Learn more