| Thursday, 13th July 2023, 5:49 pm

എന്റെ വാക്കാലുള്ള രാജി ഔദ്യോഗികമായി കണക്കാക്കുന്ന മാനേജ്‌മെന്റാണ് ഇപ്പോള്‍ റിപ്പോര്‍ട്ടറിന്റേത്: അപര്‍ണ സെന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: റിപ്പോര്‍ട്ടര്‍ ടി.വിയില്‍ നിന്ന് താന്‍ ഇതുവരെ ഔദ്യോഗികമായി രാജിവെച്ചിട്ടില്ലെന്ന് മുന്‍ ന്യൂസ് എഡിറ്റര്‍ അപര്‍ണ സെന്‍. തന്റെ വാക്കാലുള്ള രാജി ഔദ്യോഗികമായി കണക്കാക്കുന്ന മാനേജ്‌മെന്റാണ് ഇപ്പോള്‍ റിപ്പോര്‍ട്ടറിനുള്ളതെന്നും ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.

നിലവിലെ സാഹചര്യത്തില്‍ താന്‍ ഇപ്പോഴും റിപ്പോര്‍ട്ടറിലെ എംപ്ലോയിയാണെന്നും തനിക്ക് ഇതുവരെ റിലീവിങ് ലെറ്റര്‍ കിട്ടിയിട്ടില്ലെന്നും അപര്‍ണ പറഞ്ഞു. ചാനല്‍ പുതിയ മാനേജ്‌മെന്റ് ഏറ്റെടുത്തപ്പോള്‍ ടോപ്പ് എഡിറ്റോറിയല്‍ ടീമില്‍ നിന്ന് ഒഴിവാക്കിയിരുന്നു. അത് തന്റെ നിലപാട് കാരണമായിരിക്കാമെന്നാണ് കരുതുന്നതെന്നും
അപര്‍ണ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

‘എനിക്കിപ്പോള്‍ ഇവര്‍ എന്ത് വില ഇട്ടാലും എന്റെ ബോധ്യത്തിനനുസരിച്ച് മാത്രമേ ഞാന്‍ നിലപാട് സ്വീകരിക്കുകയുള്ളൂ. എന്റെ ബോധ്യങ്ങള്‍ക്കനുസരിച്ചുള്ള നിലപാടുകള്‍ മാത്രമേ ഉണ്ടാകാന്‍ പോകുന്നുള്ളൂ. അത് കൃത്യമായി തന്നെ അവര്‍ക്ക് അറിയുമായിരിക്കും. അങ്ങനെ സ്വാഭാവികമായിട്ടും എന്നെ എഡിറ്റോറിയല്‍ ടീമില്‍ നിന്ന് ഒഴിവാക്കുന്നു.

അഭിമുഖത്തിന്റെ പൂര്‍ണരൂപം വായിക്കാം

എന്തുകൊണ്ടാണ് ഞാന്‍ തുടര്‍ച്ചയായി ഒഴിവാക്കപ്പെടുന്നത് എന്ന ചോദ്യം എന്റെയുള്ളില്‍ ഉണ്ടായിരുന്നു. അവര്‍ക്ക് അപര്‍ണ ഇവിടെയൊന്നും ഉണ്ടാവാന്‍ പാടില്ല എന്ന കൃത്യമായ അജണ്ട ഉണ്ടായിരിക്കണം.

അപര്‍ണയുടെ മുഖം ഇനി റിപ്പോര്‍ട്ടറിന്റെ മുഖമായി ഉണ്ടാവാന്‍ പാടില്ലെന്ന് ആരൊക്കെയോ തീരുമാനിച്ചിരിക്കുന്നുവെന്നായിരുന്നു എന്റെ ബോധ്യം. അത് ശരിയായിരുന്നു എന്ന് തെളിയിക്കുന്ന കാര്യങ്ങളായിരുന്നു പിന്നീടുണ്ടായത്,’ അപര്‍ണ പറഞ്ഞു.

നിലവിലെ സാഹചര്യത്തില്‍ താനായി രാജി കൊടുക്കുന്നില്ലെന്നും ചാനലിന്റെ നിലപാടുകളെ വിമര്‍ശിച്ചുകൊണ്ട് തുടരാനാണ് തീരുമാനമെന്നും അപര്‍ണ കൂട്ടിച്ചേര്‍ത്തു.

‘അവരെ സംബന്ധിച്ച് ഞാന്‍ രാജി എഴുതി കൊടുക്കേണ്ടത് അവര്‍ക്ക് ആവശ്യമുണ്ട്. അങ്ങനെയാകുമ്പോള്‍ എനിക്ക് തരേണ്ട ഭീമമായ തുക അവര്‍ക്ക് ഒഴിവായി കിട്ടും. ഞാന്‍ ഒഴിവായി പോകുന്നു എന്ന് പറഞ്ഞാല്‍ സമൂഹ മാധ്യമങ്ങളില്‍ അത് ചര്‍ച്ചയാവില്ല.

അതേസമയം അവര്‍ എനിക്കെതിരെ എന്തെങ്കിലും ആക്ഷന്‍ എടുത്താല്‍ അത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകും. ഈ സമയത്ത് അവര്‍ അത് ആഗ്രഹിക്കുന്നില്ല, കാരണം ബി.ജെ.പി അനുഭാവികള്‍ ആക്രമിക്കപ്പെടും എന്ന് അവര്‍ക്കറിയാം. അവരെ സംരക്ഷിക്കേണ്ടത് മാനേജ്‌മെന്റിന്റെ ബാധ്യതയാണ്.

നിലവിലെ സാഹചര്യത്തില്‍ ഞാന്‍ രാജി കൊടുക്കുന്നില്ല. അവരുടെ നിലപാടുകളെ വിമര്‍ശിച്ചു കൊണ്ടു തന്നെ ഞാന്‍ അവിടെ നില്‍ക്കും. കാരണം എന്റെ തൊഴില്‍ ചെയ്യുവാനുള്ള അവകാശത്തെ അവര്‍ നിഷേധിച്ചു,’ അപര്‍ണ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

Content Highlight: Journalist Aparna Sen about resignation in reporter tv

We use cookies to give you the best possible experience. Learn more