| Tuesday, 29th December 2020, 10:15 am

അച്ഛന് വേണ്ടി കുഴി വെട്ടുന്ന അവന്റെ നെഞ്ചിലെ തീയുടെ ചൂടാണ് ഇപ്പോള്‍ ചിന്തകളില്‍, അവന്‍ വന്ന ചര്‍ച്ചയില്‍ പതറിപ്പോയി

അപര്‍ണ സെന്‍

ഇത്രയധികം വേദനയോടെ ഒരു ചര്‍ച്ച നടത്തി അവസാനിപ്പിച്ചത് ജീവിതത്തില്‍ ആദ്യമായാണ്. നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ തീ കൊളുത്തി മരിച്ച സംഭവവും അതിന്റെ സാമൂഹിക വശങ്ങളും ആയിരുന്നു ചര്‍ച്ച. അഡ്വക്കറ്റ് മിനി, ലാല്‍ കുമാര്‍, ജോര്‍ജ് ജോസഫ് എന്നിവര്‍ ആയിരുന്നു പാനല്‍. ചര്‍ച്ച സാമൂഹിക വശങ്ങളും സാമ്പത്തിക വശങ്ങളും ചര്‍ച്ച ചെയ്യുന്നതിനിടയിലാണ് പ്രൊഡക്ഷന്‍ ടീം മരിച്ച രാജന്റെ അയല്‍വാസി ആയ ശരത്തിനെ ടെലിഫോണ്‍ ലൈനില്‍ വിളിച്ചു കണക്ട് ചെയ്തത്.

ശരത് സംസാരിയ്ക്കുമ്പോള്‍ തന്നെ ഫോണ്‍ മോന് കൊടുക്കാം എന്നു പറഞ്ഞ് ഈ കുട്ടിക്ക് കൈമാറി. അത് കേട്ടപ്പോള്‍ തന്നെ ഞാന്‍ ഒന്ന് നടുങ്ങി, അച്ഛനും അമ്മയും തീഗോളം ആയി മാറുന്നത് കണ്ട ഒരു കുട്ടിയോട് ഞാന്‍ എന്താണ് ചോദിയ്‌ക്കേണ്ടത് എന്നറിയാതെ പതറിപ്പോയി.
പക്ഷെ അവന്‍ സംസാരിച്ചു തുടങ്ങിയപ്പോളാണ് സംഭവത്തിന്റെ ദൈന്യത മനസ്സിലാകുന്നത്.

‘അമ്മ വിളമ്പി വെച്ച ചോറ് പോലും കഴിയ്ക്കാന്‍ സമ്മതിയ്ക്കാതെ പപ്പയെ പിടിച്ചു വലിച്ചു പുറത്തുകൊണ്ട് വരികയായിരുന്നു. ആ ചോറ് കഴിച്ചിട്ട് ഞങ്ങള്‍ ഇറങ്ങിക്കോളാം എന്ന് എന്റെ പപ്പ പറഞ്ഞു. അവര്‍ കേട്ടില്ല, എന്റെ പപ്പയെ ഈ സ്ഥലത്ത് അടക്കാന്‍ എങ്കിലും സമ്മതിയ്ക്കണം’ അവന്‍ വിങ്ങിപ്പൊട്ടുകയായിരുന്നു.

കുറച്ചധികം സമയം എന്റെ ചെവിയില്‍ അവന്റെ വാക്കുകള്‍ വന്നലച്ചു കൊണ്ടേയിരുന്നു, പാനലില്‍ ഉണ്ടായിരുന്നവരും സമാന അവസ്ഥയില്‍ ആയിരുന്നു. ഏക്കര്‍ കണക്കിന് ഭൂമി കൈയേറിയിട്ടല്ല, മൂന്നു സെന്റില്‍ ഒരു ഷെഡ് തീര്‍ത്തതിന് രണ്ടു ജീവന്‍ നമ്മുടെ മുന്നില്‍ കത്തിക്കരിഞ്ഞു വീണു. സ്വസ്ഥമായി ഉറങ്ങാന്‍ കഴിയുന്നില്ല. അച്ഛനും അമ്മയും തീയായി ആളിപ്പടരുന്നത് കണ്ട രണ്ടു മക്കള്‍. അവര്‍ മാത്രമേ ഉള്ളൂ മനസ്സില്‍. അച്ഛന് വേണ്ടി കുഴി വെട്ടുന്ന അവന്റെ നെഞ്ചിലെ തീയുടെ ചൂടാണ് ഇപ്പോള്‍ ചിന്തകളില്‍. ഭരണകൂടവും പോലീസും ഉത്തരം പറഞ്ഞെ മതിയാകു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Journalist Aparna Sen about Rajan’s children and the incident

അപര്‍ണ സെന്‍

മാധ്യമപ്രവര്‍ത്തക

We use cookies to give you the best possible experience. Learn more