തിരുവനന്തപുരം: ഓണ്‍ലൈന്‍ മാധ്യമത്തിലൂടെ അധിക്ഷേപിച്ച് സംസാരിച്ച മറുനാടന്‍ മലയാളിയുടെ എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്കെതിരെ വക്കീല്‍ നോട്ടീസയച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ കുറുപ്പ്. സൈബര്‍ ആക്രമണത്തെത്തുടര്‍ന്ന് അപര്‍ണ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
അപകീര്‍ത്തിപ്പെടുത്തല്‍, സമൂഹമധ്യത്തില്‍ അപമാനിക്കല്‍,ഒരു വ്യക്തിയുടെ, സ്ത്രീയുടെ അനുവാദമില്ലാതെ ഫോട്ടോകള്‍ ദുരുപയോഗം ചെയ്യല്‍, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം, സ്ത്രീത്വത്തെ അവഹേളിക്കല്‍ തുടങ്ങിയ വകുപ്പുകളില്‍ ഐ.പി.സി സെക്ഷന്‍ 500, സെക്ഷന്‍ 469, കേരള പോലീസ് ആക്ട് 119 എന്നിവയും ഐടി ആക്ടിന്റെ പരിധിയിലുള്ള വകുപ്പുകളും ചുമത്തിയാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നതെന്ന് അപര്‍ണ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. വക്കീല്‍ നോട്ടീസിന്റെ പകര്‍പ്പും അപര്‍ണ പങ്കുവെച്ചിട്ടുണ്ട്.
അസഭ്യത്തിനും അപമാനത്തിനും ആള്‍ക്കൂട്ട ആക്രമണ ആഹ്വാനത്തിനും ഖേദം പ്രകടിപ്പിക്കാതിരുന്നാല്‍ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും അപര്‍ണ അറിയിച്ചു. ഇത് തുടങ്ങിവച്ച നിയമനടപടിയുടെ ആദ്യഘട്ടം മാത്രമാണെന്നും അവര്‍ പറഞ്ഞു.
‘പാപ്പരാസികളെ തോല്പിക്കുന്ന ഇക്കിളിക്കഥകളും ബ്ലാക്ക്‌മെയിലിങ് സ്‌കൂപ്പുകളും പ്രസിദ്ധീകരിച്ച്, കിട്ടുന്നവരെയെല്ലാം സ്ത്രീകളാണെന്ന് പോലും പരിഗണിക്കാതെ നാണം കെടുത്താനും വെട്ടുകിളികളെ കൊണ്ട് തെറിവിളിപ്പിക്കാനും നടക്കുന്നവര്‍ ആദര്‍ശധീരയായ കറയില്ലാത്ത മാധ്യമപ്രവര്‍ത്തകയായിരുന്ന അമ്മിണി ശിവറാമിനെപ്പറ്റിയൊന്നും പറഞ്ഞ് ജേര്‍ണലിസം എന്ന വാക്കിനെ നാണം കെടുത്തരുത്. വിവരമില്ലായ്മ അലങ്കാരമായി നടക്കുന്ന ചില പ്രത്യേക കൊടി പിടിച്ച് നടക്കുന്നവരുടെ കമന്റുകളും പോസ്റ്റുമൊക്കെ പ്രൊഫൈലടക്കം എണ്ണിയെടുക്കാനും റിപ്പോര്‍ട്ട് ചെയ്യാനും കുറച്ചു ബുദ്ധിമുട്ടില്ലാതില്ല, പക്ഷെ ആ ബുദ്ധിമുട്ട് അങ്ങ് സഹിച്ചോളാം. ഒരെണ്ണവും വിട്ടുപോകില്ല, പേടിച്ച് മിണ്ടാതിരിക്കുകയുമില്ല’, അപര്‍ണ ഫേസ്ബുക്കില്‍ കുറിച്ചു.
ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ നിന്നും പാസില്ലാതെ കേരളത്തിലെ അതിര്‍ത്തികളില്‍ കുടുങ്ങി കിടക്കുന്നവരെ നാട്ടിലേക്കെത്തിക്കണോ എന്ന വിഷയത്തില്‍ ന്യൂസ് 18 ചാനലില്‍ ചര്‍ച്ച നടന്നിരുന്നു. ഇതിനെ തുടര്‍ന്ന് മറുനാടന്‍ മലയാളിയുടെ വെബ്സൈറ്റില്‍ ഷാജന്‍ സ്‌കറിയ ചെയ്ത വീഡിയോയില്‍ അപര്‍ണയെ അധിക്ഷേപിച്ചു കൊണ്ട് സംസാരിച്ചിരുന്നു. ഇതിന് പുറമെ അപര്‍ണയുടെ ഫേസ്ബുക്ക് പോസ്റ്റിന് കീഴില്‍ നിരവധി പേര്‍ അശ്ലീല കമന്റുകളും ഇട്ടിരുന്നു.
ഇതിനെതിരെയാണ് മാധ്യമപ്രവര്‍ത്തക നിയമ നടപടികളുമായി രംഗത്തെത്തിയിരിക്കുന്നത്. മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും ഹൈടെകിനും പരാതിയിരുന്നു.
തനിക്കെതിരെ സൈബര്‍ ലിഞ്ചിങ് നടത്തുകയും വെട്ടുക്കിളിക്കൂട്ടത്തോട് ആഹ്വാനം ചെയ്യുകയും ചെയ്ത ശവംതീനിയായ മഞ്ഞപത്രക്കാരനോട് എണ്ണിപ്പറയാനില്ല. പക്ഷെ നിയമപരമായി നേരിടാനുള്ള തുടക്കം കുറിച്ചിട്ടുണ്ടെന്നും അപര്‍ണ നേരത്തെ വ്യക്തമാക്കിയിരുന്നു. വെര്‍ബല്‍ റേപ് നടത്തിയവരെയും അസഭ്യം പറഞ്ഞവരുടെയും കമന്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകളും സൈബര്‍ ഡോമിന് കൈമാറിയിട്ടുണ്ടെന്നും അപര്‍ണ പറഞ്ഞു.
സൈബര്‍ ആക്രമണത്തിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തനം നിര്‍ത്തുമെന്ന് ഒരു പാര്‍ട്ടിക്ക് കൊടി പിടിക്കുന്നവരും കരുതരുതെന്നും അവര്‍ മറ്റൊരു ഫേസ്ബുക്ക്പോസ്റ്റില്‍ പറഞ്ഞു.
പരാതി നല്‍കിയതിന് പിന്നാലെ അപര്‍ണയ്ക്കെതിരെ വീണ്ടും വീഡിയോയുമായി ഷാജന്‍ സ്‌കറിയ രംഗത്തെത്തിയിരുന്നു. അപര്‍ണയെ നീലപത്രക്കാരി എന്ന് വിളിച്ചു കൊണ്ടായിരുന്നു ഷാജന്‍ സ്‌കറിയയുടെ വീഡിയോ.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.