കോഴിക്കോട്: ക്ഷേത്രങ്ങള്‍ ഏറ്റെടുക്കാന്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന സുപ്രീം കോടതി മുന്‍ ജഡ്ജി ഇന്ദു മല്‍ഹോത്രയുടെ വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി മാധ്യമപ്രവര്‍ത്തകനും അധ്യാപകനുമായ ഡോ. അരുണ്‍ കുമാര്‍.
മനുസ്മൃതി സ്മരിച്ച ന്യായാധിപയോ, ഇന്ദു മല്‍ഹോത്രയുടെ ലക്ഷ്യം രാജ്യസഭയാണോ രാജ്ഭവനാണോ എന്ന് അരുണ്‍ കുമാര്‍ ചോദിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അരുണ്‍ കുമാറിന്റെ പ്രതികരണം.
‘മനുസ്മൃതി സ്മരിച്ച ന്യായാധിപയോ?
വിധിച്ചതെല്ലാം ഹിന്ദു നീതിയോ?
വിശ്വാസം’അസത്യമേവ ജയതേ’യോ?
ലക്ഷ്യം രാജ്യസഭയോ, രാജ്ഭവനോ?,’ എന്നാണ് അരുണ്‍ കുമാര്‍ കുറിച്ചത്.
തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന് മുന്നില്‍വെച്ച് കഴിഞ്ഞ ദിവസമായിരുന്നു ഇന്ദു മല്‍ഹോത്രയുടെ വിവാദ പരാമര്‍ശം. വരുമാനം കാരണം ഹിന്ദുക്ഷേത്രങ്ങള്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ കയ്യടക്കി. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലും ഇത്തരത്തില്‍ ശ്രമം നടന്നു. താനും യു.യു.ലളിതും(നിലവിലെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്) ചേര്‍ന്ന് അത് അവസാനിപ്പിച്ചെന്നും ഇന്ദു മല്‍ഹോത്ര പറഞ്ഞിരുന്നു. തന്നെ കാണാന്‍ എത്തിയവരോട് സംസാരിക്കുകയായിരുന്നു ഇവര്‍.
ഇങ്ങനെ പറയുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. നിങ്ങളെക്കുറിച്ച് അഭിമാനമുണ്ടെന്ന് കൂടി നിന്നവര്‍ പറയുന്നതും ഇന്ദുമല്‍ഹോത്ര നന്ദി പറയുന്നതും കേള്‍ക്കാം.
ശ്രീപത്മനാഭസ്വാമി ക്ഷേത്ര ഭരണവും സ്വത്തുക്കളുടെ അവകാശവും രാജകുടുംബത്തിന് കൂടി അവകാശപ്പെട്ടതാണെന്ന് വിധി പറഞ്ഞത് ജസ്റ്റിസ് യു.യു. ലളിതും ഇന്ദുമല്‍ഹോത്രയും ചേര്‍ന്ന ബെഞ്ചാണ്. ശബരിമല യുവതി പ്രവേശന വിധി പുറപ്പെടുവിച്ച സുപ്രീംകോടതി ബെഞ്ചിലെ അംഗമായിരുന്നു ഇന്ദു മല്‍ഹോത്ര.