തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ വെള്ളിയാഴ്ച നടത്തിയ ഹര്‍ത്താലിലുണ്ടായ അനിഷ്ട സംഭവത്തില്‍ പ്രതികരണവുമായി മാധ്യമപ്രവര്‍ത്തകനും അധ്യാപകനുമായ ഡോ. അരുണ്‍ കുമാര്‍.
ഇന്നത്തെ പോപ്പുലര്‍ ഫ്രണ്ടിന്റെ സ്ട്രീറ്റ് വയലന്‍സ് ഷോ ഇന്ത്യയിലെ മുസ്‌ലിം സഹോദരങ്ങളുടെ ഒറ്റുകാര്‍ തങ്ങളാണന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘കേന്ദ്ര ഏജന്‍സിയ്ക്കെതിരെ ഹര്‍ത്താലിന് സംഘപരിവാറിനെതിരെ സീറോ ടോളറന്‍സുള്ള കേരളം തെരഞ്ഞെടുത്തത് കേരളം തീവ്രവാദ റിക്രൂട്ടിങ് കേന്ദ്രമെന്ന നരേറ്റീവിനെ ശക്തമാക്കി.
എന്‍.ഐ.എയ്ക്കെതിരെ ഹര്‍ത്താലിനിറങ്ങിയവര്‍ തല്ലിതകര്‍ത്ത 70 കേരള ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍, മില്‍മ, എയര്‍ പോര്‍ട്ട് യാത്രക്കാര്‍ തുടങ്ങി ഹര്‍ത്താലില്‍ നിന്ന് ഒഴിച്ചുനിര്‍ത്താറുള്ള അവശ്യം സേവനങ്ങളെയും വേട്ടയാടി വയലന്‍സില്ലാതെ തങ്ങളില്ലന്ന് തെളിയിച്ചവര്‍.
ഈ ദൃശ്യങ്ങളെല്ലാം അതും മതമുദ്രാവാക്യങ്ങളുയര്‍ത്തിയവ, ന്യൂനപക്ഷ വിരുദ്ധതയുടെ പോരാളികള്‍ക്ക് എന്നേക്കുമുള പ്രചരണായുധങ്ങളായി. എല്ലാം സംഘപരിവാറിനു വേണ്ടി, പൊളിറ്റിക്കല്‍ ഇസ്‌ലാമിന്റെ ഒരേയൊരു സാധ്യത വര്‍ഗീയ ഭൂമിയിലാണന്ന് തിരിച്ചറിഞ്ഞവര്‍ നടത്തിയ ഏറ്റവും വലിയ ഒറ്റാണ് ഇന്നത്തേത്.
ഭൂരിപക്ഷം മുസ്‌ലിം സംഘടനകളും പടിക്കു പുറത്ത് നിര്‍ത്തിയ ഇക്കൂട്ടരില്‍ ഒന്നിനെയും ഒപ്പം കൂട്ടരുത്. സെക്കുലര്‍ സമൂഹമാണ് വര്‍ഗീയ രാഷ്ട്രീയത്തിന്റെ വാക്‌സിനും ആന്റിബയോട്ടിക്കും. ഇവര്‍ വ്യാജ ചികിത്സകരാണ്. വര്‍ഗീയ രോഗാണുവിന്റെ കൂട്ടുകാര്‍!,’ അരുണ്‍ കുമാര്‍ പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് പ്രഖ്യാപിച്ച ഹര്‍ത്താലിലുണ്ടായ അക്രമങ്ങളില്‍ 170 പേര്‍ അറസ്റ്റിലായി. സംസ്ഥാനത്താകെ 157 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഏറ്റവും കൂടുതല്‍ കേസ് കണ്ണൂര്‍ സിറ്റിയിലാണ്. പ്രതിരോധ നടപടികള്‍ക്കായി 368 പേരെ കരുതല്‍ തടങ്കലിലാക്കിയെന്നും പൊലീസ് അറിയിച്ചു.
CONTENT HIGHLIGHTS: Journalist and teacher Dr. Arun Kumar reacted to the untoward incident during the Popular Front of India’s hartal on Friday