ബെംഗളൂരു: മാധ്യമപ്രവര്‍ത്തകനും ആള്‍ട്ട് ന്യൂസിന്റെ സഹസ്ഥാപകനുമായ മുഹമ്മദ് സുബൈറിനെതിരെ അള്‍ക്കൂട്ട ആക്രമണത്തിന് ആഹ്വാനം ചെയ്ത് ഹിന്ദുത്വ ഗ്രൂപ്പുകളുടെ വധഭീഷണി. ഭീഷണിക്കൊപ്പം തനിക്ക് കൊറിയര്‍ വഴി പന്നിയിറച്ചി വീട്ടിലേക്ക് അയച്ചു തന്നെന്നും സുബൈര്‍ പരാതിപ്പെട്ടു. റമളാന്‍ മാസമാണ് പന്നിയിറച്ചി പാര്‍സലായി അയച്ചത്.
സുബൈറിറിന്റെ പരാതിയെ തുടര്‍ന്ന 16 ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ക്കെതിരെ ബെംഗളൂരു പൊലീസ് കേസെടുത്തിട്ടുണ്ടെന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സപ്രസ് റിപ്പോര്‍ട്ട് ചെയ്തു.
സെക്ഷന്‍ 505(പൊതുജനദ്രോഹം), 153 എ(മതം, വംശം, ജന്മസ്ഥലം, താമസസ്ഥലം, ഭാഷ മുതലായവയുടെ അടിസ്ഥാനത്തില്‍ വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുക, ഐക്യം നിലനിര്‍ത്തുന്നതിന് വിഘാതമായ പ്രവൃത്തികള്‍ ചെയ്യുക), 506 (ക്രിമിനല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
സുബൈറിന്റെ മേല്‍വിലാസം ട്വിറ്ററിലൂടെ ഷെയര്‍ ചെയ്ത് പ്രചരിപ്പിച്ച് ഭീഷണി മുഴക്കിയവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇതുവഴി ലഭിച്ച മേല്‍വിലാസത്തിലാണ് വധവീഷണി വന്നതെന്നും സുബൈര്‍ പരാതിയില്‍ ആരോപിച്ചു.
ഏപ്രില്‍ 9ന് @cyber_Huntss എന്ന ട്വിറ്റര്‍ അക്കൗണ്ട് ഉടമയാണ് 400 ഗ്രാം പന്നിയിറച്ചി പാക്കറ്റ് അയച്ചതെന്നും ഇതിനെക്കുറിച്ച് പിന്നീട് ഈ അക്കൗണ്ട് വഴി ട്വീറ്റ് ചെയ്‌തെന്നും സുബൈര്‍ പറഞ്ഞു. ഇപ്പോള്‍ ഈ ട്വീറ്റ് ഡിലീറ്റ് ചെയ്ത നിലയിലാണെന്നും അദ്ദേഹം അറിയിച്ചു.
സുബൈറിനെതിരെ വധഭീഷണി ട്വീറ്റ് ചെയ്ത സ്വയം പ്രഖ്യാപിത മാധ്യമപ്രവര്‍ത്തകന്‍ അജീത് ഭാരതിയെക്കുറിച്ചും എഫ്.ഐ.ആറില്‍ പരാമര്‍ശമുണ്ടെന്ന് ദി ന്യൂസ് മിനിട്ടിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
തന്റെ ഐഡന്റിറ്റി ലക്ഷ്യമാക്കിയാണ് റമളാന്‍ മാസത്തില്‍ പന്നിയിറച്ചി അയച്ചുതന്നതെന്നും ഇതുവഴി തന്റെ സ്വത്വത്തെ അപമാനിച്ചെന്നും സുബൈര്‍ പറഞ്ഞു.
‘കേസെടുത്ത ട്വിറ്റര്‍ ഹാന്‍ഡിലുകളെല്ലാം എന്റെ മേല്‍വിലാസം വെളിപ്പെടുത്തി. എന്നെക്കുറിച്ച് നുണകളും അസത്യങ്ങളും പ്രചരിപ്പിച്ചു. എന്റെ മുസ്‌ലിം ഐഡന്റിറ്റി ലക്ഷ്യമാക്കി എനിക്കെതിരെ ആള്‍ക്കൂട്ട ആക്രമണത്തിന് പ്രേരിപ്പിക്കുകയായിരുന്നു അവര്‍.
മുസ്‌ലിം വിശ്വാസികള്‍ കഴിക്കാത്ത പന്നിയിറച്ചി അയച്ചതില്‍ നിന്ന് എന്റെ ഐഡന്റിറ്റിയാണ് ലക്ഷ്യമെന്നത് വ്യക്തമാണ്. പ്രത്യേകിച്ച് റമളാന്‍ മാസത്തില്‍,’ മുഹമ്മദ് സുബൈര്‍ പറഞ്ഞു.
Content Highlight: journalist and co-founder of Alt News Mohammad Zubair receives death threats from Hindutva groups calling for attack