ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാനുള്ള മടി കുപ്രസിദ്ധമാണ്. അധികാരത്തിലെത്തി നാലുവര്‍ഷത്തിനിടെ പ്രധാനമന്ത്രി ഒരിക്കല്‍പ്പോലും വാര്‍ത്താസമ്മേളനങ്ങള്‍ നടത്തുകയോ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് നേരിട്ട് പ്രതികരിക്കുകയോ ചെയ്തിരുന്നില്ല. ഇന്ന് ടൈംസ് ഓഫ് ഇന്ത്യയും എ.എന്‍.ഐയും പ്രധാനമന്ത്രിയുടെ അഭിമുഖം പ്രസിദ്ധീകരിച്ചിരിക്കുകയാണ്. എന്നാല്‍ ഇത് മോദിക്കുവേണ്ടിയുള്ള പി.ആര്‍ വര്‍ക്കാണെന്ന വിമര്‍ശനങ്ങള്‍ ഇതിനകം തന്നെ വലിയതോതില്‍ ഉയര്‍ന്നു കഴിഞ്ഞു.
ദ ട്രൈബ്യൂണ്‍ ഡെപ്യൂട്ടി എഡിറ്റര്‍ സ്മിത ശര്‍മ്മയടക്കമുള്ളവര്‍ ഈ അഭിമുഖത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്. അഭിമുഖത്തെക്കുറിച്ചുള്ള മോദിയുടെ ട്വീറ്റിനോട് പ്രതികരിച്ചുകൊണ്ടാണ് സ്മിത ശര്‍മ്മ അവരുടെ പ്രതിഷേധമറിയിച്ചിരിക്കുന്നത്.
” ജി.എസ്.ടി, എന്‍.ആര്‍.സി, തൊഴിലവസരങ്ങള്‍, സമ്പദ് വ്യവസ്ഥ, സ്ത്രീ ശാക്തീകരണം, ജമ്മു കശ്മീരിലെ വിഷയം, സംവരണത്തിന്റെ ആവശ്യത എന്നിങ്ങനെ നിരവധി പ്രശ്‌നങ്ങളെക്കുറിച്ച് ഞാന്‍ സംസാരിച്ച എ.എന്‍.ഐയുമായുള്ള ഇന്റര്‍വ്യൂ പങ്കുവെക്കുന്നു” എന്നായിരുന്നു മോദിയുടെ ട്വീറ്റ്.
അതിന് സ്മിത ശര്‍മ്മ നല്‍കിയ മറുപടി ഇതായിരുന്നു- “എല്ലാ ആദരവോടെയും പറയട്ടെ സര്‍, രണ്ട് അഭിമുഖത്തിലും നിങ്ങള്‍ സംസാരിച്ചതല്ല, ഉത്തരങ്ങള്‍ എഴുതി നല്‍കിയതാണ്. പ്രാദേശിക, വിദേശ മാധ്യമപ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ മുന്‍കൂട്ടി തയ്യാറാക്കാത്ത, ഫില്‍ട്ടര്‍ ചെയ്യാത്ത ചോദ്യങ്ങളോട് പ്രതികരിച്ച് നിങ്ങള്‍ മറുപടി “പറയുന്നത്” കേള്‍ക്കാന്‍ ഇപ്പോഴും കാത്തിരിക്കുകയാണ്. നന്ദി”.
ഇമെയിലിലൂടെ മോദിയുമായി നടത്തിയ അഭിമുഖം എന്നു പറഞ്ഞാണ് ടൈംസ് ഓഫ് ഇന്ത്യയും എ.എന്‍.ഐയും മോദിയുടെ അഭിമുഖം പ്രസിദ്ധീകരിച്ചത്. ഇത് പി.ആര്‍ വര്‍ക്കാണെന്ന ആരോപണം സോഷ്യല്‍ മീഡിയയില്‍ ഇതിനകം തന്നെ പലരും ഉയര്‍ത്തിയിരുന്നു.
പത്രത്തിന്റെ രണ്ടുപേജാണ് ഈ അഭിമുഖത്തിനായി ടൈംസ് ഓഫ് ഇന്ത്യ മാറ്റിവെച്ചത്. അഭിമുഖം എന്ന പേരിലുള്ള “ടൈംസ് സ്‌പെഷ്യല്‍” അഡ്വട്ടോറിയലാണിതെന്നാണ് ട്വിറ്ററില്‍ ഉയരുന്ന വിമര്‍ശനം.
“മോദി രണ്ട് പെയ്ഡ് ഇന്റര്‍വ്യൂകള്‍ നല്‍കിയിരിക്കുകയാണ്. ഒന്ന് എ.എന്‍.ഐയ്ക്കും മറ്റൊന്ന് ടൈംസ് ഓഫ് ഇന്ത്യയ്ക്കും. രണ്ടും പി.ആര്‍ കളിയാണ്. വലിയ പി.ആര്‍ പരാജയങ്ങളും” എന്നാണ് അഭിമുഖത്തെ വിമര്‍ശിച്ചുള്ള മറ്റൊരു ട്വീറ്റ്.