| Saturday, 23rd October 2021, 3:57 pm

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഒന്‍പത് വര്‍ഷം മുന്‍പേ അറസ്റ്റ് ചെയ്ത ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനേയും അച്ഛനേയും കോടതി വെറുതെ വിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബംഗളൂരു: നക്‌സല്‍ ബന്ധം ആരോപിച്ച് ഒന്‍പത് വര്‍ഷം മുമ്പ് കര്‍ണാടക പൊലീസിന്റെ നക്‌സല്‍ വിരുദ്ധ വിഭാഗം അറസ്റ്റ് ചെയ്ത അച്ഛനേയും മകനേയും കോടതി വെറുതേവിട്ടു.

കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ വിദൂര പ്രദേശത്ത് നിന്നുള്ള ആദിവാസി സമൂഹത്തില്‍പ്പെട്ട അച്ഛനേയും മകനേയുമാണ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. ഇവര്‍ക്കെതിരെ തെളിവുകള്‍ നല്‍കാന്‍ പൊലീസിന് കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

23 വയസ്സുള്ളപ്പോഴാണ് വിറ്റൽ മലേകുഡിയ എന്ന മാധ്യമവിദ്യാര്‍ത്ഥിയേയും അദ്ദേഹത്തിന്റെ അച്ഛനേയും പൊലീസ് അറസ്റ്റ് ചെയ്യുന്നത്. നാല് മാസം ജയിലില്‍ കിടന്ന ഇവര്‍ക്ക് 2012 ല്‍ ജാമ്യം കിട്ടി. പിന്നീട് കര്‍ണാടക പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു.

അന്വേഷണത്തില്‍ പൊലീസ് പിടിച്ചെടുത്ത ലേഖനങ്ങള്‍ ഇരുവരും നക്സല്‍ ഗ്രൂപ്പിന്റെ ഭാഗമാണെന്ന് തെളിയിക്കുന്നില്ലെന്ന് വിറ്റലയെയും പിതാവ് ലിംഗപ്പ മലേകുഡിയയെയും (60) കുറ്റവിമുക്തരാക്കിക്കൊണ്ട് കോടതി വ്യക്തമാക്കി.

ഭഗത് സിംഗിനെക്കുറിച്ചുള്ള ഒരു പുസ്തകവും 2012 ല്‍ തന്റെ ഗ്രാമത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ലഭിക്കുന്നതുവരെ ലോക്സഭാ ഉപതെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു കത്തും പത്ര ലേഖനങ്ങളുടെ ക്ലിപ്പിംഗുകളും ഉള്‍പ്പെടുന്നവയാണ് വിറ്റലിന്റെ ഹോസ്റ്റല്‍ മുറിയില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തത്.

എന്നാല്‍, ഭഗത് സിങ്ങിന്റെ പുസ്തകങ്ങള്‍ കൈവശം വയ്ക്കുന്നതിനും പത്രങ്ങള്‍ വായിക്കുന്നതിനും നിയമപ്രകാരം വിലക്കില്ലെന്നും പത്രത്തിന്റെ പേപ്പര്‍ കട്ടിങ്ങുകള്‍ കൈവശം വയ്ക്കുന്നത് കുറ്റകരമല്ലെന്നും കോടതി പറഞ്ഞു.

ഡി.വൈ.എഫ്.ഐയുടെ സജീവ പ്രവര്‍ത്തകനായ വിറ്റലിനെതിരെ പൊലീസ് കള്ളക്കേസെടുക്കുകയായിരുന്നുവെന്ന് ഡി.വൈ.എഫ്.ഐ കര്‍ണാടക ഘടകം ആരോപിച്ചിരുന്നു.

വിറ്റലിനെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിരവധി പ്രക്ഷോഭ പരിപാടികളും ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ചിരുന്നു. ഡി.വൈ.എഫ്.ഐയുടെ അന്നത്തെ അഖിലേന്ത്യാ അധ്യക്ഷനായിരുന്ന എം. ബി.രാജേഷ് ജയിലിലെത്തി വിറ്റലിനെ കാണുകയും ചെയ്തിരുന്നു.

May be an image of 3 people and people standing

വിറ്റലിനെ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് ത്രിപുര എം.പിയായിരുന്ന ബജുബാന്‍ റയാംഗ്, ബൃന്ദാ കാരാട്ട്, എം.ബി. രാജേഷ് എന്നിവര്‍ അന്നത്തെ കര്‍ണാടക മുഖ്യമന്ത്രിയായ സദാനന്ദ ഗൗഡയെ കാണുകയും ചെയ്തിരുന്നു.

May be an image of 8 people and people standing

നീണ്ട ഒന്‍പത് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ തങ്ങള്‍ക്ക് നീതി കിട്ടിയതിന്റെ സന്തോഷത്തിലാണ് വിറ്റലും പിതാവ് ലിംഗപ്പ മലേകുഡിയും.

ഇപ്പോള്‍ 32 വയസ്സുള്ള വിറ്റൽ പ്രമുഖ കന്നട ദിനപത്രമായ പ്രജാവാണിയുടെ ബാംഗ്ലൂര്‍ റിപ്പോര്‍ട്ടറായി ജോലി ചെയ്യുകയാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Contnet Highlights: Journalist acquitted of naxal charges, court says having Bhagat Singh’s book not illegal

We use cookies to give you the best possible experience. Learn more