ഇന്റര്‍ മയാമിയില്‍ ഗോളടിച്ചും ഗോളടിപ്പിച്ചും മെസി തന്റെ സ്വതസിദ്ധമായ ഗെയിം പുറത്തെടുക്കുകയാണ്. ലീഗ്‌സ് കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ച ഇന്റര്‍ മയാമി മെസിയുടെ വരവിന് പിന്നാലെ മറ്റൊരു കിരീടത്തിലേക്കും കുതിപ്പ് തുടരുകയാണ്. ലീഗ്‌സ് കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരമാണ് ഇനി മയാമിക്കും മെസിക്കും മുമ്പിലുള്ളത്.
മയാമിയിലെത്തിയ ആദ്യ മത്സരം മുതല്‍ തന്നെ ഗോളടിച്ചുകൂട്ടിയ മെസിയുടെ രണ്ടാം മത്സരത്തിലെ ഗോള്‍ സെലിബ്രേഷന്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. മാര്‍വല്‍ മൂവിയിലെ ബ്ലാക്ക് പാന്തര്‍ റഫറന്‍സായിരുന്നു താരത്തിന്റെ ആ സെലിബ്രേഷനിലുണ്ടായിരുന്നതെന്ന് ആരാധകര്‍ വളരെ വേഗം കണ്ടെത്തി.
മെസി എന്തുകൊണ്ടാണ് ഇത്തരത്തിലൊരു സെലിബ്രേഷന്‍ നടത്തിയതെന്ന് പറയുകയാണ് ടി.വൈ.സി സ്‌പോര്‍ട് ജേണലിസ്റ്റായ ഗാസ്റ്റണ്‍ എഡൂള്‍. ഈ സെലിബ്രേഷന്‍ അദ്ദേഹത്തിന്റെ കടുംബത്തെ ഉദ്ധേശിച്ചാണെന്നും അവര്‍ മാര്‍വെല്‍ സിനിമകളുടെ വലിയ ആരാധകരാണെന്നും എഡൂള്‍ പറയുന്നു.
ആല്‍ബിസെലസ്റ്റ് ടോക്കിലൂടെയാണ് മെസിയുടെ സെലിബ്രേഷനെ കുറിച്ച് അദ്ദേഹം സംസാരിച്ചത്.
‘തന്റെ കുടുംബത്തിനും കുട്ടികള്‍ക്കും വേണ്ടിയാണ് മെസി തോര്‍, ബ്ലാക്ക് പാന്തര്‍ സെലിബ്രേഷന്‍ നടത്തിയത്. കാരണം അവര്‍ മാര്‍വെല്‍ സിനിമകള്‍ അത്രത്തോളം ഇഷ്ടപ്പെടുന്നു,’ എഡൂള്‍ പറഞ്ഞു.
അതേസമയം, എഫ്.സി ഡാലസിനെ ഷൂട്ടൗട്ടില്‍ തകര്‍ത്താണ് മെസിയും സംഘവും ലീഗ്‌സ് കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കുതിച്ചത്. നിശ്ചിത സമയത്ത് മത്സരം 4-4 എന്ന നിലയില്‍ സമനിലയില്‍ കലാശിക്കുകയായിരുന്നു.
തോല്‍വിയുറപ്പിച്ചിടത്ത് നിന്നും മത്സരത്തിന്റെ 85ാം മിനിട്ടില്‍ മെസി നേടിയ ഫ്രീ കിക്ക് ഗോളാണ് മത്സരം സമനിലയിലേക്കും ശേഷം ഷൂട്ടൗട്ടിലേക്കും കൊണ്ടുചെന്നെത്തിച്ചത്. മത്സരത്തില്‍ മെസിയുടെ രണ്ടാം ഗോളായിരുന്നു അത്.
ഷൂട്ടൗട്ടില്‍ 3-5 എന്ന സ്‌കോറില്‍ മയാമി ഡാല്ലസിനെ പരാജയപ്പെടുത്തുകയായിരുന്നു.
ലീഗ്സ് കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലാണ് ഇനി ഇന്റര്‍ മയാമിക്ക് മുമ്പിലുള്ളത്. എം.എല്‍.എസ് ടീമായ ഷാര്‍ലെറ്റാണ് എതിരാളികള്‍. ഹെറോണ്‍സിന്റെ ഹോം സ്റ്റേഡിയമായ ഡി.ആര്‍.വി പി.എന്‍.കെ സ്റ്റേഡിയത്തില്‍ ആഗസ്റ്റ് 12നാണ് മത്സരം അരങ്ങേറുന്നത്.
Content Highlight: Journalist about Messi’s celebration