അന്ന് ഇടപെട്ടതിന് ഏഷ്യാനെറ്റ് ന്യൂസിന് പേടിയാണെന്ന് സൈബര്‍ സഖാക്കള്‍ പ്രചരിപ്പിച്ചു: അബ്‌ജോദ് വര്‍ഗീസ്
Kerala News
അന്ന് ഇടപെട്ടതിന് ഏഷ്യാനെറ്റ് ന്യൂസിന് പേടിയാണെന്ന് സൈബര്‍ സഖാക്കള്‍ പ്രചരിപ്പിച്ചു: അബ്‌ജോദ് വര്‍ഗീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 7th August 2023, 10:07 pm

തിരുവനന്തപുരം: ന്യൂസ് അവറില്‍ ബി.ബി.സി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട ചര്‍ച്ചയിലെ തന്റെയൊരു ഇടപെടല്‍ കാരണം ഏഷ്യാനെറ്റ് ന്യൂസിന് പേടിയാണെന്ന് ‘സൈബര്‍ സഖാക്കള്‍’ പ്രചിരിപ്പിച്ചെന്ന് മാധ്യമപ്രവര്‍ത്തകന്‍ അബ്‌ജോദ് വര്‍ഗീസ്. മാധ്യമപ്രവര്‍ത്തനം നടത്തുമ്പോഴുള്ള ഇടപെടല്‍ പോലും അത്ര സുഖകരമല്ലതാകുന്ന കാലമാണിതെന്നും അദ്ദേഹം പറഞ്ഞു.

മുമ്പ് നടന്ന ബി.ബി.സി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട ന്യൂസ് അവറില്‍, മോദിക്കെതിരെയും അമിത് ഷാക്കെതിരെയുമുള്ള രാഷ്ട്രീയ നിരീക്ഷകന്‍ പ്രമോദ് പുഴങ്കരയുടെ അഭിപ്രയാത്തില്‍ താന്‍ ഇടപെട്ടത് തിങ്കളാഴ്ച നടന്ന ചര്‍ച്ചയില്‍ എടുത്തുപറഞ്ഞായിരുന്നു അബ്‌ജോദിന്റെ പ്രതികരണം.

അബ്‌ജോദ് വര്‍ഗീസ്


‘ഇടപടേണ്ടേ എന്ന് രാജേഷ്(ബി.ജെ.പി പ്രതിനിധി) ചോദിച്ചപ്പോള്‍ ഒര്‍മിപ്പിച്ച ഒരു കാര്യം പറയുകയാണ്. ബി.ബി.സി  ഡോക്യുമെന്ററിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവന്നപ്പോള്‍ കേരളത്തില്‍ ആദ്യമായി ആ വിഷയം എടുത്തത് ന്യൂസ് അവറിലായിരുന്നു. അന്ന് ഞാനായിരുന്നു ചര്‍ച്ച നിയന്ത്രിച്ചത്.

ചര്‍ച്ചയില്‍ പ്രമോദ് പുഴങ്കര പറഞ്ഞ ഒരു അഭിപ്രായം, രാജ്യാന്തര കോടതിയില്‍ വിചാരണ ചെയ്യേണ്ട കുറ്റവാളികളാണ് അമിത്ഷായും നരേന്ദ്ര മോദിയും എന്നായിരുന്നു. അത് പ്രമോദിന്റെ അഭിപ്രായമാണ്, ഞങ്ങളുടെ(ഏഷ്യാനെറ്റ് ന്യൂസിന്റെ) അഭിപ്രായമല്ലെന്ന് സ്വാഭാവികമായും പറയണമെല്ലോ, അങ്ങനെ പറഞ്ഞില്ലെങ്കിലും വലിയ കുഴപ്പമൊന്നുമില്ല. പക്ഷേ ഞാന്‍ അങ്ങനെ പറഞ്ഞു.

എന്നാല്‍ അതിന്റെ പേരില്‍ കേരളത്തിലെ സൈബര്‍ സഖാക്കള്‍ പറഞ്ഞത്, ഏഷ്യാനെറ്റ് ന്യൂസിന് പേടിയാണ്, അതുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്നായിരുന്നു. വാസ്തവത്തില്‍ അപ്പോഴും കേരളത്തില്‍ ആദ്യം ഈ വിഷയം ചര്‍ച്ച ചെയ്തത് ഏഷ്യാനെറ്റായിരുന്നു. ബി.ജെ.പിക്കെതിരെ, പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിക്കൊണ്ടായിരുന്നു ആ ചര്‍ച്ച നടന്നതും, പൂര്‍ത്തിയായതും.

മണിപ്പൂരിലേത് കേന്ദ്ര സര്‍ക്കാരിന്റേത് കുറ്റകരമായ നിസംഗതയാണെന്ന് എത്രയോ തവണ, ഉമ്മന്‍ ചാണ്ടിയുടെ മരണത്തിനിടയിലും ചര്‍ച്ച ചെയ്തതും ഏഷ്യാനെറ്റാണ്. ഇടപെടുന്ന കാര്യം പറഞ്ഞപ്പോള്‍ ഓര്‍ത്തതാണ്. നമ്മുടെ ഇടപെടല്‍ പോലും രാജ്യത്തും സംസ്ഥാനത്തുമൊക്കെ മാധ്യമപ്രവര്‍ത്തനം നടത്തുമ്പോള്‍ ചിലപ്പോള്‍ പ്രശ്‌നമാകും.
അത്ര സുഖകരമല്ലാത്ത കാലമാണ്,’ അബ്‌ജോദ് പറഞ്ഞു.

2023 ജനുവരി ഏഴിന് നടത്തിയ ന്യൂസ് അവര്‍ ചര്‍ച്ചയിലാണ് അബ്‌ജോദ് സൂചിപ്പിച്ച
ഇടപെടല്‍ ഉണ്ടാകുന്നത്. മനുഷ്യരാശിക്കെതിരായ കുറ്റകൃത്യത്തിന്റെ പേരില്‍ വിചാരണ നേരിടേണ്ട കുറ്റവാളികളാണ് രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്നതെന്നും, അതില്‍ ഒരാള്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയും മറ്റൊരാള്‍ ഇന്ത്യയുടെ ആഭ്യന്തരമന്ത്രിയുമാണെന്നായിരുന്നു പ്രമോദ് പുഴങ്കര പറഞ്ഞിരുന്നത്.

ഇതില്‍ ഇടപെട്ട അബ്‌ജോദ്, തനിക്ക് അങ്ങനെയൊരു അഭിപ്രായമില്ലെന്നും അത്തരം തീര്‍പ്പുകളിലേക്ക് ചര്‍ച്ച പോകണമെന്ന് തോന്നുന്നില്ലെന്നും, നമ്മുടെ പ്രധാനമന്ത്രിയാണ് എന്നും പറഞ്ഞ് ഇടപെടുകയായിരുന്നു. ഈ സമയം താന്‍ പറയുന്നതിന്റെ ഉത്തരവാദിത്തം പൂര്‍ണമായും തനിക്കാണെന്നും അത് ചാനലോ, പരിപാടിയോ ഏറ്റെടുക്കേണ്ടതില്ലെന്നുമാണ് പ്രമോദ് പുഴങ്കര മറുപടി നല്‍കിയിരുന്നത്.

Content Highlight: Journalist Abjod Varghese’s Explanation on BBC bbc documentary, Assinet news discussion