കേരളത്തിലെ സെലിബ്രിറ്റി ജേണലിസ്റ്റുകളിലൊരാളാണ് അഭിലാഷ് മോഹനന്‍. അഭിലാഷ് മോഹനന്‍ നയിക്കുന്ന ചാനല്‍ ചര്‍ച്ചകള്‍ക്ക് വലിയ സ്വീകാര്യതയാണ് പ്രേക്ഷകര്‍ക്കിടയില്‍ ലഭിക്കുന്നത്. വാസ്തവ വിരുദ്ധമായ പ്രചരണങ്ങളുമായി എത്തുന്ന നേതാക്കളെ ചര്‍ച്ചയിലൂടെ അദ്ദേഹം പലപ്പോഴും തുറന്ന് കാട്ടുകയും ചെയ്തിട്ടുണ്ട്.
പ്രേക്ഷകരെ പോലെ ട്രോളന്മാരും ഇദ്ദേഹത്തെ ആഘോഷിക്കാറുണ്ട്. പല ചാനല്‍ ചര്‍ച്ചകളിലേയും അഭിലാഷിന്റെ കട്ടുകള്‍ വെച്ച് നിരവധി ഷോര്‍ട്ട് വീഡിയോകളും ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്.
താന്‍ കണ്ട സിനിമകളെ പറ്റി പറയുകയാണ് അഭിലാഷ്. മമ്മൂട്ടിയുടെ തനിയാവര്‍ത്തനവും മുരളിയുടെ നെയ്ത്തുകാരനും കണ്ട് താന്‍ കരഞ്ഞിട്ടുണ്ടെന്ന് അഭിലാഷ് പറഞ്ഞു. സിനിമയില്‍ അഭിനയിക്കാന്‍ പല വട്ടം ഓഫര്‍ വന്നിട്ടുണ്ടെന്നും എന്നാല്‍ താന്‍ അത് നിരസിക്കുകയായിരുന്നു എന്നും അഭിലാഷ് കൂട്ടിച്ചേര്‍ത്തു.
ബിഹൈന്‍ഡ് വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അഭിലാഷ്.
‘സിനിമ കണ്ട് കരഞ്ഞിട്ടുണ്ട്. ഒന്ന് തനിയാവര്‍ത്തനം, രണ്ട് നെയ്ത്തുകാരന്‍. സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമില്ല. ചില സിനിമകളിലേക്ക് അഭിനയിക്കാന്‍ വിളിച്ചിട്ടുണ്ട്. ന്യൂസ് റീഡറായി വിളിച്ചിട്ടുണ്ട്. അതാല്ലാതുള്ള കഥാപാത്രങ്ങളായി വിളിച്ചിട്ടില്ല. അതെല്ലാം വേണ്ടെന്ന് വെച്ചു. നമുക്ക് പറ്റുന്ന പണിയല്ലല്ലോ. സിനിമയില്‍ നായകനായോ ഉപനായകനായോ അല്ലല്ലോ വിളിച്ചത്,’ അഭിലാഷ് പറഞ്ഞു.
ജേണലിസ്റ്റായതില്‍ ഇതുവരെ കുറ്റബോധം തോന്നിയിട്ടില്ലെന്നും എന്നാല്‍ ജേണലിസ്റ്റായി ചെയ്ത ചില കാര്യങ്ങളില്‍ കുറ്റബോധം തോന്നിയിട്ടുണ്ടെന്നും അഭിലാഷ് കൂട്ടിച്ചേര്‍ത്തു.
2008 ജൂലൈയില്‍ കൈരളി ടി.വിയിലൂടെയാണ് അഭിലാഷ് മോഹനന്‍ മാധ്യമരംഗത്തേക്ക് പ്രവേശിക്കുന്നത്. രണ്ട് വര്‍ഷത്തിന് ശേഷം 2010 ആഗസ്റ്റില്‍ കൈരളി വിട്ട് ഇന്ത്യാവിഷന്‍ ചാനലിലെത്തി.
2014 ജൂലൈ വരെ ഇന്ത്യാവിഷനില്‍ തുടര്‍ന്ന അഭിലാഷ് മോഹനന്‍ അതിന് ശേഷം നികേഷ് കുമാര്‍ നേതൃത്വം നല്‍കുന്ന റിപ്പോര്‍ട്ടര്‍ ചാനലിലെത്തി. പിന്നീട് അഞ്ച് വര്‍ഷത്തിന് ശേഷം മീഡിയ വണിലെത്തി. 2022 ല്‍ ഫെബ്രുവരിയില്‍ മാതൃഭൂമിയില്‍ ഡെപ്യൂട്ടി എഡിറ്ററായി ജോയിന്‍ ചെയ്തു.
Content Highlight: journalist Abhilash mohanan says he cried when he saw Mammootty’s thaniyavarthanam and Murali’s neythukaran