അഭിലാഷ് മോഹനന്‍ മീഡിയാ വണ്‍ വിടുന്നു; പുതിയ തട്ടകം മാതൃഭൂമി
Kerala News
അഭിലാഷ് മോഹനന്‍ മീഡിയാ വണ്‍ വിടുന്നു; പുതിയ തട്ടകം മാതൃഭൂമി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 17th December 2021, 9:58 pm

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകന്‍ അഭിലാഷ് മോഹനന്‍ മീഡിയാ വണ്‍ ചാനല്‍ വിടുന്നു. മാതൃഭൂമി ന്യൂസിലാണ് അഭിലാഷ് പുതിയ ചുമതലയേല്‍ക്കുന്നത്. ചാനല്‍ വിടുന്നത് സംബന്ധിച്ച് മീഡിയാ വണ്‍ മാനേജുമെന്റുമായി അദ്ദേഹം ചര്‍ച്ച നടത്തി.

റിപ്പോര്‍ട്ടര്‍ ടി.വിയില്‍ നിന്ന് 2019ലാണ് അഭിലാഷ് മോഹനന്‍ മീഡിയാ വണ്‍ ചാനലിലെത്തിയത്. മീഡിയാ വണിന്റെ എഡിറ്ററായിരുന്ന രാജീവ് ദേവരാജ് നേരത്തെ മാതൃഭൂമി ന്യൂസിലേക്ക് പോയിരുന്നു. ഇതിനുപിന്നാലെയാണ് അഭിലാഷ് മോഹനനും മാതൃഭൂമിയിലേക്ക് പോകുന്നത്.

മീഡിയാ വണിന്റെ പ്രൈം ടൈം ചര്‍ച്ചയായ സ്‌പെഷ്യല്‍ എഡിഷന്‍, എഡിറ്റോറിയല്‍ പരിപാടിയായ നിലപാട് എന്നിവ ഉള്‍പ്പെടെയുള്ള പ്രോഗ്രാമുകളിലൂടെ അദ്ദേഹം ചാനലിന്റെ മുഖമായിരുന്നു.

2008 ജൂലൈയില്‍ കൈരളി ടി.വിയിലൂടെയാണ് അഭിലാഷ് മോഹനന്‍ മാധ്യമരംഗത്തേക്ക് പ്രവേശിക്കുന്നത്. രണ്ട് വര്‍ഷത്തിന് ശേഷം 2010 ആഗസ്റ്റില്‍ കൈരളി വിട്ട്  ഇന്ത്യാവിഷന്‍ ചാനലിലെത്തി.

2014 ജൂലൈ വരെ ഇന്ത്യാവിഷനില്‍ തുടര്‍ന്ന അഭിലാഷ് മോഹനന്‍ അതിന് ശേഷം നികേഷ് കുമാര്‍ നേതൃത്വം നല്‍കുന്ന റിപ്പോര്‍ട്ടര്‍ ചാനലിലെത്തി. പിന്നീട് അഞ്ച് വര്‍ഷത്തിന് ശേഷമായിരുന്നു മീഡിയ വണിലെത്തിയത്. കണ്ണൂര്‍ സ്വദേശിയാണ് അഭിലാഷ് മോഹനന്‍.

അഭിലാഷ് മോഹന്‍ നയിക്കുന്ന ചാനല്‍ ചര്‍ച്ചകള്‍ക്ക് വലിയ സ്വീകാര്യതയായിരുന്നു പ്രേക്ഷകര്‍ക്കിടയില്‍ ലഭിച്ചു പോന്നിരുന്നത്. വാസ്തവ വിരുദ്ധമായ പ്രചരണങ്ങളുമായി എത്തുന്ന നേതാക്കളെ ചര്‍ച്ചയിലൂടെ അദ്ദേഹം പലപ്പോഴും തുറന്ന് കാട്ടുകയും ചെയ്തു.

വേണു ബാലകൃഷ്ണന്‍ ചാനല്‍ വിട്ട സാഹചര്യത്തില്‍ കൂടിയാണ് അഭിലാഷ് മോഹന്റെ മാതൃഭൂമി പ്രവേശനം. ചാനലിലെ പ്രൈം ടൈം ഡിബേറ്റിന്റെ പ്രധാന അവതാരകരിലോരാളായിട്ടാകും മാതൃഭൂമിയിലും അദ്ദേഹത്തെ കാണുക.

മീഡിയ വണ്‍ എഡിറ്ററായിരുന്നു രാജീവ് ദേവരാജ് നേരത്തെ അവിടെ നിന്നും രാജിവെച്ച് മാതൃഭൂമി ന്യൂസ് തലപ്പത്ത് എത്തിയിരുന്നു. ഉണ്ണി ബാലകൃഷ്ണന് പകരക്കാരനായിട്ടായിരുന്നു അദ്ദേഹത്തിന്റെ നിയമനം. ജുലൈയിലായിരുന്നു അദ്ദേഹം മാതൃഭൂമിയില്‍ എത്തിയത്.

മലയാളം ന്യൂസ് ചാനലുകള്‍ക്കിടയിലെ ശക്തമായ മത്സരത്തില്‍ ഇടക്കാലത്ത് അല്‍പം പിന്നിലായിപ്പോയ മാതൃഭൂമി ചാനല്‍ നഷ്ടപ്പെട്ട സ്ഥനം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്.

രാജീവ് ദേവരാജ് മീഡിയ വണ്‍ വിട്ട സാഹചര്യത്തില്‍ അദ്ദേഹത്തിന് പകരക്കാനായിട്ട് ചാനലിന്റെ എഡിറ്റര്‍ സ്ഥാനത്ത് എത്തിയത് പ്രമോദ് രാമനായിരുന്നു.