| Tuesday, 11th August 2020, 4:52 pm

'ചാരവൃത്തികേസ് അധ്യായം തുറന്നത് ദേശാഭിമാനി'; സി.പി.ഐ.എം മുഖപത്രത്തിന്റെ പഴയ കോപ്പിയുമായി മാധ്യമ പ്രവര്‍ത്തകന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ മുഖ്യമന്ത്രി ക്ഷുഭിതനായതിന് പിന്നാലെ വലിയ തര്‍ക്കമാണ് മാധ്യമപ്രവര്‍ത്തകരെ പിന്തുണക്കുന്നവരും സി.പി.ഐ.എം അണികളും തമ്മില്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ചാരക്കേസില്‍ മനോരമ അടക്കമുള്ള മാധ്യമങ്ങള്‍ സ്വീകരിച്ച നിലപാടിനെ മുന്‍നിര്‍ത്തിയും ചര്‍ച്ചകള്‍ മുറുകുകയാണ്.

ഈ തര്‍ക്കം മുറുകുന്നതിനിടെ മാധ്യമ പ്രവര്‍ത്തകനായ അബ്ദുള്‍ റഷീദ് പഴയ ദേശാഭിമാനി പത്രത്തിന്റെ കോപ്പി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ചാരവൃത്തി കേസില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ പൊലീസ് ശ്രമിച്ചപ്പോള്‍ ദേശാഭിമാനി ഇത് കണ്ടെത്തി എന്ന് അവകാശപ്പെടുന്ന വാര്‍ത്തയുള്ള കോപ്പിയാണ് അബ്ദുള്‍ റഷീദ് പങ്കുവെച്ചത്.

ചാരവൃത്തികേസ് അവസാനിപ്പിക്കാന്‍ നോക്കിയപ്പോള്‍ ദേശാഭിമാനി ഇടപ്പെട്ടാണ് അത് തടഞ്ഞതെന്ന് ഇംഗ്ലീഷ് ദിനപത്രം ടെലഗ്രാഫ് ചൂണ്ടിക്കാട്ടിയെന്ന വാര്‍ത്തയാണിത്.

ഐ.എസ്.ആര്‍.ഓയിലെ ഉന്നതരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ ശ്രമിക്കവേ ദേശാഭിമാനി ഇത് കണ്ടെത്തി. പെണ്ണിനും പണത്തിനും വേണ്ടി ബഹിരാകാശ ഗവേഷണ രംഗത്തെ രഹസ്യങ്ങളാണു ശശികുമാര്‍ വിറ്റതെന്ന് പത്രം പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ പറഞ്ഞു. വാര്‍ത്ത വന്നതോടെ അടച്ച കേസ് തുറക്കേണ്ടി വന്നു. വിശദമായ അന്വേഷണം നടത്താന്‍ പൊലീസ് നിര്‍ബന്ധിതരായി എന്ന് ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തതാണ് ദേശാഭിമാനിയിലെ വാര്‍ത്ത.

ചാരവൃത്തി; മുഖ്യലക്ഷ്യം ഇന്ത്യയെ ഒറ്റപ്പെടുത്തല്‍ എന്ന തലക്കെട്ടില്‍ പ്രഭാവര്‍മ്മയുടെ റിപ്പോര്‍ട്ടും ചാരപ്പണി കുറ്റക്കാര്‍ രക്ഷപ്പെട്ടുകൂടാ എന്ന് സി.പി.ഐ.എം പ്രസ്താവനയുള്ള പത്രത്തിന്റെ കോപ്പിയും അബ്ദുള്‍ റഷീദ് പങ്കുവെച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more