'ജേര്‍ണലിസം അണ്ടര്‍ ജിനോസൈഡ്'; ടി.ആര്‍.ടി ഡോക്യുമെന്ററി ഫേസ്ബുക്ക് നീക്കം ചെയ്തതായി റിപ്പോര്‍ട്ട്
World News
'ജേര്‍ണലിസം അണ്ടര്‍ ജിനോസൈഡ്'; ടി.ആര്‍.ടി ഡോക്യുമെന്ററി ഫേസ്ബുക്ക് നീക്കം ചെയ്തതായി റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 8th September 2024, 6:54 pm

അങ്കാറ: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ഇസ്രഈലി ഭരണകൂടത്തിന്റെ കുറ്റകൃത്യങ്ങളെ ആസ്പദമാക്കിയുള്ള ഡോക്യുമെന്ററി മെറ്റയുടെ ഉടമസ്ഥതയിലുള്ള ഫേസ്ബുക്ക് നീക്കം ചെയ്തതായി റിപ്പോര്‍ട്ട്. ടി.ആര്‍.ടി അറബി നിര്‍മിച്ച ഡോക്യുമെന്ററിയാണ് നീക്കം ചെയ്യപ്പെട്ടിരിക്കുന്നത്. ടി.ആര്‍.ടി വേള്‍ഡ് തന്നെയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

‘ജേര്‍ണലിസം അണ്ടര്‍ ജിനോസൈഡ്’ എന്ന പേരിലാണ് ടി.ആര്‍.ടി അറബി ഡോക്യുമെന്ററി നിര്‍മിച്ചത്. ഗസയിലെ ഫലസ്തീനികള്‍ക്കെതിരെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തില്‍ ഇസ്രഈലി സൈന്യം നടത്തുന്ന അതിക്രമങ്ങളാണ് ഡോക്യുമെന്ററിയുടെ ഉള്ളടക്കം.

ഇതിനുപുറമെ തെക്കന്‍ ലെബനനില്‍ ഇസ്രഈല്‍ നടത്തിവരുന്ന ആക്രമണങ്ങളും പ്രവര്‍ത്തനങ്ങളും ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഈ മേഖലയിലെ മാധ്യമ പ്രവര്‍ത്തകര്‍ നേരിടുന്ന പ്രതിസന്ധികളും ഡോക്യുമെന്ററിയുടെ പ്രധാനപ്പെട്ട ഭാഗങ്ങളില്‍ ഒന്നായിരുന്നു.

ഇസ്രഈലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തകന്‍ മുസ്തഫ സവാഫിന്റെയും അദ്ദേഹത്തിന്റെ കുടുംബത്തിലെ 47 അംഗങ്ങളെ ലക്ഷ്യമിട്ടുള്ള ഐ.ഡി.എഫ് ആക്രമണത്തിലൂടെയുമാണ് ഡോക്യുമെന്ററി കടന്നുപോകുന്നത്.

ഗസയിലെ മാധ്യമപ്രവര്‍ത്തകരെ പ്രത്യേകം ലക്ഷ്യമിട്ട് ഇസ്രഈലി സൈന്യമായ ഐ.ഡി.എഫ് ഒന്നിലധികം ആക്രമണം നടത്തിയിരുന്നു. കുടുംബാംഗങ്ങളെ കൊലപ്പെടുത്തുന്നത് ഉള്‍പ്പെടെ സൈന്യം മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ നടത്തിയിരിക്കുന്നത് വലിയ ക്രൂരതകളാണ്.

നിലവിലെ കണക്കുകള്‍ പ്രകാരം ഗസയിലെ ഇസ്രഈല്‍ ആക്രമണത്തില്‍ 172 മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 36 മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കാരണം കൂടാതെ സൈന്യം അറസ്റ്റ് ചെയ്തതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതേസമയം ഖല്‍ദൂന്‍ ഫഹ്‌മാവിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ഡോക്യുമെന്ററി മൂന്ന് മാസമെടുത്താണ് നിര്‍മിച്ചത്. അപകടകരമായ സാഹചര്യങ്ങളിലൂടെയാണ് ഡോക്യുമെന്ററിയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയതെന്ന് അദ്ദേഹം പ്രതികരിച്ചു. അല്‍ ജസീറ, വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് ഉള്‍പ്പെടെയുള്ള മാധ്യമ സ്ഥാപനങ്ങളെയും മാധ്യമ പ്രവര്‍ത്തകരെയും കുറിച്ച് ഡോക്യുമെന്ററി പരാമര്‍ശിക്കുന്നതായും ഫഹ്‌മാവി പറഞ്ഞു.

എന്നാല്‍ തങ്ങള്‍ അപകടകരമായി കാണുന്ന വ്യക്തികളെയും സംഘടനകളെയും പിന്തുണച്ചുകൊണ്ടുള്ള ഡോക്യുമെന്ററിയെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഫേസ്ബുക്ക് ഡോക്യുമെന്ററി നീക്കം ചെയ്തത്. ഡോക്യുമെന്ററി കമ്മ്യൂണിറ്റി മാനദണ്ഡങ്ങള്‍ ലംഘിച്ചതായും അറിയിപ്പില്‍ എഫ്.ബി ചൂണ്ടിക്കാട്ടി.

ജൂലൈയില്‍ സയണിസ്റ്റ് എന്ന് പരാമര്‍ശിക്കുന്ന പോസ്റ്റുകളും ഉള്ളടക്കങ്ങളും ഡിലീറ്റ് ചെയ്യുമെന്ന് മെറ്റ അറിയിച്ചിരുന്നു. ഇത്തരം ഉള്ളടക്കങ്ങളെ വിദ്വേഷപരമായാണ് കണക്കാക്കുകയെന്നും മെറ്റ പ്രഖ്യാപിച്ചിരുന്നു.

ഒക്ടോബര്‍ ഏഴിനാണ് തെക്കന്‍ ഇസ്രഈലില്‍ ഫലസ്തീന്‍ സായുധ സംഘടനായ ഹമാസ് പ്രത്യാക്രമണം നടത്തുന്നത്. തുടര്‍ന്ന് ഒക്ടോബര്‍ എട്ട് മുതല്‍ ഇസ്രഈല്‍ ഫലസ്തീനികള്‍ക്കെതിരായ അതിക്രമങ്ങള്‍ കടുപ്പിക്കുകയായിരുന്നു.

ഇതിനുപിന്നാലെ ഫലസ്തീനുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങള്‍ക്ക് മെറ്റ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഭൂരിഭാഗം ഉള്ളടക്കങ്ങളും പ്ലാറ്റ്ഫോമുകളിൽ നിന്ന് മെറ്റ പിന്‍വലിക്കുകയും ചെയ്തിരുന്നു.

Content Highlight: ‘Journalism under Genocide’; TRT Documentary Reportedly Removed by Facebook