| Saturday, 3rd July 2021, 7:50 pm

ആലുവയില്‍ ഗര്‍ഭിണിയെ മര്‍ദ്ദിച്ച സംഭവം; ഭര്‍ത്താവ് ജൗഹര്‍ പൊലീസ് പിടിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ആലുവയില്‍ ഗര്‍ഭിണിയെ മര്‍ദ്ദിച്ച സംഭവത്തില്‍ കേസിലെ ഒന്നാം പ്രതി ഭര്‍ത്താവ് ജൗഹര്‍ പിടിയില്‍. ആലുവ മുപ്പത്തടത്ത് നിന്ന് ആലങ്ങാട് പൊലീസാണ് ഇയാളെ പിടികൂടിയത്.

ആലുവ ആലങ്ങാട് സ്വദേശി നഹ്‌ലത്തിനാണ് ഭര്‍തൃവീട്ടില്‍ ക്രൂരമായ പീഡനം അനുഭവിക്കേണ്ടി വന്നത്. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും വീട്ടുകാരും യുവതിയെ പീഡിപ്പിച്ചിരുന്നതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ റൂറല്‍ എസ്.പി. അനുമതി നല്‍കുകയായിരുന്നു.

കഴിഞ്ഞ ഒക്ടോബറിലാണ് പറവൂര്‍ സ്വദേശി ജൗഹറുമായി നഹ് ലത്തിന്റെ വിവാഹം നടക്കുന്നത്. എന്നാല്‍ ഇതിന് പിന്നാലെ സ്ത്രീധനത്തിന്റെ പേരില്‍ നഹ് ലത്തിന് ക്രൂരമായ പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വരികയായിരുന്നു.

കഴിഞ്ഞ ദിവസം ഇവരുടെ വീട്ടിലെത്തിയ നഹ് ലത്തിന്റെ പിതാവ് സലീമിനും മര്‍ദ്ദനമേറ്റിരുന്നു. ജൗഹറും സുഹൃത്തുക്കളും ചേര്‍ന്നായിരുന്നു യുവതിയുടെ പിതാവിനെ മര്‍ദ്ദിച്ചത്.

തുടര്‍ന്ന് ഭര്‍ത്താവ് ജൗഹര്‍, ജൗഹറിന്റെ അമ്മ സുബൈദ, ജൗഹറിന്റെ സഹോദരിമാരായ ഷബീന, ഷറീന, ജൗഹറിന്റെ സുഹൃത്ത് എന്നിവര്‍ക്കെതിരെ കേസെടുത്തു.

ജൗഹറിന്റെ സുഹൃത്ത് പറവൂര്‍ മന്നം സ്വദേശി സഹലിന്റെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ കേസിലെ ആറാം പ്രതിയാണ്.

ഗാര്‍ഹിക പീഡന വകുപ്പ് ചുമത്തിയതിനാല്‍ അന്വേഷണം നടത്തിയ ആലങ്ങാട് സി.ഐ. പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Jouhar arrested in the case aluva pregnant woman assaulted

Latest Stories

We use cookies to give you the best possible experience. Learn more