മെസിയില്ലാത്ത ബാഴ്‌സയെ സജ്ജമാക്കി കഴിഞ്ഞു, ഇനിയൊരു തിരിച്ചുവരവ് ആവശ്യമില്ല: മുന്‍ സ്പാനിഷ് താരം
Football
മെസിയില്ലാത്ത ബാഴ്‌സയെ സജ്ജമാക്കി കഴിഞ്ഞു, ഇനിയൊരു തിരിച്ചുവരവ് ആവശ്യമില്ല: മുന്‍ സ്പാനിഷ് താരം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 19th May 2023, 12:54 pm

ലയണല്‍ മെസി ബാഴ്സയിലേക്ക് തിരിച്ചുപോകുന്നതിനെ കുറിച്ചും പി.എസ്.ജിയില്‍ തുടരുന്നതിനെ കുറിച്ചും ധാരാളം അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. മെസി കൂടൊഴിഞ്ഞതിന് ശേഷം നിരവധി താരങ്ങള്‍ ബാഴ്സയിലേക്ക് ചേക്കേറിയെങ്കിലും മെസിക്ക് വേണ്ടി ക്ലബ്ബിന്റെ വാതിലുകള്‍ എല്ലായ്‌പ്പോഴും തുറന്നു തന്നെ കിടക്കുമെന്ന് ബാഴ്സലോണ പലപ്പോഴായി അറിയിച്ചിരുന്നു.

റൂമറുകള്‍ ഒരു വശത്ത് നിലനില്‍ക്കെ മെസി ബാഴ്സയിലേക്ക് തിരിച്ചു പോകുമ്പോഴുണ്ടാകുന്ന ഭവിഷ്യത്തുകള്‍ ചൂണ്ടിക്കാണിച്ച് മുന്‍ സ്പാനിഷ് താരവും പ്രമുഖ ഫുട്ബോള്‍ വിദഗ്ധനുമായ ജോട്ട ജോര്‍ദി രംഗത്തെത്തിയിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഒരിക്കല്‍ കൂടി ശ്രദ്ധ നേടുകയാണിപ്പോള്‍. മെസി തിരിച്ച് ബാഴ്സലോണയിലെത്തി കഴിഞ്ഞാല്‍ അത് വലിയ അബദ്ധമായിരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.

‘അത് തീര്‍ച്ചയായും ഒരു തെറ്റായ തീരുമാനമായിരിക്കും, മെസി തിരിച്ച് ബാഴ്സയിലേക്കെത്തുന്നത് ദോഷകരമാണന്നേ ഞാന്‍ പറയൂ. ശരിയാണ് ബാഴ്സയെ സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം വളരെ ദുരിതം നിറഞ്ഞതായിരുന്നു. മെസിയില്ലാത്ത ഒരു ജീവിതം ഞങ്ങള്‍ ബാഴ്സയില്‍ ശീലിച്ചു വരികയാണ്, ഞങ്ങളതിന്റെ പുറത്ത് നന്നായി വര്‍ക്ക് ചെയ്യുന്നുമുണ്ട്. അങ്ങനെയിരിക്കുമ്പോള്‍ മെസി തിരികെ വരുന്നത്, അത് ടീമിന് ദോഷം ചെയ്യകയേ ഉള്ളൂ,” അദ്ദേഹം പറഞ്ഞു.

മെസിക്ക് ഒരു സെക്കന്‍ഡറി റോളായിരിക്കും ബാഴ്സ വാഗ്ദാനം ചെയ്യുക എന്നും അത് താരത്തിന് സ്വീകരിക്കേണ്ടി വന്നാല്‍ അദ്ദേഹത്തിനും ബുദ്ധിമുട്ടായേക്കുമെന്നും ജോട്ടാ ജോര്‍ദി കൂട്ടിച്ചേര്‍ത്തു. മെസിയില്ലാതെ മുന്നോട്ട് പോകാന്‍ ബാഴ്സ ധൈര്യം കാണിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.

അതേസമയം ഈ സീസണിലെ ലാ ലിഗ ടൈറ്റില്‍ ബാഴ്‌സലോണ സ്വന്തമാക്കിയിരുന്നു. എസ്പാന്യോളിനെ തകര്‍ത്തുവിട്ടതോടെയാണ് ബാഴ്സലോണ ലാല ലീഗ കിരീടത്തില്‍ ഒരിക്കല്‍ കൂടി മുത്തമിട്ടത്. 2018ന് ശേഷമുള്ള ബാഴ്സയുടെ ആദ്യ ലാ ലീഗ കിരീടനേട്ടമാണിത്, മെസി ടീം വിട്ടതിന് ശേഷമുള്ള ആദ്യത്തേതും.

ലീഗില്‍ ഇനിയും മത്സരങ്ങള്‍ ശേഷിക്കെയാണ് ബാഴ്സലോണ കിരീടത്തില്‍ മുത്തമിട്ടത്. 34 മത്സരത്തില്‍ നിന്നും 27 വിജയവും നാല് സമനിലയും മൂന്ന് തോല്‍വിയുമുള്‍പ്പെടെ 85 പോയിന്റ് നേടിയതിന് പിന്നാലെയാണ് ബാഴ്സ കിരീടമുറപ്പിച്ചത്. രണ്ടിനെതിരെ നാല് ഗോളിനായിരുന്നു കറ്റാലന്‍മാരുടെ വിജയം. എസ്പാന്യോളിനെതിരെ വിജയിക്കാന്‍ സാധിച്ചാല്‍ കിരീടം നേടാമെന്ന പ്രതീക്ഷയോടെയായിരുന്നു ബാഴ്സ എതിരാളികളുടെ തട്ടകത്തിലേക്കിറങ്ങിയത്.

Content Highlights: Jota Jordi don’t want Messi returns to Barcelona