'ആരു പറഞ്ഞു ഞാന്‍ തിരിച്ചു വരില്ലെന്ന്?'; താന്‍ കേരള ബ്ലാസ്റ്റേഴ്‌സില്‍ ഇനി ഉണ്ടാകില്ലെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് മലയാളികളുടെ സ്വന്തം ഹോസൂട്ടന്‍
DSport
'ആരു പറഞ്ഞു ഞാന്‍ തിരിച്ചു വരില്ലെന്ന്?'; താന്‍ കേരള ബ്ലാസ്റ്റേഴ്‌സില്‍ ഇനി ഉണ്ടാകില്ലെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് മലയാളികളുടെ സ്വന്തം ഹോസൂട്ടന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 23rd June 2017, 8:18 pm

 

കോഴിക്കോട്: ഐ.എസ്.എല്‍ കിരീടം ഇതുവരെ ഉയര്‍ത്താന്‍ കഴിഞ്ഞിട്ടില്ലെങ്കിലും തങ്ങളുടെ സ്വന്തം ടീമായ കേരള ബ്ലാസ്റ്റേഴ്‌സിനെ നെഞ്ചോടു ചേര്‍ത്തവരാണ് മലയാളികള്‍. ടീമിലെ വിദേശ കളിക്കാരെയെല്ലാം “ഏട്ടാ”യെന്ന് വിളിച്ച് തങ്ങളിലൊരാളാക്കി ആവോളം സ്‌നേഹം നല്‍കിയ ആരാധകരെയും കേരളത്തെയും മറക്കാന്‍ താരങ്ങള്‍ക്കും കഴിയില്ല.

ബ്ലാസ്‌റ്റേഴ്‌സിന്റെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് ഹോസു കുറിയാസ് എന്ന മലയാളികളുടെ സ്വന്തം ഹോസൂട്ടന്‍. 24-കാരനായ ഈ സ്പാനിഷ് താരം അടുത്ത സീസണില്‍ ഐ.എസ്.എല്ലിനായി മഞ്ഞക്കുപ്പായം അണിയാന്‍ ഉണ്ടാകില്ലെന്നായിരുന്നു അടുത്തിടെ ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍.


Also Read: പ്രമോഷനിലൂടെയുള്ള എക്‌സിക്യുട്ടീവ് ഡയറക്ടര്‍മാര്‍ ഇനി ഉണ്ടാകില്ല; കെ.എസ്.ആര്‍.ടി.സിയെ നയിക്കാന്‍ എം.ബി.എക്കാരായ വിദഗ്ധരെ നേരിട്ട് നിയമിക്കുന്നു


സ്പാനിഷ് ടീമില്‍ കളിക്കുന്നതിനാല്‍ ഹോസുവിന് ഇന്ത്യയിലേക്ക് എത്താന്‍ കഴിയില്ലെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ താരം നേരിട്ട് തന്നെ കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോള്‍. ഇനി ഹോസൂട്ടന്‍ ബ്ലാസ്‌റ്റേഴ്‌സില്‍ ഉണ്ടാകാത്തതിന്റെ വിഷമം ട്വിറ്ററില്‍ പങ്കു വെച്ച ആരാധകനുള്ള മറുപടിയായാണ് താന്‍ ബ്ലാസ്റ്റേഴ്‌സിനായി വീണ്ടും പന്ത് തട്ടിയേക്കുമെന്ന സൂചന നല്‍കിയത്.

കേരള ബ്ലാസ്റ്റേഴ്‌സ് താങ്കളെ ശരിക്കും മിസ് ചെയ്യും എന്നായിരുന്നു ആരാധകന്റെ ട്വീറ്റ്. ഇതിന് മറുപടിയായി താന്‍ തിരിച്ചു വരില്ലെന്ന് ആരു പറഞ്ഞുവെന്നും ഊഹാപോഹങ്ങള്‍ അവസാനിപ്പിക്കണമെന്നും താരം ട്വീറ്റ് ചെയ്തു.


Don”t Miss: ലൈംഗിക ബന്ധത്തിലേര്‍പ്പെടാനും വിവാഹം ചെയ്യാനും വിസമ്മതിച്ചു; യുവതി കാമുകന്റെ ജനനേന്ദ്രിയം മുറിച്ചു


തുടര്‍ന്ന്, സ്പാനിഷ് ക്ലബ്ബുമായി കരാറുള്ളതിനാല്‍ താങ്കള്‍ ഐ.എസ്.എല്ലിലേക്ക് തിരികെയെത്തില്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത കാര്യം ആരാധകന്‍ ചൂണ്ടിക്കാട്ടി. താന്‍ സ്പാനിഷ് ടീമില്‍ ഇല്ലെന്നും കരാര്‍ അനുവദിക്കുന്നതിനാല്‍ തനിക്ക് ഇന്ത്യയിലേക്ക് പോകാമെന്നും ഹോസു കുറിയാസ് മറുപടി നല്‍കി.

ഇതോടെയാണ് മഞ്ഞപ്പട വീണ്ടും ആവേശത്തേരിലേറുന്നത്. മാറ്റങ്ങളോടെ പുതിയ ഐ.എസ്.എല്‍ സീസണ്‍ ആരംഭിക്കാന്‍ മാസങ്ങള്‍ ഇനിയും ഉണ്ടെങ്കിലും ഹോസൂട്ടന്‍ എത്തുന്നതിനാല്‍ കേരള ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴേ ആഘോഷങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

ട്വീറ്റുകള്‍ കാണാം: