ഖത്തർ ലോകകപ്പിൽ മുഖാവരണം കൊണ്ട് ശ്രദ്ധേയനായ താരമാണ് ക്രൊയേഷ്യൻ ഡിഫൻഡർ ജോസ്കോ ഗ്വാർഡിയോൾ. സെമി ഫൈനൽ വരെ കളിച്ച ഓരോ മത്സരത്തിനിറങ്ങിയപ്പോഴും താരം കറുത്ത മാസ്ക് ധരിച്ചിരുന്നു.
സ്റ്റൈലിന് വേണ്ടിയാണ് ഗ്വാർഡിയോൾ തന്റെ നെറ്റിയും മൂക്കും മറച്ചുകൊണ്ടുള്ള മാസ്ക് ധരിച്ചതെന്നാണ് ആരാധകരിൽ പലരും കരുതിയിരുന്നത്. എന്നാൽ ലോകകപ്പ് ആരംഭിക്കുന്നതിന് മുമ്പ് ലീപ്സിഗിനായി മത്സരിക്കുന്നതിനിടെയുണ്ടായ പരിക്ക് മൂലമാണ് ഗ്വാർഡിയോളിന് മാസ്ക് ധരിക്കേണ്ടി വന്നത്.
ബുണ്ടെസ് ലിഗയിൽ എസ്.സി ഫ്രീബർഗിനെതിരായ കളിക്കിടെ സഹതാരം വില്ലി ഓർബനുമായി കൂട്ടിയിടിക്കുകയും ഗ്വാർഡിയോയുടെ മൂക്കിന് പരുക്കേൽക്കുകയുമായിരുന്നു. വൈദ്യപരിശോധനക്ക് ശേഷം താരം ശസ്ത്രക്രിയക്ക് വിധേയനാവുകയായിരുന്നു.
ഖത്തർ ലോകകപ്പ് നഷ്ടമായേക്കും എന്ന് കരുതിയെങ്കിലും ശസ്ത്രക്രിയയ്ക്കുശേഷം ഡോക്ടറുടെ നിർദേശാനുസരമാണ് ഗ്വാർഡിയോൾ മാസ്ക് ധരിച്ച് കളിക്കാൻ ഇറങ്ങിയത്. ലോകകപ്പിൽ തുടക്കം മുതൽ ക്രൊയേഷ്യൻ ടീമിൻറെ ഭാഗമായിരുന്നു ഗ്വാർഡിയോൾ. ക്രൊയേഷ്യൻ പ്രതിരോധനിരയിലെ കരുത്തനാണ് ഈ 20 കാരൻ.
അതേസമയം, സെമി ഫൈനലിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ക്രൊയേഷ്യ അർജന്റീനയോട് പരാജയപ്പെട്ടത്.
മുപ്പതാം മിനിട്ടിന്റെ തുടക്കത്തിൽ ഗോളെന്നുറപ്പിച്ച അൽവാരസിന്റെ മുന്നേറ്റം ബോക്സിനുള്ളിൽ വെച്ച് ക്രൊയേഷ്യൻ ഗോൾ കീപ്പർ ലിവാകോവിച്ച് ഫൗൾ ചെയ്തതോടെ റഫറി പെനാൽട്ടി വിധിക്കുകയായിരുന്നു.
പെനാൽട്ടി കിക്കെടുത്ത മെസി പന്ത് അനായാസം വലയിലെത്തിച്ചു. ലോകകപ്പിലെ മെസിയുടെ അഞ്ചാം ഗോളാണിത്, പെനാൽട്ടിയിൽ നേടുന്ന മൂന്നാം ഗോളും.
പൂർണമായും അൽവാരസിന് മാത്രം അവകാശപ്പെടാവുന്നതായിരുന്നു രണ്ടാം ഗോൾ. ബോക്സിന് പുറത്തുനിന്ന് തനിക്ക് ലഭിച്ച പന്ത് രണ്ട് ക്രൊയേഷ്യൻ പ്രതിരോധ താരങ്ങളെ കബളിപ്പിച്ച് ഗോളി ലിവാകോവിച്ചിനെയും മറികടന്ന് അൽവാരസ് ബോക്സിലെത്തിക്കുകയായിരുന്നു.
69ാം മിനിട്ടിലാണ് അൽവാരസിന്റെ രണ്ടാം ഗോൾ പിറന്നത്. മെസിയായിരുന്നു ഈ ഗോളിന് വഴിയൊരുക്കിയത്. ഗ്രൗണ്ടിന്റ വലതുഭാഗത്തിന്റെ പകുതിയിൽ നിന്ന് ലഭിച്ച പന്ത് ക്രൊയേഷ്യൻ പ്രതിരോധ താരങ്ങളെ അനായസം മറികടന്ന് മെസി അൽവാരസിന് നൽകുകയായിരുന്നു. അൽവാരസ് അനായാസം ഫിനിഷ് ചെയ്തതോടെ സ്‌കോർ ബോർഡ് 3-0.
ഈ വിജയത്തോടെ 2018ലെ ഗ്രൂപ്പ് ഘട്ടത്തിലെ തോൽവിക്ക് പകരം വീട്ടാൻ അർജന്റീനക്കായി. അന്ന് ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിൽ അർജന്റീന ക്രൊയേഷ്യയോട് 3-0ന് തോറ്റിരുന്നു.