അന്നും ഇന്നും സിനിമയിൽ എന്നെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരൻ അദ്ദേഹമാണ്: ജോഷി
Entertainment
അന്നും ഇന്നും സിനിമയിൽ എന്നെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരൻ അദ്ദേഹമാണ്: ജോഷി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 21st May 2024, 8:36 am

മലയാള സിനിമയിൽ പതിറ്റാണ്ടുകളായി നിറഞ്ഞുനിൽക്കുന്ന സംവിധായകനാണ് ജോഷി. ജയൻ മുതൽ ജോജു വരെയുള്ള മലയാള സിനിമയിലെ നായകൻമാരെ വെച്ച് സിനിമയെടുത്തിട്ടുള്ള അദ്ദേഹം മലയാളത്തിലെ കോമേഴ്‌ഷ്യൽ സിനിമകളുടെ തലതൊട്ടപ്പനാണ്.

മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ സൂപ്പർ താരങ്ങൾക്ക് നിരവധി ഹിറ്റുകൾ സമ്മാനിച്ച സംവിധായകൻ കൂടിയാണ് ജോഷി. മമ്മൂട്ടിയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത ത്രില്ലർ ചിത്രമായിരുന്നു ‘ഈ തണുത്ത വെളുപ്പാൻകാലത്ത്. പത്മരാജൻ തിരക്കഥ ഒരുക്കിയ ചിത്രം വലിയ ശ്രദ്ധ നേടിയിരുന്നു.

അന്നും ഇന്നും തന്നെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരനാണ് പത്മരാജനെന്നും അദ്ദേഹത്തിന്റെ എല്ലാ സിനിമകളും വ്യത്യസ്തമാണെന്നും ജോഷി പറയുന്നു. പത്മരാജനൊപ്പം സിനിമ ചെയ്യുകയെന്നത് തന്റെ ആഗ്രഹമായിരുന്നുവെന്നും വനിതാ മാഗസിന് നൽകിയ അഭിമുഖത്തിൽ ജോഷി പറഞ്ഞു.

‘അന്നും ഇന്നും എന്നെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരൻ പത്മരാജനാണ്. അദ്ദേഹത്തിന്റെ സിനിമകൾ നോക്കിയാൽ അറിയാം എല്ലാം ഒന്നിനൊന്ന് വ്യത്യസ്തമാണ്. ഏതെങ്കിലും ഒരു എഴുത്തുകാരന്റെ തിരക്കഥ സിനിമയാക്കണമെന്നു ഞാൻ ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ അതു പത്മരാജന്റേതു മാത്രമാണ്. ഭാഗ്യം കൊണ്ട് അതു സാധിക്കുകയും ചെയ്‌തു. ‘ഈ തണുത്ത വെളുപ്പാൻകാലത്ത് ‘.

 

ഒരു കുറ്റാന്വേഷണകഥയായിരുന്നു അത്. ഏറെ പുതുമയുള്ള തിരക്കഥയും. സാധാരണരീതിയിൽ ലൊക്കേഷനൊക്കെ കണ്ടുപിടിച്ചതിനുശേഷമാണ് അദ്ദേഹം തിരക്കഥയൊരുക്കിയിരുന്നത്. എന്നാൽ ഈ തിരക്കഥ എഴുതി എന്നെ ഏൽപ്പിക്കുകയായിരുന്നു. ഷൂട്ടിങ് തീർന്ന് പാക്കപ്പ് പറഞ്ഞ ദിവസമാണ് അദ്ദേഹം സെറ്റിൽ വരുന്നത്. സ്ക്രിപ്റ്റ് എഴുതുന്ന ആൾ സെറ്റിൽ ഉണ്ടാവണമെന്ന് എനിക്കു നിർബന്ധമാണ്. എപ്പോഴാണ് അയാളുടെ സാന്നിധ്യം ആവശ്യമായി വരുന്നതെന്ന് പറയാൻ കഴിയില്ല.

പക്ഷേ എഴുത്തുകാരൻ ഇല്ലാതെ ഞാൻ ഷൂട്ട് ചെയ്‌ത അപൂർവം സിനിമകളിൽ ഒന്നാണ് ഈ തണുത്ത വെളുപ്പാൻകാലത്ത്. ശരാശരി വിജയമായിരുന്നു ആ സിനിമ,’ജോഷി പറയുന്നു.

 

Content Highlight: Joshy Talk About Pathmarajan