മലയാള സിനിമയിൽ പതിറ്റാണ്ടുകളായി നിറഞ്ഞുനിൽക്കുന്ന സംവിധായകനാണ് ജോഷി. ജയൻ മുതൽ ജോജു വരെയുള്ള മലയാള സിനിമയിലെ നായകൻമാരെ വെച്ച് സിനിമയെടുത്തിട്ടുള്ള അദ്ദേഹം മലയാളത്തിലെ കോമേഴ്‌ഷ്യൽ സിനിമകളുടെ തലതൊട്ടപ്പനാണ്.
മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ സൂപ്പർ താരങ്ങൾക്ക് നിരവധി ഹിറ്റുകൾ സമ്മാനിച്ച സംവിധായകൻ കൂടിയാണ് ജോഷി. പുതിയകാലത്തെ മലയാള സിനിമകളെ കുറിച്ച് പറയുകയാണ് അദ്ദേഹം.
ഈയടുത്ത കാലത്ത് മലയാളത്തിലിറങ്ങിയ സിനിമകളെല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ടവയാണെന്ന് ജോഷി പറയുന്നു. ഫാലിമി എന്ന ചിത്രത്തിന്റെ തിരക്കഥ തനിക്ക് ഒരുപാട് ഇഷ്ടമായെന്നും പ്രേമലു വളരെ ലൈവ് ആയിട്ടുള്ള സിനിമയാണെന്നും ജോഷി പറഞ്ഞു. സംവിധായകനും അഭിനേതാക്കളും ഒരുമിച്ച് വർക്ക് ചെയ്ത ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സെന്നും അദ്ദേഹം പറഞ്ഞു. വനിത മാഗസിനോട് സംസാരിക്കുകയായിരുന്നു ജോഷി.
‘മലയാളത്തിൽ ഈ അടുത്തകാലത്ത് ഇറങ്ങിയ സിനിമകളൊക്കെ ഒന്നിനൊന്നു മെച്ചപ്പെട്ടവയാണ്. പ്രേമലു വളരെ ലൈവ് ആയിട്ട് തോന്നി. നടീ നടന്മാരൊക്കെ അഭിനയിക്കുകയല്ല പെരുമാറുകയാണ്.
പിന്നെ ഫാലിമി നല്ല തിരക്കഥയായിരുന്നു. എല്ലാവരും ഭംഗിയായി അഭിനയിച്ചു. അഞ്ചകള്ളകോക്കാൻ പ്രത്യേക ഴോണറിൽപ്പെട്ട സിനിമയാണ്.
മഞ്ഞുമ്മൽ ബോയ്സും പ്രത്യേകതയുള്ള സിനിമയായിരുന്നു. സംവിധായകനും അഭിനേതാക്കളും ഒത്തൊരുമിച്ചു ചെയ്ത ടീം വർക്ക് അവയിൽ ഫീൽ ചെയ്തിരുന്നു. ആ ആത്മാർത്ഥത സിനിമയിൽ കാണാം. പിന്നെ കണ്ണൂർ സ്‌ക്വാഡ് വളരെ നല്ല സംവിധാനം, അഭിനയം നല്ല ഫോട്ടോഗ്രാഫി,’ജോഷി പറയുന്നു.
Content Highlight: Joshy Talk About Manjummal Boys and Kannur Squad