| Saturday, 22nd July 2023, 4:33 pm

സ്വന്തം മകനെതിരെ സെഞ്ച്വറിയടിച്ച വിരാടിനെ കാണാന്‍ ആ അമ്മയെത്തി; ആരാധകര്‍ വീണ്ടും ഞെട്ടുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലെ രണ്ടാം ടെസ്റ്റില്‍ വിരാട് കോഹ്‌ലി സെഞ്ച്വറിയടിച്ചിരുന്നു. ടെസ്റ്റിലെ 29ാം സെഞ്ച്വറിയും കരിയറിലെ 76ാം സെഞ്ച്വറിയുമാണ് ക്വീന്‍സ് പാര്‍ക്കില്‍ വിരാട് കുറിച്ചത്. കരിയറിലെ 500ാം മത്സരത്തിലാണ് താരം സെഞ്ച്വറി നേടിയത് എന്ന പ്രത്യേകതയും ഇതിനുണ്ട്.

മത്സരത്തിന്റെ ആദ്യ ദിനം 87 റണ്‍സുമായാണ് വിരാട് കളം വിട്ടത്. മത്സരത്തില്‍ സെഞ്ച്വറിയടിക്കണമെന്ന് വിന്‍ഡീസ് വിക്കറ്റ് കീപ്പര്‍ ജോഷ്വ ഡ സില്‍വ വിരാടിനോട് ആവശ്യപ്പെട്ടിരുന്നു. ഇവര്‍ തമ്മിലുള്ള സംഭാഷണം സ്റ്റംപ് മൈക്ക് പിടിച്ചെടുത്തതോടെയാണ് ഇക്കാര്യം ലോകമറിഞ്ഞത്.

ഇന്നിങ്സിന്റെ 73ാം ഓവറിന് മുമ്പ് വിരാട് തന്റെ ഹെല്‍മെറ്റും ഗ്ലൗവും അഡ്ജസ്റ്റ് ചെയ്യുന്നതിനിടെയാണ് ഇരുവരും സംഭാഷണത്തിലേര്‍പ്പെട്ടത്.

ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

‘വിരാട് കോഹ്‌ലി ബാറ്റ് ചെയ്യുന്നത് കാണാന്‍ എന്റെ അമ്മ വരുമെന്നാണ് പറഞ്ഞത്. എനിക്കൊരിക്കലും വിശ്വസിക്കാന്‍ കഴിഞ്ഞില്ല. നിങ്ങള്‍ സെഞ്ച്വറിയടിക്കൂ വിരാട്, എനിക്കത് കാണണം,’ ഡ സില്‍വ പറഞ്ഞു.

‘എന്റെ നേട്ടങ്ങളോട് നിങ്ങള്‍ക്ക് അത്രത്തോളം ഇഷ്ടമുണ്ടോ?’ എന്നാണ് ഇതുകേട്ട വിരാട് ഡ സില്‍വയോട് ചോദിച്ചത്.

‘ഇല്ല, അങ്ങനെയൊന്നുമില്ല. പക്ഷേ നിങ്ങള്‍ക്കിത് ലഭിക്കണമെന്ന് ഞാന്‍ അതിയായി ആഗ്രഹിക്കുന്നു,’ എന്നായിരുന്നു വിന്‍ഡീസ് വിക്കറ്റ് കീപ്പറുടെ മറുപടി.

ജോഷ്വയുടെ ആഗ്രഹമെന്നോണം സെഞ്ച്വറി നേടിയാണ് വിരാട് കളം വിട്ടത്. 206 പന്തില്‍ 11 ബൗണ്ടറിയുടെ അകമ്പടിയോടെ 121 റണ്‍സ് നേടിയാണ് വിരാട് കരിയറിലെ 76ാം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

വിന്‍ഡീസ് വിക്കറ്റ് കീപ്പര്‍ പറഞ്ഞതുപോലെ വിരാട് സെഞ്ച്വറിയടിക്കുന്നത് കാണാന്‍ അദ്ദേഹത്തിന്റെ അമ്മയെത്തിയിരുന്നു. തന്റെ ഇഷ്ടതാരത്തെ കണ്ടപ്പോള്‍ തന്നെ കെട്ടിപ്പിടിച്ചാണ് ജോഷ്വയുടെ അമ്മ വരവേറ്റത്. ഇരുവരും അല്‍പനേരം സംസാരിക്കുകയും ചെയ്തിരുന്നു. സംഭവത്തിന്റെ വീഡിയോ വൈറലാണ്.

അതേസമയം, വിരാടിന്റെ ഇന്നിങ്‌സിന്റെ കരുത്തില്‍ ഇന്ത്യ 128 ഓവറില്‍ 438 റണ്‍സിന് ഇന്നിങ്‌സ് അവസാനിപ്പിച്ചിരുന്നു. വിരാടിന് പുറമെ അര്‍ധ സെഞ്ച്വറിയടിച്ച യശസ്വി ജെയ്‌സ്വാള്‍, രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍ എന്നിവരും ഇന്ത്യന്‍ സ്‌കോറിങ്ങില്‍ നിര്‍ണായകമായി.

വിന്‍ഡീസിനായി കെമര്‍ റോച്ചും ജോമല്‍ വാരികനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ജേസണ്‍ ഹോള്‍ഡര്‍ രണ്ടും ഷാനണ്‍ ഗബ്രിയേല്‍ ഒരു വിക്കറ്റും വീഴ്ത്തി.

ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ദിവസം കളിയവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടപ്പെടുത്തി 86 റണ്‍സാണ് നേടിയത്. 95 പന്തില്‍ 33 റണ്‍സ് നേടിയ തഗനരെയ്ന്‍ ചന്ദര്‍പോളിന്റെ വിക്കറ്റാണ് കരീബിയന്‍സിന് നഷ്ടമായത്. ജഡേജയുടെ പന്തില്‍ അശ്വിന്‍ ക്യാച്ചെടുത്താണ് തഗനരെയ്‌നെ പുറത്താക്കിയത്.

128 പന്തില്‍ 37 റണ്‍സുമായി ക്യാപ്റ്റന്‍ ക്രെയ്ഗ് ബ്രാത്‌വെയ്റ്റും 25 പന്തില്‍ 14 റണ്‍സ് നേടിയ കിര്‍ക് മെക്കന്‍സിയുമാണ് ക്രീസില്‍.

Content Highlight: Joshua da Silva’s mother came to see Virat Kohli

We use cookies to give you the best possible experience. Learn more