ന്യൂദല്‍ഹി :ജോഷിമഠ് ദുരന്തത്തില്‍ കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി ബി.ജെ.പി നേതാവ് ഉമാഭാരതി. ജോഷിമഠ് നശിച്ചുകൊണ്ടിരിക്കുകയാണെന്നും ദല്‍ഹിയില്‍ നയരൂപീകരണം നടത്തുന്നവര്‍ ഹിമാലയവും ഉത്തരാഖണ്ഡും ഗംഗയും തിന്നുതീര്‍ക്കുമെന്ന് തനിക്ക് ഭയമുണ്ടെന്നും ഉമാഭാരതി പറഞ്ഞു. ജോഷിമഠില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.
‘വികസനവും ദുരന്തവും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ല. ദല്‍ഹിയില്‍ നയരൂപീകരണം നടത്തുന്നവര്‍ ചില പദ്ധതികള്‍ ഇവിടെ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നു. അത് എളുപ്പത്തില്‍ അവര്‍ പൂര്‍ത്തിയാക്കുകയും ചെയ്യും. താഴ്ന്ന് തൂങ്ങിക്കിടക്കുന്ന പഴങ്ങളാണല്ലോ ഭക്ഷിക്കാന്‍ എളുപ്പം’, ഉമാഭാരതി പറഞ്ഞു.
ചാര്‍ധാം യാത്രയ്ക്കായി എന്‍.ടി.പി.സി നിര്‍മിക്കുന്ന ടണലുകളും നിര്‍മാണ പ്രവര്‍ത്തനങ്ങളുമാണ് ദുരന്തത്തിന് കാരണമെന്ന് മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിമര്‍ശനവുമായി ഉമഭാരതിയും രംഗത്ത് വന്നത്.
എന്‍.ടി.പി.സി പദ്ധതിക്കെതിരെ 2017 ല്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. പദ്ധതി നികത്താനാവാത്ത നഷ്ടം സൃഷ്ടിക്കുമെന്നും അന്ന് സത്യവാങ്മൂലത്തില്‍ അറിയിച്ചിരുന്നു. എന്നാല്‍ അന്ന് കേന്ദ്രത്തിന്റെ പിന്തുണ ലഭിച്ചില്ലെന്നും ഉമാഭാരതി പറഞ്ഞു.
അതിന് ശേഷമാണ് റെനി ഗാവ് സംഭവം നടന്നത്. ജോഷിമഠിനും സമാനമായ ദുരന്തം നേരിടേണ്ടി വരുമെന്ന് അന്ന് ഞാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ഇവിടെയുള്ള ഉദ്യോഗസ്ഥരോട് പൊട്ടിത്തെറിച്ചു. വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നിഷ്‌ക്രിയമായിരുന്നു, ഉമാഭാരതി പറഞ്ഞു.
മാധ്യമങ്ങളോട് സംസാരിക്കവേ കോണ്‍ഗ്രസ് നേതാവും ഉത്തരാഖണ്ഡ് മുന്‍മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്തിന്റെ ചില തീരുമാനങ്ങളേയും ഉമാ ഭാരതി പ്രശംസിച്ചു.
പരിസ്ഥിതി പ്രവര്‍ത്തകന്‍ ജി.ഡി അഗര്‍വാളും ആനന്ദ് സ്വാമിയും നിരാഹാര സമരം നടത്തിയപ്പോളാണ് 1500 കോടിയുടെ പദ്ധതി ഹരീഷ് റാവത്ത് ഉപേക്ഷിച്ചത്. ഇത്തരം പദ്ധതികള്‍ നിര്‍ത്താന്‍ നിലവിലെ സര്‍ക്കാരിന് ഇനിയും സമയമുണ്ട്. ഉത്തരാഖണ്ഡിനെ ദൈവങ്ങളുടെ നാടായി കണക്കാക്കണമെന്നും ഉമാഭാരതി പറഞ്ഞു.
ജോഷിമഠിലെ നിലവിലെ പ്രതിസന്ധിക്ക് കാരണം എന്‍.ടി പി.സി പദ്ധതിയാണെന്ന് താന്‍ ഇപ്പോള്‍ പറയുന്നില്ലെന്നും അത് വിദഗ്ധര്‍ പറയട്ടെയെന്നും അതിന് ശേഷം തന്റെ നിലപാട് പറയാമെന്നും ഉമാഭാരതി പറഞ്ഞു.
ഇത്തരം പദ്ധതികളെല്ലാം പുനഃപരിശോധിക്കണം. വിദഗ്ധരുടെ ചില അഭിപ്രായം മുന്‍നിര്‍ത്തി ഈ വിഷയത്തില്‍ താന്‍ നേരത്തെ നിലപാട് അറിയിച്ചിരുന്നു. എന്നാല്‍ വിദഗ്ധ സമിതി രൂപീകരിച്ച് വീണ്ടും ഈ പദ്ധതി തുടരുകയായിരുന്നുവെന്നും ഉമാഭാരതി കുറ്റപ്പെടുത്തി.
ഭൂമി ഇടിഞ്ഞുതാഴ്ന്ന് കെട്ടിടങ്ങള്‍ക്കും റോഡുകള്‍ക്കും മറ്റും വിള്ളല്‍ വീഴുന്ന ജോഷിമഠില്‍ വലിയ ഭീതിയിലാണ് ജനങ്ങള്‍. വരും ദിവസങ്ങളില്‍ തണുപ്പ് കടുക്കുമെന്നതിനാല്‍ വീടുവിട്ട് പോകേണ്ടിവന്നവരും ആശങ്കയിലാണ്.
ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചൊവ്വാഴ്ച പുറത്തുവിട്ട ബുള്ളറ്റിന്‍ പ്രകാരം വീടുകളടക്കം 723 കെട്ടിടങ്ങള്‍ക്ക് വിള്ളല്‍ വീണിട്ടുണ്ട്. 86 കെട്ടിടം അങ്ങേയറ്റം അപകടനിലയിലാണ്. 131 കുടുംബങ്ങളെ ഇതുവരെ മാറ്റിപ്പാര്‍പ്പിച്ചു.
അതേസമയം എന്‍.ടി.പി.സിയുടെ തപോവന്‍- വിഷ്ണുഗഢ് ജലവൈദ്യുത പദ്ധതിയും മറ്റുമാണ് ഇപ്പോഴത്തെ അപകടാവസ്ഥയ്ക്ക് വഴിയൊരുക്കിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു. എന്നാല്‍ എന്‍.ടി.പി.സി ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. നഷ്ടപരിഹാരം നിശ്ചയിക്കാതെ കെട്ടിടങ്ങള്‍ പൊളിക്കുന്നതിനെതിരെയും വലിയ പ്രതിഷേധം ഉയരുന്നുണ്ട്.