| Tuesday, 1st August 2017, 11:05 pm

'സ്ത്രീയെ താഴ്ത്തിക്കെട്ടാന്‍ ശ്രമിക്കുന്നവരോട് ഒന്നും പറയാനില്ല;' മീഡിയ വണ്ണിലെ മാധ്യമപ്രവര്‍ത്തകന്‍ സുനില്‍ ഐസകിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ മാധ്യമപ്രവര്‍ത്തക

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ മാധ്യമപ്രവര്‍ത്തക രംഗത്ത്. പിണറായി വിജയന്റെ “കടക്ക് പുറത്ത്” അധിക്ഷേപത്തെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരുടെ വാട്സാപ്പ് ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചക്കിടെ മീഡിയാ വണ്ണിലെ മാധ്യമപ്രവര്‍ത്തകന്‍ സുനില്‍ ഐസക് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്ന് കൈരളി കണ്ണൂര്‍ ബ്യൂറോ ചീഫ് ജോഷില ആരോപിച്ചു.

മുഖ്യമന്ത്രിയുടെ വിവാദമായ പരാമര്‍ശത്തെത്തുടര്‍ന്ന് വാട്സാപ് ഗ്രൂപ്പിലെ ചര്‍ച്ചയില്‍ ജോഷില തന്റെ നിലപാടറിയിച്ചിരുന്നു. ഇതിനോടുള്ള പ്രതികരണമായി സുനില്‍ ഗ്രൂപ്പിലിട്ട കമന്റാണ് പ്രശനമായത്. എന്നാല്‍ തനിക്ക് ഗ്രൂപ്പ് മാറിപ്പോയതാണെന്നാണ് സുനിലിന്റെ പ്രതികരണം. സുനില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയപ്പോള്‍ പ്രതികരിക്കാതിരുന്ന ഗ്രൂപ്പിലെ മറ്റു മാധ്യമപ്രവര്‍ത്തകര്‍ സുനില്‍ ഗ്രൂപ്പ് മാറിയതാണെന്ന് പറഞ്ഞപ്പോള്‍ അതിനെ സ്വാഗതം ചെയ്‌തെന്നും ജോഷില പറയുന്നു.

സംഭവത്തെക്കുറിച്ച് ജോഷില പറയുന്നത് ഇങ്ങനെ

“” മാധ്യമപ്രവര്‍ത്തകരുടെ സംസ്‌കാരം വെളിപ്പെടുത്തുന്ന വാക്കുകളാണ്. സഹപ്രവര്‍ത്തകരായ മാധ്യമപ്രവര്‍ത്തകരോടുള്ള ഇവരുടെയൊക്കെ മനസ്സിലിരിപ്പ് ഇതാണെങ്കില്‍ ദിലീപ് നടിയെ ആക്രമിച്ചതിനെയൊക്കെ ഇവര്‍ എതിര്‍ക്കുന്നതിന്റെ അര്‍ത്ഥമെന്താണ്? ഇത്തരക്കാര്‍ക്കൊപ്പം എങ്ങനെയാണ് ധൈര്യമായി ഷൂട്ടിന് പോകാന്‍ പറ്റുക? ഇവര്‍ തന്നെ സ്ത്രീയുടെ പക്ഷത്തുനിന്ന് സംസാരിക്കും. മനസ്സിലിത്തരം സാധനങ്ങള്‍ വെച്ച് പുറമേ നല്ലവരായിട്ടാണ് പെരുമാറുന്നത്. അങ്ങനെയൊരാള്‍ക്ക് മാധ്യമപ്രവര്‍ത്തകനായി തുടരാന്‍ പറ്റുമോ? ഇങ്ങനെയൊരാള്‍ എന്ത് ഇംപാക്ട് ആണ് സമൂഹത്തില്‍ ഉണ്ടാക്കാന്‍ പോകുന്നത്? 2006ലാണ് ഞാന്‍ മാധ്യമപ്രവര്‍ത്തനം തുടങ്ങിയത്. 2007ല്‍ ഞാന്‍ കൈരളിയില്‍ ജോലിക്ക് ചേര്‍ന്നു. ഇത്തരം അധിക്ഷേപം ഇതുവരെയും നേരിടേണ്ടിവന്നിട്ടില്ല. രാത്രിയടക്കം ജോലി ചെയ്യുന്നവരല്ലേ നമ്മള്‍? സ്ത്രീകളായാലും പുരുഷന്മാരായാലും ഒരേപോലെ ജോലി ചെയ്യുന്നവരാണ്. മാധ്യമപ്രവര്‍ത്തന രംഗത്ത് ഏതെങ്കിലും തരത്തില്‍ ഹയറാര്‍ക്കി നിലനില്‍ക്കുന്നുണ്ടെന്ന് കരുതുന്നില്ല. ഞാനിപ്പോള്‍ കൈരളിയുടെ കണ്ണൂര്‍ ബ്യൂറോ ചീഫാണ്. നമ്മളെങ്ങനെ പിടിച്ചുനില്‍ക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഹയറാര്‍ക്കിയൊക്കെ. ഇവരൊക്കെ സമൂഹത്തില്‍ നീതിയും നിയമവും നടപ്പിലാക്കാന്‍ നടക്കുന്നവരാണ്. സാമൂഹ്യനീതി ഉറപ്പുവരുത്തേണ്ടവരാണ്. ഇവരുമായി ചേര്‍ന്നുപോകാന്‍ പറ്റുന്നവരാണ് എന്നാണ് നമ്മള്‍ കരുതുക. മറിച്ച്, ഇങ്ങനെയാണ് നടക്കുന്നതെങ്കില്‍, പുരുഷ ലോബിയിങ് ആണ് നടക്കുന്നതെങ്കില്‍, പുതിയ പെണ്‍കുട്ടികളൊക്കെ എങ്ങനെയാണ് ഈ രംഗത്തേക്ക് കടന്നുവരിക? ഇന്നലെ നടന്ന ചര്‍ച്ച പിണറായി കടക്ക് പുറത്ത് എന്ന് പറഞ്ഞതിന്മേലാണ്. ആ ചര്‍ച്ചയില്‍ മാധ്യമപ്രവര്‍ത്തക എന്ന നിലയില്‍ ഞാനും പങ്കെടുത്തു. എന്റെ രാഷ്്ട്രീയമാണ് ഞാനവിടെ പറഞ്ഞത്. രാഷ്ട്രീയം പറയുമ്പോള്‍ അതിനെ രാഷ്ട്രീയമായി എതിര്‍ക്കാന്‍ പഠിക്കണം. സ്ത്രീ പറയുന്നു എന്നുള്ളത് കൊണ്ട് സ്ത്രീയെ ഈ രീതിയില്‍ താഴ്ത്തിക്കെട്ടാന്‍ ശ്രമിക്കുന്നവരോട് ഒന്നും പറയാനില്ല. അതാണ് മാധ്യമപ്രവര്‍ത്തന രംഗത്ത് നടക്കുന്നതെങ്കില്‍ തീരേ പറയാനില്ല. ഭയങ്കര കഷ്ടം തോന്നുന്നു ആലോചിക്കുമ്പോള്‍””


Also Read:‘അവള്‍ ലോകത്തിന് മാതൃകയാണ്’; പി.സി ജോര്‍ജ് സംസാരിക്കുന്നത് സാമൂഹ്യബോധമോ രാഷ്ട്രീയ ബോധമോ ഇല്ലാത്തയാളെ പോലെ; പി.സിയ്‌ക്കെതിരെ നടപടിയാവശ്യപ്പെട്ടു കൊണ്ട് വനിതാ കൂട്ടായ്മ


എന്നാല്‍ ചലച്ചിത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ വാട്‌സാപ്പ് ഗ്രൂപ്പിലേക്കയച്ച് സന്ദേശം അബദ്ധവശാല്‍ മാറിപ്പോയതാണെന്നാണ് സുനിലിന്റെ വിശദീകരണം.

സുനില്‍ പറയുന്നു

“”കണ്ണൂര്‍ പ്രസ് ക്ലബ് ഗ്രൂപ്പില്‍ എപ്പോഴും ഓരോ വിഷയത്തില്‍ ഇങ്ങനെ ചര്‍ച്ചകള്‍ നടക്കാറുണ്ട്. രണ്ട് ചേരികളായി തിരിഞ്ഞ്. ഇത്തരം ചര്‍ച്ചകളില്‍ ഇടപെടാത്തൊരാളാണ് ഞാന്‍. ഇന്നലെ പിണറായി വിഷയത്തില്‍ ചര്‍ച്ച നടക്കുകയായിരുന്നു. കൈരളിയിലെ ജോഷിലയും മനോരമയിലെ റഫീക്കും തമ്മിലായിരുന്നു ഈ ചര്‍ച്ചകള്‍ നടന്നത്. ഈ ചര്‍ച്ചയില്‍ ഞാന്‍ ഇടപെട്ടിരുന്നില്ല. മറ്റൊരു ഗ്രൂപ്പില്‍ ചര്‍ച്ച നടക്കുകയായിരുന്നു. സീനിയര്‍ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പാണ് അതും. അതില്‍ ഒരു ചലച്ചിത്ര നടിയുടെ ഫോട്ടോ ഇട്ടു. ആ ഗ്രൂപ്പില്‍ ഇത്തരം കമന്റുകള്‍ ഞങ്ങളെല്ലാം ഇട്ടിരുന്നു, കമന്റ് ഇട്ട് അത് ഫോര്‍വേഡ് ചെയ്തപ്പോള്‍ പ്രസ് ക്ലബ് ഗ്രൂപ്പിലാണ് ഇത് പോസ്്റ്റ് ചെയ്തത്. അതൊരു കയ്യബദ്ധമാണ്. ചലച്ചിത്രമേഖലയിലെ ഒരു ചര്‍ച്ചയുമായി ബന്ധപ്പെട്ട് വന്ന ചര്‍ച്ചയിലാണ് ഈ കമന്റ് ഇട്ടത് എന്ന് ഞാന്‍ ഫെയ്സ്ബുക്ക് പോസ്്റ്റില്‍ പറഞ്ഞിട്ടുണ്ട്. ഞാനുപയോഗിച്ച ഭാഷയില്‍ പ്രശ്നമുണ്ടെന്ന് ഞാന്‍ സമ്മതിക്കുന്നു. അയച്ച ശേഷം അതിനു താഴെ അബദ്ധം പറ്റിയതാണെന്ന് ഞാന്‍ മെസേജയച്ചു. ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അതിന് പ്രതികരിച്ചു. സ്മൈലി ഒക്കെ ഇട്ടു. ആ ചര്‍ച്ച ഗ്രൂപ്പില്‍ അങ്ങനെ അവസാനിച്ചു. രാവിലെ ജോഷിലക്ക് തോന്നുന്നു ജോഷിലയെപ്പറ്റിയാണ് ആ എഴുതിയതെന്ന്. ജോഷില അത് ഫെയ്സ്ബുക്കിലിട്ടപ്പോള്‍ അതിന്റെ വേര്‍ഷന്‍ മാറി. കണ്ണൂര്‍ പ്രസ്‌ക്ലബ്ബിന്റെ ഒരു ഗ്രൂപ്പില്‍ പിണറായിയുടെ വിവാദവുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയില്‍ മീഡിയാ വണ്ണിലെ സുനില്‍ അയച്ചൊരു കമന്റാണിത്. ഈ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇത്രയേ സംസ്‌കാരമുള്ളൂ, അത് കഴിഞ്ഞ് വേണ്ടേ പിണറായിയെ പഠിപ്പിക്കാന്‍ എന്ന് പറഞ്ഞ് പോസ്റ്റിട്ടു. ആ പോസ്റ്റോടുകൂടി സംഗതി മാറി. പ്രതീക്ഷിക്കാത്ത സംഗതിയാണ്. ഞാനെട്ടു വര്‍ഷമായി മാധ്യമരംഗത്തുള്ളയാളാണ്. സിപിഎം ബീറ്റ് കൈകാര്യം ചെയ്തിരുന്നയാളാണ്. ഞാനൊരാളോടുപോലും അരുതാത്തൊരു വാക്ക് പോലും പറഞ്ഞിട്ടില്ല. ചര്‍ച്ചയുടെ ഭാഗമായി പറഞ്ഞതാണെങ്കില്‍ എനിക്ക് മാപ്പ് പറയേണ്ട ആവശ്യമില്ല. പിണറായി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞ കാര്യത്തില്‍ വലിയ പ്രതിരോധത്തിലായിട്ടുണ്ട് പാര്‍ട്ടി. അപ്പോ ഇത്തരത്തിലുള്ള ആളുകളാണ് മാധ്യമപ്രവര്‍ത്തകര്‍, ഇവരോട് ഇതൊക്കെ പറയാം എന്ന രീതിയിലേക്ക് പാര്‍ട്ടിയുടെ സൈബര്‍ സഖാക്കള്‍ അത് കണ്‍വേര്‍ട്ട് ചെയ്തു. അതാണ് പറ്റിയത്. മറ്റൊന്ന് പ്രസ് ക്ലബ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഞാനും ജോഷിലയും എതിര്‍ ചേരികളിലാണ് നില്‍ക്കുന്നത്. അങ്ങനെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനുള്ള ചര്‍ച്ചകള്‍ പോലും പുരോഗമിക്കുകയാണ്. ഇതും അതിന് ഒരു കാരണമായി എന്നതാണ് യാഥാര്‍ത്ഥ്യം”

We use cookies to give you the best possible experience. Learn more