|

പരാജയപ്പെട്ട നിർമാതാക്കളെ അങ്ങോട്ട് ഫോൺ വിളിക്കുന്ന ഒരേയൊരു നടൻ, ശരിക്കും ഒരു റോൾ മോഡലായിരുന്നു: ജോഷി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയിൽ പതിറ്റാണ്ടുകളായി നിറഞ്ഞുനിൽക്കുന്ന സംവിധായകനാണ് ജോഷി. ജയൻ മുതൽ ജോജു വരെയുള്ള മലയാള സിനിമയിലെ നായകൻമാരെ വെച്ച് സിനിമയെടുത്തിട്ടുള്ള അദ്ദേഹം മലയാളത്തിലെ കോമേഴ്‌ഷ്യൽ സിനിമകളുടെ തലതൊട്ടപ്പനാണ്. മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ സൂപ്പർ താരങ്ങൾക്ക് നിരവധി ഹിറ്റുകൾ സമ്മാനിച്ച ജോഷി മലയാളത്തിന്റെ നിത്യഹരിത നായകൻ പ്രേം നസീറിനെ കുറിച്ച് സംസാരിക്കുകയാണ്.

ഒരു സിനിമ സാമ്പത്തികമായി പരാജയപ്പെട്ടാൽ അങ്ങോട്ട് ഫോൺ വിളിക്കുന്ന ഒരേയൊരു നടൻ പ്രേംനസീർ മാത്രമായിരുന്നുവെന്നും ഒരു കൈ കൊടുത്താൽ മറു കൈ അറിയാത്ത സ്വഭാവമായിരുന്നു അദ്ദേഹത്തിന്റേതെന്നും ജോഷി പറയുന്നു. കുറച്ചുകാലം കൂടി ജീവിച്ചിരുന്നെങ്കിൽ, ഇന്ന് അമിതാഭ് ബച്ചനെയൊക്കെ പോലൊരു നടനായി അദ്ദേഹം മാറിയേനെയെന്നും അദ്ദേഹത്തെ പോലൊരു വ്യക്തിത്വത്തെ താൻ പിന്നീട് ജീവിതത്തിൽ കണ്ടിട്ടില്ലെന്നും ജോഷി കൂട്ടിച്ചേർത്തു.

സാമ്പത്തിക പരാജയം വന്ന ഒരു നിർമാതാവിനെ അങ്ങോട്ട് ഫോൺ വിളിക്കുന്ന നടൻ നസീർസാർ മാത്രമാണ് എന്നതാണ് എൻ്റെ അനുഭവം
– ജോഷി

‘സാമ്പത്തിക പരാജയം വന്ന ഒരു നിർമാതാവിനെ അങ്ങോട്ട് ഫോൺ വിളിക്കുന്ന നടൻ നസീർസാർ മാത്രമാണ് എന്നതാണ് എൻ്റെ അനുഭവം. മാനസികമായി തകർന്നിരിക്കുന്ന നിർമാതാവിനെക്കൊണ്ട് അദ്ദേഹം അടുത്ത പടം ചെയ്യിച്ചിരിക്കും. എടുത്തുപറയേണ്ട മറ്റൊരു സ്വഭാവം, ഒരു കൈ കൊടുക്കുന്നത് മറു കൈ അറിയില്ല എന്നതാണ്.

മദ്രാസിലെ വീട്ടിൽ കേരളത്തിൽ നിന്നും എത്ര പേരാണ് നസീർ സാറിനെ കാണാൻ എത്തിയിരുന്നത്. അവരുടെ ആവശ്യങ്ങളും പ്രയാസങ്ങളും മനസിലാക്കാനും വേണ്ട സഹായങ്ങൾ യഥാസമയം ചെയ്‌തുകൊടുക്കാനും അദ്ദേഹത്തിന് രണ്ടാമതൊന്ന് ആലോചിച്ചിട്ടില്ല. നസീർസാറിൻ്റെ മിക്ക ചിത്രങ്ങളിലും ഒരു പ്രമുഖ നടൻ്റെ സാന്നിധ്യം ഉണ്ടായിരുന്നു അന്ന്.

ചുക്കില്ലാത്ത കഷായമില്ല എന്ന് പറയുന്ന പോലെ അദ്ദേഹം എല്ലാ നസീർ ചിത്രങ്ങളുടെയും അവിഭാജ്യഘടകമായി മാറി. പ്രേക്ഷകർ അത് അംഗീകരിക്കുകയും ചെയ്‌തു. ഷൂട്ടിങ് സമയത്ത് ഇവർ രണ്ടുപേരും രണ്ടുതരക്കാരാണ്. അദ്ദേഹവുമായി സഹകരിക്കാൻ തന്നെ വളരെ ബുദ്ധിമുട്ടായിരുന്നു. സഹികെട്ട് ഒരിക്കൽ ഞാൻ നസീർസാറിനോട് ചോദിച്ചു, എന്തിനാണ് സാറേ ഇത്രയും തലവേദന പിടിച്ച ഒരാളെ കൊണ്ടുനടക്കുന്നത് എന്ന്.

നസീർസാർ പറഞ്ഞ മറുപടി ഇതായിരുന്നു. മിസ്റ്റർ ജോഷി, നമ്മൾ ഒരു നല്ല സദ്യ ഉണ്ടുകഴിയുമ്പോൾ സദ്യ ഗംഭീരമായി എന്നേ പറയാറുള്ളൂ. അതിലെ ഓരോ കറികളുടെ പേരും എടുത്തുപറയാറില്ല. അതെല്ലാം കൂടി ചേരുമ്പോഴല്ലേ സദ്യയാവൂ. . ഇവിടെ സദ്യ എന്നു പറയുന്നത് നസീർ ചിത്രമാണ്. സദ്യ നന്നായി എന്ന് പറയുമ്പോൾ നസീർ ചിത്രം നന്നായി എന്ന് പറയുന്നതിന് തുല്യമാണ്.

കുറച്ചുകാലം കൂടി ജീവിച്ചിരുന്നെങ്കിൽ, ഇന്ന് അമിതാഭ് ബച്ചനൊക്കെ ചെയ്യുന്നതുപോലെയുള്ള മികച്ച കഥാപാത്രങ്ങൾ നസീർ സാറിനെ തേടിയെത്തുമായിരുന്നു. ആരോടും പരിഭവമില്ലാതെ, സ്നേഹം മാത്രം പകർന്ന ഇതുപോലൊരു വ്യക്തിത്വത്തെ ഞാൻ പിന്നീട് ജീവിതത്തിൽ കണ്ടുമുട്ടിയിട്ടില്ല. ശരിക്കും ഒരു റോൾ മോഡൽ,’ജോഷി പറയുന്നു.

Content Highlight: Joshi About Actor Prem Nazeer