|

ആദ്യ സെഞ്ച്വറിയില്‍ തന്നെ ഒന്നാം സ്ഥാനത്ത്, ഇന്ത്യയെ തച്ചുനേടിയ റെക്കോഡ്; തലയുയര്‍ത്തി ഇംഗ്ലിസ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ – ഓസ്‌ട്രേലിയ ടി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ കൂറ്റന്‍ സ്‌കോറാണ് കങ്കാരുക്കള്‍ അടിച്ചെടുത്തത്. ടോസ് നഷ്ടപ്പെട്ട് കളത്തിലിറങ്ങിയ ഓസീസ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സാണ് നേടിയത്.

ജോഷ് ഇംഗ്ലിസിന്റെ സെഞ്ച്വറിയുടെയും സ്റ്റീവ് സ്മിത്തിന്റെ അര്‍ധ സെഞ്ച്വറിയുടെയും കരുത്തിലാണ് ഓസീസ് മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്.

സ്റ്റീവ് സ്മിത് 41 പന്തില്‍ 52 റണ്‍സ് നേടിയപ്പോള്‍ 50 പന്തില്‍ 110 റണ്‍സാണ് ഇംഗ്ലിസ് നേടിയത്. താരത്തിന്റെ ആദ്യ അന്താരാഷ്ട്ര ടി-20 സെഞ്ച്വറിയാണിത്.

11 ബൗണ്ടറിയും എട്ട് സിക്‌സറും അടക്കം 220.00 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് ഇംഗ്ലിസ് റണ്ണടിച്ചുകൂട്ടിയത്.

ഈ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ ഒരു നേട്ടവും ഇംഗ്ലിസിനെ തേടിയെത്തിയിരിക്കുകയാണ്. ടി-20 ഫോര്‍മാറ്റില്‍ വേഗത്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന ഓസീസ് താരം എന്ന നേട്ടമാണ് ഇംഗ്ലിസ് സ്വന്തമാക്കിയത്. നേരിട്ട 47ാം പന്തില്‍ സെഞ്ച്വറി നേടിയ ഇംഗ്ലിസ് ഇതോടെ ആരോണ്‍ ഫിഞ്ചിന്റെ നേട്ടത്തിനൊപ്പമെത്തുകയും ചെയ്തു.

ടി-20യില്‍ വേഗത്തില്‍ സെഞ്ച്വറി നേടിയ ഓസീസ് താരങ്ങള്‍

(താരം – എതിരാളികള്‍ – സെഞ്ച്വറി നേരിടാനെടുത്ത പന്ത് – വര്‍ഷം എന്നീ ക്രമത്തില്‍)

ആരോണ്‍ ഫിഞ്ച് – ഇംഗ്ലണ്ട് – 47 – 2013

ജോഷ് ഇംഗ്ലിസ് – ഇന്ത്യ – 47 – 2023

ഗ്ലെന്‍ മാക്‌സ്‌വെല്‍ – ശ്രീലങ്ക – 49 – 2018

ഗ്ലെന്‍ മാക്‌സ്‌വെല്‍ – ഇന്ത്യ – 20 – 2019

അതേസമയം, മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മികച്ച രീതിയില്‍ ബാറ്റ് വീശുകയാണ്. ആദ്യ ഓവറുകളില്‍ പതറിയെങ്കിലും താളം കണ്ടെത്തിയ ഇന്ത്യ വിജയപ്രതീക്ഷകള്‍ വെച്ചുപുലര്‍ത്തി ബാറ്റിങ് തുടരുകയാണ്.

നിലിവില്‍ 11 ഓവര്‍ പിന്നിടുമ്പോള്‍ 114 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ. 26 പന്തില്‍ 46 റണ്‍സ് നേടിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും 32 പന്തില്‍ 40 റണ്‍സ് നേടിയ ഇഷാന്‍ കിഷനുമാണ് ക്രീസില്‍.

ഓപ്പണര്‍ യശസ്വി ജെയ്സ്വാള്‍ എട്ട് പന്തില്‍ 21 റണ്‍സ് നേടി പുറത്തായപ്പോള്‍ ഒറ്റ പന്ത് പോലും നേരിടാന്‍ സാധിക്കാതെ റണ്‍ ഔട്ടായായിരുന്നു ഋതുരാജ് ഗെയ്ക്വാദിന്റെ മടക്കം.

Content Highlight: Josh Inglis becomes the fastest Australian batter to score  T20 century