ഒരിക്കല്‍ നേടിയതും കഴിഞ്ഞ തവണ നഷ്ടപ്പെടുത്തിയതുമായ ലോകകീരീടം വീണ്ടെടുക്കാനാണ് ഓസ്‌ട്രേലിയ ഒരുങ്ങുന്നത്. ലോകകപ്പില്‍ മികച്ച സ്‌ക്വാഡിനെ തന്നെ കളത്തിലിറക്കിയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ ലോകകപ്പ് ഒരിക്കല്‍ക്കൂടി സ്വപ്‌നം കാണുന്നത്.
നിലവില്‍ ലോകകപ്പിന് മുമ്പുള്ള സന്നാഹ മത്സരങ്ങളുടെ തിരക്കിലാണ് ഓസ്‌ട്രേലിയ. നമീബിയക്കെതിരെയായിരുന്നു ഓസീസിന്റെ ആദ്യ മത്സരം. അത്ഭുതങ്ങളൊന്നും സംഭവിക്കാതിരുന്ന ക്യൂന്‍സ് പാര്‍ക്കില്‍ കങ്കാരുക്കള്‍ അനായാസ വിജയം സ്വന്തമാക്കുകയും ചെയ്തു.
മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയന്‍ നായകന്‍ മിച്ചല്‍ മാര്‍ഷ് നമീബിയയെ ബാറ്റിങ്ങിനയച്ചു. ഓസ്‌ട്രേലിയന്‍ ബൗളിങ് നിരയ്ക്ക് മുമ്പില്‍ പിടിച്ച നില്‍ക്കാന്‍ സാധിക്കാതെ വന്ന നമീബിയ നശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സാണ് നേടിയത്.
11 പന്തില്‍ 18 റണ്‍സടിച്ച മലന്‍ ക്രൂഗറും 17 പന്തില്‍ 15 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ജെറാര്‍ഡ് എറാസ്മസുമാണ് നമീബിയയുടെ മറ്റ് സ്‌കോറര്‍മാര്‍.
ഓസ്‌ട്രേലിയക്കായി ആദം സാംപ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ജോഷ് ഹെയ്‌സല്‍വുഡ് രണ്ട് വിക്കറ്റും നേടി. നഥാന്‍ എല്ലിസും ടിം ഡേവിഡും ഓരോ വിക്കറ്റ് വീതം നേടിയപ്പോള്‍ രണ്ട് നമീബിയന്‍ താരങ്ങള്‍ റണ്ണൗട്ടുമായി.
ഇതില്‍ സൂപ്പര്‍ താരം ജോഷ് ഹെയ്‌സല്‍വുഡിന്റെ ബൗളിങ് പ്രകടനം കണ്ടാണ് ആരാധകര്‍ അമ്പരന്നിരിക്കുന്നത്. മത്സരത്തില്‍ നാല് ഓവര്‍ എറിഞ്ഞ ഹെയ്‌സല്‍വുഡ് അഞ്ച് റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് നേടി. എറിഞ്ഞ നാല് ഓവറില്‍ തുടര്‍ച്ചയായ മൂന്ന് ഓവറിലും ഒറ്റ റണ്‍സ് പോലും വഴങ്ങിയില്ല എന്നതാണ് ഓസീസ് സൂപ്പര്‍ താരത്തിന്റെ പ്രകടനത്തിന് മാറ്റുകൂട്ടുന്നത്.
ഹെയ്‌സല്‍വുഡ് എറിഞ്ഞ 20ാം പന്തില്‍ മാത്രമാണ് നമീബിയക്ക് റണ്‍ കണ്ടെത്താനായത്.
സ്‌പെല്ലിലെ നാലാം ഓവറിലെ ആദ്യ പന്ത് ഡോട്ട് ആയപ്പോള്‍ മൂന്ന്, നാല് പന്തുകളില്‍ നമീബിയ സിംഗിള്‍ നേടി. തൊട്ടടുത്ത പന്ത് നോ ബോളായതോടെ എക്‌സ്ട്രാ ഇനത്തില്‍ ഹെയ്‌സല്‍വുഡിന്റെ പേരിലും നമീബിയന്‍ ടോട്ടലിലും ഓരോ റണ്‍സ് കയറി. ഫ്രീ ഹിറ്റ് ഡെലിവെറിയിലും സിംഗിള്‍ മാത്രമാണ് നമീബിയക്ക് കണ്ടെത്താന്‍ സാധിച്ചത്.
അഞ്ചാം പന്തില്‍ മറ്റൊരു സിംഗിളും പിറന്നു. ഓവറിലെ അവസാന പന്തില്‍ നമീബിയന്‍ താരം റണ്‍ ഔട്ടുമായതോടെ 4-3-5-2 എന് ബൗളിങ് ഫിഗറിലേക്ക് ഹെയ്‌സല്‍വുഡ് എത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ ഡേവിഡ് വാര്‍ണറിന്റെ കരുത്തിലാണ് പടുകൂറ്റന്‍ ജയം സ്വന്തമാക്കിയത്. 60 പന്തും ഏഴ് വിക്കറ്റും ബാക്കി നില്‍ക്കവെയാണ് ഓസ്‌ട്രേലിയ വിജയം പിടിച്ചടക്കിയത്.
Australia cruise past Namibia in their opening #T20WorldCup warm-up fixture with David Warner top-scoring with 54no.
21 പന്ത് നേരിട്ട് ആറ് ബൗണ്ടറിയും മൂന്ന് സിക്‌സറും അടക്കം പുറത്താകാതെ 54 റണ്‍സാണ് വാര്‍ണര്‍ സ്വന്തമാക്കിയത്. വാര്‍ണറിന് പുറമെ 16 പന്തില്‍ 23 റണ്‍സ് നേടിയ ടിം ഡേവിഡാണ് രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍.
മെയ് 31നാണ് ഓസ്‌ട്രേലിയ അടുത്ത സന്നാഹ മത്സരത്തിനിറങ്ങുന്നത്. ക്യൂന്‍സ് പാര്‍ക്കില്‍ നടക്കുന്ന മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസാണ് എതിരാളികള്‍.
Content Highlight: Josh Hazelwood’s brilliant bowling performance against Namibia