| Sunday, 5th February 2023, 7:33 pm

ടെസ്റ്റിന് മുമ്പ് തന്നെ ഓസീസിന് കണ്ണീര്‍, ഇന്ത്യക്കിത് വമ്പന്‍ ലോട്ടറി; ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യക്ക് അപ്പര്‍ഹാന്‍ഡ്

സ്പോര്‍ട്സ് ഡെസ്‌ക്

ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിലെ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്ക് മുന്നോടിയായി ഓസ്‌ട്രേലിയക്ക് വമ്പന്‍ തിരിച്ചടി. സ്റ്റാര്‍ പേസര്‍ ജോഷ് ഹേസല്‍വുഡിന് പരിക്കില്‍ നിന്നും തിരിച്ചെത്താന്‍ സാധിക്കാത്തതാണ് ഓസീസിന് പരമ്പരക്ക് മുമ്പ് തന്നെ തലവേദനയായിരിക്കുന്നത്.

പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളാണ് ഹേസല്‍വുഡിന് നഷ്ടമാവുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. കാലിനേറ്റ പരിക്ക് പൂര്‍ണമായും ഭേദമാകാത്തതിനെ തുടര്‍ന്നാണ് താരം പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നത്.

പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഹേസല്‍വുഡിന്റെ സേവനം ഓസീസിനുണ്ടാകില്ല എന്ന കാര്യത്തില്‍ ഏറെക്കുറെ തീരുമാനമായിക്കഴിഞ്ഞു. ഒരുപക്ഷേ പരിക്ക് ഭേദമാവുകയാണെങ്കില്‍ ദല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന രണ്ടാം ടെസ്റ്റില്‍ ഹേസല്‍വുഡ് കളിക്കാനും സാധ്യതകള്‍ കല്‍പിക്കുന്നുണ്ട്.

സൗത്താഫ്രിക്കക്കെതിരായ പരമ്പരക്കിടെയാണ് ഓസീസിന്റെ ആവനാഴിയിലെ ഏറ്റവും മൂര്‍ച്ചയേറിയ അസ്ത്രങ്ങളിലൊന്നായ ഹേസല്‍വുഡിന് പരിക്കേറ്റത്. ഇടതുകാലിനായിരുന്നു താരത്തിന് പരിക്കേറ്റത്.

പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തില്‍ ഹേസല്‍വുഡ് കളിക്കാതിരിക്കുകയാണെങ്കില്‍ ഇന്ത്യക്ക് ലഭിക്കാന്‍ പോകുന്ന അഡ്വാന്റേജ് ചില്ലറയായിരിക്കില്ല. ഐ.സി.സി ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങ്ങില്‍ പത്താമനും ഏകദിന റാങ്കിങ്ങില്‍ രണ്ടാമനും ടി-20 റാങ്കിങ്ങില്‍ നാലാമനുമാണ് ഹേസല്‍വുഡ്.

ഫെബ്രുവരി ഒമ്പതിനാണ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം നടക്കുന്നത്. വിദര്‍ഭയാണ് വേദി. നാല് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളിലെ ഇന്ത്യയുടെ അവസാന പരമ്പരയാണിത്. ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കണമെങ്കില്‍ വിജയമല്ലാതെ മറ്റൊന്നും ഇന്ത്യക്ക് മുമ്പിലില്ല.

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാരാണ് ഫൈനല്‍ കളിക്കുക. ഒന്നാം സ്ഥാനത്തുള്ള ഓസ്ട്രേലിയ ഇതിനോടകം ഫൈനല്‍ ഉറപ്പിച്ചിട്ടുണ്ട്.

രണ്ടാം സ്ഥാനത്തുള്ള ഇന്ത്യക്ക് പുറമെ മൂന്നാം സ്ഥാനത്തുള്ള ശ്രീലങ്കക്കും ഫൈനല്‍ കളിക്കാന്‍ തുല്യസാധ്യത കല്‍പിക്കുന്നതിനാല്‍ വന്‍ മാര്‍ജിനിലെ വിജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യക്ക് ചിന്തിക്കാന്‍ സാധിക്കില്ല.

പരിക്കില്‍ നിന്നും മുക്തനായ ജഡേജയും ബുംറയും ഇന്ത്യക്കൊപ്പം ചേരുന്നു എന്നതും ഇന്ത്യയെ സംബന്ധിച്ച് ഗുണകരമാണ്.

ഇന്ത്യ സ്‌ക്വാഡ് (ആദ്യ രണ്ട് ടെസ്റ്റ്)

ചേതേശ്വര്‍ പൂജാര, കെ.എല്‍ രാഹുല്‍, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, വിരാട് കോഹ്‌ലി, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, എസ്. ഭരത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ജയദേവ് ഉനദ്കട്, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്.

ഓസ്ട്രേലിയ സ്‌ക്വാഡ്

ഡേവിഡ് വാര്‍ണര്‍, മാര്‍നസ് ലബുഷാന്‍, മാറ്റ് റെന്‍ഷോ, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, ഉസ്മാന്‍ ഖവാജ, ആഷ്ടണ്‍ അഗര്‍, അലക്സ് കാരി (വിക്കറ്റ് കീപ്പര്‍), പീറ്റര്‍ ഹാന്‍ഡ്സ്‌കോംബ് (വിക്കറ്റ് കീപ്പര്‍), മിച്ചല്‍ സ്വെപ്സണ്‍, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), കാമറൂണ്‍ ഗ്രീന്‍, ലാന്‍സ് മോറിസ്, മിച്ചല്‍ സ്റ്റാര്‍ക്ക്, സ്‌കോട്ട് ബോളണ്ട്, ടോഡ് മര്‍ഫി, നഥാന്‍ ലിയോണ്‍.

Content highlight: Josh Hazelwood ruled out from 1st test between India vs Australia

We use cookies to give you the best possible experience. Learn more