ഇന്ത്യന്‍ ബൗളിങ്ങിന്റെ കുന്തമുനയായ ജസ്പ്രീത് ബുംറക്ക് പരിക്ക് കാരണം ലോകകപ്പിന് കളിക്കാന്‍ ഇറങ്ങാന്‍ സാധിക്കാതെ പുറത്തായിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ആദ്യ ടി-20 മത്സരത്തില്‍ മികച്ച വിജയം സ്വന്തമാക്കാന്‍ സാധിച്ചതിന് ശേഷമാണ് ഇന്ത്യന്‍ ടീമിനെ തേടി നിര്‍ഭാഗ്യകരമായ വാര്‍ത്ത വന്നത്.
പുറം വേദനയെ തുടര്‍ന്നാണ് താരത്തിന് മാറി നില്‍ക്കേണ്ടി വന്നിരിക്കുന്നത്. ആദ്യ മത്സരത്തിന് മുമ്പ് നടത്തിയ പരിശീലനത്തിനിടയിലാണ് അദ്ദേഹത്തിന് പരിക്കേറ്റത്.
ഇതോടെ ആദ്യ ടി-20യില്‍ ബുംറക്ക് കളിക്കാന്‍ സാധിച്ചില്ല. എന്നാല്‍ ബുംറയുടെ പരിക്ക് സാരമുള്ളതല്ലെന്നും അസം ക്രിക്കറ്റ് ഗ്രൗണ്ടില്‍ വെച്ച് നടക്കുന്ന രണ്ടാം ടി-20യില്‍ താരം കളിക്കുമെന്നുമായിരുന്നു പ്രാഥമിക റിപ്പോര്‍ട്ടുകള്‍ വന്നത്.
നിലവില്‍ ബുംറക്ക് ആറ് മാസത്തോളം വിശ്രമം വേണ്ടി വരുമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. ഒക്ടോബര്‍ അവസാനം നടക്കുന്ന ലോകകപ്പ് താരത്തിന് ഇതോടെ നഷ്ടമാവും.
ഓപ്പണിങ് സ്പെല്ലിലും ഡെത്ത് സ്പെല്ലിലും ഒരുപോലെ തിളങ്ങാന്‍ സാധിക്കുന്ന ബുംറക്ക് പകരം ആളെ കണ്ടെത്തുക എന്നുള്ളത് ചെറിയ കാര്യമല്ല. ടൈറ്റ് മത്സരങ്ങളെ ഒറ്റ ഓവറില്‍ തിരിച്ചുവിടാന്‍ സാധിക്കുന്ന താരമാണ് ബുംറ.
ലോകകപ്പില്‍ ബുംറ പുറത്താണെന്ന വാര്‍ത്തകളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഓസ്ട്രേലിയന്‍ പേസര്‍ ജോഷ് ഹേസില്‍വുഡ്. ടീം ഇന്ത്യ അദ്ദേഹത്തെ ഒരുപാട് മിസ് ചെയ്യുമെന്ന് ഹേസല്‍വുഡ് പറഞ്ഞു. ഒരുപക്ഷേ ടി20യിലെ ഏറ്റവും മികച്ച ബൗളര്‍ എന്നാണ് ബുംറയെ അദ്ദേഹം വിശേഷിപ്പിച്ചത്.
”എന്നെ സംബന്ധിച്ചിടത്തോളം ടി20യിലെ ഏറ്റവും മികച്ച ബൗളര്‍ അദ്ദേഹമായിരിക്കും. ഐ.പി.എല്ലിലും അന്താരാഷ്ട്ര ക്രിക്കറ്റിലും തന്റെ ജോലി നല്ല രീതിയിലാണ് അദ്ദേഹം നിര്‍വഹിക്കുന്നത്. അവന്റെ യോര്‍ക്കറുകള്‍ ഇന്ത്യ എന്തായാലും മിസ് ചെയ്യുമെന്ന് ഉറപ്പാണ്,” ഹേസല്‍വുഡ് പറഞ്ഞു.
ടി20 ലോകകപ്പിലേക്ക് ഉള്ള റിസേര്‍വ് ടീമില്‍ പോലുമിടമില്ലാതിരുന്ന സിറാജാണ് ബുംറക്ക് പകരം ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ കളിക്കുന്നത്. എല്ലാ ഫോര്മാറ്റിലും മോശമല്ലാത്ത പ്രകടനം നടത്തുന്ന സിറാജിന് സ്ഥിരത ഇല്ലെന്നുള്ളതാണ് ആകെയുള്ള പ്രശ്‌നം.