ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് ഗാബയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ആദ്യ സെക്ഷനിലെ മൂന്നാം ദിനത്തില്‍ ഓസീസിനെ 445 റണ്‍സിന് തളച്ച ഇന്ത്യ ബാറ്റിങ്ങിന് ഇറങ്ങിയിരിക്കുകയാണ്. എന്നാല്‍ വമ്പന്‍ തിരിച്ചടിയാണ് ഇന്ത്യയ്ക്ക് നേരിടേണ്ടി വന്നത്. 7.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 22 റണ്‍സാണ് ഇന്ത്യ നേടിയത്.
ഓപ്പണറായ യശസ്വി ജെയ്‌സ്വാളും (2 പന്തില്‍ 4) വണ്‍ ഡൗണ്‍ ബാറ്റര്‍ ശുഭ്മന്‍ ഗില്ലും (3 പന്തില്‍ 1) വിരാട് കോഹ്‌ലിയും (16 പന്തില്‍ 3) ഏഴ് ഓവര്‍ പൂര്‍ത്തിയാകും മുന്നെ പുറത്തായിരിക്കുകയാണ്. ഓസീസ് ഉയര്‍ത്തിയ കൂറ്റന്‍ സ്‌കോര്‍ മറികടക്കണമെങ്കില്‍ ഏറെ നേരം ക്രീസില്‍ നില്‍ക്കേണ്ട ടോപ് ഓര്‍ഡര്‍ വന്‍ തകര്‍ച്ചയാണ് നേരിടുന്നത്.
നിര്‍ണായക മത്സരത്തില്‍ ജെയ്‌സ്വാളിന്റെയും ശുഭ്മന്‍ ഗില്ലിന്റെയും വിക്കറ്റ് വീഴ്ത്തിയത് മിച്ചല്‍ സ്റ്റാര്‍ക്കാണ്. മിച്ചല്‍ മാര്‍ഷിന്റെ കയ്യിലെത്തിച്ചാണ് ഇരുവരേയും സ്റ്റാര്‍ക്ക് പറഞ്ഞയച്ചത്. സ്റ്റാര്‍ ബാറ്റര്‍ വിരാടിനെ ഹേസല്‍വുഡ് അലക്‌സ് കാരിയുടെ കയ്യിലെത്തിക്കുകയായിരുന്നു.
ഇതോടെ ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ വിരാടിനെ ഏറ്റവും കൂടുതല്‍ തവണ പുറത്താക്കുന്ന ബൗളര്‍ എന്ന നേട്ടം സ്വന്തമാക്കാനും ഹേസല്‍വുഡിന് സാധിച്ചു. 29 മത്സരങ്ങളിലായി 11 തവണയാണ് താരം വിരാടിനെ പുറത്താക്കിയത്. ഈ നേട്ടത്തില്‍ ന്യൂസിലാന്‍ഡ് ബൗളര്‍ ടിം സൗത്തിയുടെ ഒപ്പമെത്താനും താരത്തിന് സാധിച്ചു.
ജോഷ് ഹേസല്‍വുഡ് – 11 – 29
ടിം സൗത്തി – 11 – 37
മൊയീന്‍ അലി – 10 – 41
ജെയിംസ് ആന്‍ഡേഴ്‌സന്‍ – 10 – 37
നിലവില്‍ ഇന്ത്യ വലിയ സമ്മര്‍ദ ഘട്ടത്തിലാണ്. ടോസ് നേടി ഓസീസിനെ ബാറ്റിങ്ങിന് അയച്ച മുതല്‍ ഇന്ത്യയ്ക്ക് കണ്ടക ശനിയാണ്. ഗാബയില്‍ ആദ്യ ബാറ്റ് ചെയ്യുന്നവര്‍ക്ക് ഗുണം ചെയ്യുകയും പിന്നീട് പിച്ച് ബൗളര്‍മാര്‍ക്ക് അനുകൂലമാകുകയും ചെയ്യും. നിലവില്‍ ശേഷിക്കുന്ന ദിനം ഇന്ത്യ ഓള്‍ ഒൗട്ട് ആകാതെ ക്രീസില്‍ നിന്നാല്‍ മാത്രമേ സമനിലയെങ്കിലും പിടിക്കാന്‍ കഴിയൂ.
ആദ്യം ബാറ്റ് ചെയ്ത കങ്കാരുക്കള്‍ക്ക് വേണ്ടി ഗാബയില്‍ മിന്നും പ്രകടനമാണ് ട്രാവിസ് ഹെഡും സ്റ്റീവ് സ്മിത്തും കാഴ്ചവെച്ചത്. ഇരുവരും സെഞ്ച്വറി നേടിയാണ് തിളങ്ങിയത്. ബാക് ടു ബാക് സെഞ്ച്വറി നേടിയാണ് ഓസീസ് സൂപ്പര്‍ താരം ട്രാവിസ് ഹെഡ് ഇന്ത്യയ്ക്ക് തലവേദനയായത്.
160 പന്തില്‍ നിന്ന് 18 ഫോര്‍ ഉള്‍പ്പെടെ 152 റണ്‍സ് നേടാനാണ് താരത്തിന് സാധിച്ചത്. സ്റ്റീവ് സ്മിത് 190 പന്തില്‍ 12 ഫോര്‍ ഉള്‍പ്പെടെ 101 റണ്‍സ് നേടിയാണ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഇതോടെ തന്റെ 33ാം ടെസ്റ്റ് സെഞ്ച്വറി പൂര്‍ത്തിയാക്കാനും സ്മിത്തിന് സാധിച്ചു.
ഇന്ത്യയ്ക്ക് വേണ്ടി ആദ്യ ഇന്നിങ്‌സില്‍ ബൗളിങ്ങില്‍ മിന്നും പ്രകടനം കാഴ്ചവെച്ചത് ജസ്പ്രീത് ബുംറയാണ്. ആറ് വിക്കറ്റുകള്‍ സ്വന്തമാക്കിയ താരം ടെസ്റ്റ് കരിയറില്‍ 12ാം ഫൈഫറും നേടി. മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റും ആകാശ് ദീപ് നിതീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ ഓരോ വിക്കറ്റും നേടി.
Content Highlight: Josh Hazelwood In Great Record Achievement Against Virat Kohli